ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് സമയം ഔദ്യോഗികമായി അവസാനിച്ചു. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. വയനാട്ടിൽ കള്ള വോട്ട് ചെയ്യുന്ന സംഭവവും ഉണ്ടായി.
ചിലയിടങ്ങളിൽ ടോക്കൺ നൽകിയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.വയനാട്ടിൽ 64. 54% വും, ചേലക്കരയിൽ 72. 54%വും പോളിങ്ങ്.ചേലക്കര മണ്ഡലത്തിലെ പുലാക്കോട് എഎല്‍പി സ്കൂളില്‍ ബൂത്ത് 88ല്‍ വന്‍ തിരക്കാണ് ആറ് മണി കഴിഞ്ഞും ദൃശ്യമായത്. സമയം അവസാനിച്ചിട്ടും നിരവധി പേരാണ് വോട്ട് ചെയ്യാനായി കാത്തുനിന്നത്.
ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പില്‍ 72.5 ശതമാനമാണ് പോളിങ്. 2021 ചേലക്കരയില്‍ 77.40 ശതമാനമായിരുന്നു പോളിങ്.വയനാട്ടില്‍ 2019ല്‍ 80 ശതമാനവും 2024ല്‍ 74.74 ശതമാനവുമായിരുന്നു പോളിങ്. വയനാട്ടിലെ പോളിങ്ങില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് യുഡിഎഫിന് തിരിച്ചടിയാണ്. എന്നാല്‍, എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്നാണ് യുഡിഎഫ് വാദം. അതേസമയം, ചേലക്കരയില്‍ മിക്ക ബൂത്തുകളിലും ഏഴുപതി ശതമാനത്തിനു മുകളില്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് രാവിലെ ഏഴിന് കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണന് പാമ്പാടി സ്കൂളിലെ 116-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് മണ്ഡലത്തിൽ വോട്ടില്ല. വയനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്കും യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾക്കും മണ്ഡലത്തിൽ വോട്ടില്ല.
വയനാട് മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ബൂത്തിൽ കള്ളവോട്ട് നടന്നതായി റിപ്പോർട്ട് പുറത്തുവന്നു. നബീസ അബൂബക്കർ എന്നയാളുടെ വോട്ടാണ് മറ്റൊരാൾ മാറി ചെയ്തത്. 168 ആം നമ്പർ ബൂത്തിൽ ഇവർ വോട്ട് ചെയ്യാൻ അഞ്ചുമണിയോടെ എത്തിയെങ്കിലും മറ്റൊരാൾ വോട്ട് ചെയ്തു എന്ന വിവരമറിഞ്ഞതോടെ മടങ്ങുകയായിരുന്നു.
രാവിലെ കോഴിക്കോട് കൂടരഞ്ഞിയിൽ വോട്ടിങ് മെഷീൻ തകരാറിലായത് പോളിങിനെ തടസപ്പെടുത്തിയിരുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് എൽപി സ്കൂളിലെ ബൂത്ത് 86ലാണ് പ്രശ്നം നേരിട്ടത്. പുതിയ മെഷീനെത്തിച്ച് 8 മണിയോടെ ഇവിടെ പോളിങ് പുനരാരംഭിച്ചു. കോഴിക്കോട് പുതുപ്പാടി സ്കൂളിലെ 26ാം നമ്പർ ബൂത്തിലും വി വി പാറ്റ് മെഷീൻ കേടായത് റിപ്പോർട്ട് ചെയ്തിരുന്നു. പോളിങ് പുതിയ വി വി പാറ്റ് മിഷീൻ കൊണ്ടുവന്ന ശേഷം പുനരാരംഭിച്ചു. ചേലക്കരയിലെ 116ാം നമ്പർ ബൂത്തിലും വോട്ടിങ് മെഷീനിലെ പ്രശ്നങ്ങൾ കാരണം പോളിങ് വൈകിയാണ് തുടങ്ങിയത്.
വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും, 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏര്‍പ്പെടുത്തിയിരുന്നു.എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് മണ്ഡലത്തിലെ വിവിധയിടങ്ങില്‍ ഒരുക്കിയിരിക്കുന്നത്. എന്‍.സി.സി, എസ്.പി.സി തുടങ്ങി 2,700 അധിക പൊലീസ് സേനയെ മണ്ഡലത്തിൽ വിന്യസിച്ചിരുന്നു.


