188 പേജ് ഉള്ള പുസ്തകത്തിൻറെ pdf ആണ് പ്രചരിച്ചത്.
വയനാട്ടിലെയും ചേലക്കരയിലെയും ഉപതിരഞ്ഞെടുപ്പിന്െണ്റ പോളിങ് ദിനത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കി ഒരു 'ആത്മകഥ'. മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം മുതിര്‍ന്ന നേതാവുമായ ഇപി ജയരാജന്റേത് എന്ന രീതിയില്‍ പ്രചരിക്കുന്ന 'കട്ടന്‍ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പുസ്തകമാണ് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതും, ബിജെപിയില്‍ ചേരാന്‍ ശോഭാ സുരേന്ദ്രനെ കണ്ടതും പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ കോണ്‍ഗ്രസ് നേതാവ് പി സരിനെ സിപിഎം പരിഗണിച്ചതുമടക്കമുള്ളവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് ഇപിയുടെ ആത്മകഥയെന്ന നിലയില്‍ പ്രചരിക്കുന്ന പുസ്തകഭാഗങ്ങളിലുള്ളത്.
ഇ.പി.ജയരാജന്റെ ആത്മകഥയെന്ന പേരിൽ പ്രചരിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ:
തൃശൂർ ഗസ്റ്റ് ഹൗസിലും ഡൽഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനോടൊപ്പം ബിജെപി നേതാക്കളുമായി ചർച്ച നടത്തി എന്നാണ് അവർ ആവർത്തിച്ചു പറയുന്നത്. ഒരു തവണ മാത്രമാണ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിനിടെയാണത്. അതിനു മുൻപോ ശേഷമോ ഫോണിൽപോലും സംസാരിച്ചിട്ടില്ല. മകനെ എറണാകുളത്ത് വച്ച് ഒരു വിവാഹചടങ്ങിനിടെ കണ്ടപ്പോൾ ശോഭ സുരേന്ദ്രൻ ഫോൺ നമ്പർ വാങ്ങിയിരുന്നു. ഒന്നും രണ്ടു തവണ ശോഭ വിളിച്ചെങ്കിലും മകൻ ഫോണെടുത്തില്ല.
മകന്റെ ഫോണിലേക്കാണ് ജാവഡേക്കർ വിളിച്ചത്. അച്ഛൻ അവിടെ ഉണ്ടോ എന്നു ചോദിച്ചു. അൽപം കഴിയുന്നതിനു മുൻപ് ഫ്ലാറ്റിലെത്തി. ഈ വഴി പോയപ്പോൾ കണ്ടുകളയാമെന്നു കരുതിയാണ് വന്നതെന്നു പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റിൽ കൂടുതൽ കൂടിക്കാഴ്ച നീണ്ടുനിന്നില്ല.
എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടതിൽ പ്രയാസം മറച്ചു വയ്ക്കുന്നില്ലെന്ന് ഇ.പി പറയുന്നു. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി മനസ്സിലാക്കാത്തതിലാണു പ്രയാസം. അന്തിമ തീരുമാനം ഉണ്ടാകേണ്ടതു കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
അവസരവാദ രാഷ്ട്രീയത്തെക്കുറിച്ചു പറയുമ്പോൾ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയുടെ കാര്യവും ചർച്ചയാകും. ഡോ.പി.സരിൻ തലേദിവസം വരെ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോൾ മറുകണ്ടം ചാടി. ശത്രുപാളയത്തിലെ വിള്ളൽ മുതലെടുക്കണമെന്നതു നേര്. സ്വതന്ത്രൻ പല ഘട്ടങ്ങളിലും പ്രയോജനപ്പെട്ടിട്ടുണ്ട്. വയ്യാവേലിയായ സന്ദർഭങ്ങളും നിരവധി. പി.വി.അൻവർ അതിലൊരു പ്രതീകമാണ്.
വിവാദ ദല്ലാൾ വിഷയത്തിലും ഇ പി തുറന്നെഴുതിയിരിക്കുന്നു. ശോഭാ സുരേന്ദ്രനെ കണ്ടത് ഒരു പ്രാവശ്യം മാത്രമാണെന്നും എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പാർട്ടി തന്നെ കേൾക്കാതെയാണെന്നും ഇപി എഴുതുന്നു. താൻ ഇല്ലാത്ത സെക്രട്ടേറിയേറ്റിലാണ് തന്നെ നീക്കുന്ന കാര്യം ചർച്ച ചെയ്യുന്നത്. പാർട്ടി മനസിലാക്കിയില്ല എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ പ്രയാസം. കേന്ദ്രകമ്മിറ്റിയാണ് തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് എന്നിരിക്കെ, പാർട്ടി സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം അണികൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ഇപി തുറന്നെഴുതുന്നു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വലിയ രീതിയിൽ ചർച്ചയാക്കിയത്, അതും ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാകെ തന്നെ ചർച്ചയാക്കിയതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് എന്നും ഇപി എഴുതുന്നു.
ദേശാഭിമാനി പത്രം സാന്റിയാഗോ മാർട്ടിനിൽ നിന്ന് പരസ്യവും ബോണ്ടും വാങ്ങിയത് പാർട്ടിയെ അറിയിച്ച ശേഷമായിരുന്നുവെന്നും ഇ പി എഴുതുന്നുണ്ട്. എന്നാൽ വി എസ് തനിക്കെതിരെ ഇത് ആയുധമാകുകയാണുണ്ടായത്. വിഭാഗീയതയുടെ കാലത്ത് വലിയ രീതിയിൽ പലരും തനിക്കെതിരെ ഈ വിഷയം എടുത്തിട്ടു. തന്നെ താറടിച്ചുകാണിക്കാൻ ശ്രമിച്ചുവെന്നും ഇ പി എഴുതുന്നു.
അതേസമയം പോളിങ് ദിനത്തിൽ ഇടതുമുന്നണിയെ വെട്ടിലാക്കിയ ആത്മകഥാ വിവാദത്തോട് പ്രതികരിച്ച് മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ആത്മകഥയിലേതായി ബുധനാഴ്ച പുറത്തുവന്ന വിവരങ്ങൾ അദ്ദേഹം പൂർണമായും തള്ളി. 'ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂർത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല' - ഇ.പി വ്യക്തമാക്കി.
'ബുധനാഴ്ച പുറത്തുവന്നിട്ടുള്ള ഒരു കാര്യവും ഞാൻ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങളാണ് ഇന്ന് വാർത്തയായി കാണുന്നത്. തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരായി വാർത്ത സൃഷ്ടിക്കുന്നതിന് വേണ്ടി ബോധപൂർവം ചെയ്തതാണ് ഇത്. എന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ കാര്യം മനസ്സിലാകും.കട്ടൻചായയും പരിപ്പുവടയും എന്നാണ് തലക്കെട്ടെന്ന് പറയുന്നു. ഞാൻ ആത്മകഥയ്ക്ക് അങ്ങനെയൊരു പേരിടുമോ എന്നും ഇ.പി ചോദിച്ചു.
മാതൃഭൂമിയും ഡി.സി ബുക്സും പുസ്തകം പ്രസിദ്ധീകരിക്കാൻ ചോദിച്ചിരുന്നു. ആലോചിച്ചിട്ട് പറയാം എന്നാണ് ഇവരോട് പറഞ്ഞത്. രാവിലെ പുറത്തുവന്ന കവർ ഞാൻ ഇന്ന് ആദ്യമായി കാണുകയാണ്. പുസ്തകം എഴുതി പൂർത്തീകരിച്ചിട്ടില്ല. സ്ഥാനാർഥികളെക്കുറിച്ചുള്ള പരാമർശം ബോധപൂർവം സൃഷ്ടിച്ചതാണ്.'ഡി.സി ബുക്സിന്റെ സൈറ്റിൽ പുസ്തകത്തെപ്പറ്റിയുള്ള കാര്യം എങ്ങിനെ വന്നു എന്ന് അറിയില്ല. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഡി.സി.യുമായി ഒരു കരാറുമില്ല. ആരാണ് ഇവരെ ചുമതലപ്പെടുത്തിയത്. ഇവർക്ക് എങ്ങിനെ കോപ്പി ലഭിച്ചു. ഡി.സി. എങ്ങിനെയാണ് കൊടുത്തത് എന്ന് അറിയില്ല. ഞാൻ അവരുമായി ബന്ധപ്പെട്ടപ്പോൾ അന്വേഷിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. കൃത്യമായ മറുപടി അവർ തന്നില്ല', ഇ.പി. ജയരാജൻ പറഞ്ഞു.
വിവാദങ്ങൾക്കിടെ കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജൻ്റെ പുസ്തകത്തിന്റെ പ്രസാധനം ഡി സി ബുക്സ് നീട്ടിവച്ചു. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് പ്രസിദ്ധീകരണം നീട്ടി വച്ചിരിക്കുന്നു എന്നാണ് ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ പ്രസാധകരായ ഡി സി ബുക്സ് അറിയിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും വിവാദത്തിൽ ഡി സി ബുക്സ് ഈ കുറിപ്പിൽ പ്രതികരിച്ചിട്ടുണ്ട്.പുസ്തകം ഇന്ന് മുതൽ വിറ്റഴിക്കണമെന്ന് സ്റ്റോറുകൾക്ക് നൽകിയിരുന്ന നിർദേശം ഡിസി ബുക്ക്സ് പിൻവലിച്ചു. അതേസമയം പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇ പി ജയരാജൻ ഡി സി ബുക്സുമായി കരാർ ഒപ്പിട്ടിരുന്നുവെന്നാണ് പ്രസാധകർ പറയുന്നത്. പുസ്തകത്തിൻ്റെ പ്രസാധന അവകാശം ഡിസിക്ക് തന്നെയാണെന്ന് പ്രസാധക കമ്പനി അധികൃതർ പറഞ്ഞു. എന്നാൽ പരസ്യ പ്രതികരണത്തിന് ഡി സി ബുക്സ് തയ്യാറായിട്ടില്ല.
