![]() |
| പ്രതീകാത്മക ചിത്രം |
സൂപ്പർനോവ സ്ഫോടനത്തിലേക്ക് വെള്ളക്കുള്ളൻ നക്ഷത്രം എത്തുന്നതായി ഗവേഷകർ.അധികം വൈകാതെ ഭൂമിയില്‍നിന്ന് നോക്കിയാല്‍ ഒരു സൂപ്പര്‍ നോവ (നക്ഷത്ര വിസ്ഫോടനം)കൂടി കാണാനാകുമെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍നിന്ന് 10,000 പ്രകാശവര്‍ഷങ്ങള്‍ക്കകലെ, അടുത്തുള്ള നക്ഷത്രത്തെ ആര്‍ത്തിയോടെ തിന്നു കൊണ്ടിരിക്കുന്ന വി സാഗിറ്റേ എന്ന വെള്ളക്കുള്ളന് നക്ഷത്രത്തിന്റെ അന്ത്യമാണ് ഇങ്ങ് ഭൂമിയില്‍ പകല്‍ സമയത്തും ദൃശ്യമാകുക.
12.3 മണിക്കൂറെടുത്ത് പരസ്പരം പരിക്രമണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങളാണ് വി സാഗിറ്റേയും സഹനക്ഷത്രവും. ഇതില്‍ ഒരു നക്ഷത്രം മറ്റൊന്നിന്റെ ദ്രവ്യത്തെ ഭക്ഷിക്കുകയാണെന്ന് അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിരുന്നു. ഈ പഠനം ജേണല്‍ മന്തി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.ചിലിയിലെ യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയിലുള്ള അതിശക്തമായ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് ഈ നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള വാതകവലയം പഠിച്ചപ്പോഴാണ് വി സാഗിറ്റേക്ക് സഹന ക്ഷത്രത്തിന്റെ ദ്രവ്യം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് കണ്ടെത്തിയത്. ഇത് തുടര്‍ന്നാല്‍ വരുംവര്ഷങ്ങളില്ത്തന്നെ നക്ഷത്രം പൊട്ടിത്തെറിക്കുമെന്നാണ് കണ്ടെത്തല്‍.
More read തമോഗര്‍ത്ത വിസ്ഫോടനം കാണാൻ 90% സാധ്യത
1902ൽ ആണ് വി സജിറ്റേയെ കണ്ടെത്തിയത്. സഹചാരി നക്ഷത്രത്തിൽ നിന്ന് വലിയ തോതിൽ പദാർഥം വലിച്ചെടുക്കുന്നതു കാരണം വളരെ തിളക്കമുള്ളതാണ് ഈ നക്ഷത്രം. പ്രപഞ്ചത്തിൽ നക്ഷത്രങ്ങളുടെ അന്ത്യദശയിലാണ് സൂപ്പർനോവ വിസ്ഫോടനങ്ങൾ നടക്കുന്നത്.
എഡി 1054 യിൽ ഇത്തരമൊരു വിസ്ഫോടനം ചൈനീസ് വാനനിരീക്ഷകർ നേരിൽ കാണുകയും രേഖപ്പെടുത്തുകയും ചെയ്തു. സൂപ്പർനോവ വിസ്ഫോടനത്തിനു ശേഷം അവശേഷിക്കുന്ന പൊടിപടലങ്ങളും മറ്റും നെബുലയെന്നറിയപ്പെടുന്നു. ഇന്നത്തെ ക്രാബ് നെബുലയ്ക്ക് കാരണമായത് 1054ൽ നടന്ന സൂപ്പർനോവ വിസ്ഫോടനമാണെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
സൂപ്പർനോവ വിസ്ഫോടനങ്ങൾ പൊതുവെ രണ്ടുതരമാണ്. തെർമോന്യൂക്ലിയറും അയൺ ഓർ കൊളാപ്സുമാണ് ഇവ. ഒരു വെള്ളക്കുള്ളൻ നക്ഷത്രം മറ്റൊരു നക്ഷത്രത്തിൽ നിന്നു പിണ്ഡമുൾക്കൊണ്ട ശേഷം പൊട്ടിത്തെറിക്കുന്നതാണ് തെർമോ ന്യൂക്ലിയർ സൂപ്പർനോവ. അയൺ ഓർ സൂപ്പർനോവ ഉണ്ടാകുന്നത്, സൂര്യന്റെ പത്തുമടങ്ങു പിണ്ഡമുള്ള ഒരു അതിപിണ്ഡനക്ഷത്രം ഇന്ധനം തീർന്ന് അതിന്റെ ഉൾക്കാമ്പ് തകരുമ്പോഴാണ്. അയൺ ഓർ കൊളാപ്സ് രീതിയിൽ സൂപ്പർനോവ വിസ്ഫോടനം നടന്നാൽ ഒന്നുകിൽ തമോഗർത്തമോ അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രമോ ഉണ്ടാകും.
അപൂർവമെങ്കിലും മൂന്നാമതൊരു തരം സൂപ്പർനോവ വിസ്ഫോടനവുമുണ്ട്. ഇലക്ട്രോൺ ക്യാപ്ചർ സൂപ്പർനോവ എന്നാണ് ഇതിനു പേര്. 1054 എഡിയിൽ ഉണ്ടായ സൂപ്പർനോവ വിസ്ഫോടനം ഈ രീതിയിലുള്ളതാണെന്നു കരുതപ്പെടുന്നു. ഇത്തരം നക്ഷത്രങ്ങളുടെ ഉൾക്കാമ്പിലുള്ള ഇലക്രോണുകൾ നഷ്ടമാകുന്നത് ഉൾഭാഗം തകർന്ന് നക്ഷത്രം പൊട്ടിത്തെറിക്കാൻ ഇടയാക്കും.
