സിദ്ധാന്തങ്ങളിലും ശാസ്ത്രത്തിൻറെ ഭാഷയിലും മാത്രം പറഞ്ഞു കേട്ടിട്ടുള്ള തമോഗർത്തം പൊട്ടിത്തെറിക്കുന്നത് 10 വർഷത്തിനുള്ളിൽ ഒരുപക്ഷേ മനുഷ്യനെ കാണാം.
മനുഷ്യന് അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ഒരു തമോഗർത്ത വിസ്ഫോടനം (Black hole explosion) കാണാനുള്ള ഭാഗ്യമുണ്ടായേക്കുമെന്ന് ശാസ്ത്രജ്ഞർ. 90 ശതമാനം സാധ്യതയാണ് ഇതിന് അവർ നൽകുന്നത്. പ്രപഞ്ചത്തെ സൃഷ്ടിക്കുന്ന തമോദ്രവ്യം പോലുള്ള അജ്ഞാത കണികകളെ പഠിക്കാൻ കഴിയുമെന്നതിനാൽ, ഇങ്ങനെ ഒരു സ്ഫോടനം പ്രപഞ്ചത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതുമെന്ന് ആംഹെർസ്റ്റിലെ മസാച്യുസെറ്റ്സ് സർവകലാശാലയിലെ ഗവേഷകർ വിശ്വസിക്കുന്നു.
ഇതുവരെ സിദ്ധാന്തം മാത്രമായിരുന്ന Primordial Blackhole (പ്രൈമോർഡിയൽ തമോഗർത്തം) ൻറെ ശക്തമായ തെളിവായിരിക്കും ഈ സ്ഫോടനമെന്ന് ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 1970-ൽ സ്റ്റീഫൻ ഹോക്കിങാണ് പിബിഎച്ച് എന്ന ആശയം അവതരിപ്പിച്ചത്. മഹാവിസ്ഫോടനത്തിന് സെക്കൻഡുകൾക്കുള്ളിലാണ് ഇത് സൃഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. പ്രൈമോഡിയൽ തമോഗർത്തങ്ങളെ കുറിച്ചുള്ള പഠനങ്ങളിലൂടെ മഹാവിസ്ഫോടനങ്ങളെ കുറിച്ചുള്ള കൂടുതൽ തെളിവുകൾ കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് സാധിച്ചേക്കും
തമോഗർത്ത സ്ഫോടനം എന്തായാലും ഈ ദശാബ്ദത്തിൽ സംഭവിക്കുമെന്ന് തങ്ങൾ അവകാശപ്പെടുന്നില്ലെന്നും 90% സാധ്യത മാത്രമാണുള്ളത്. അത് നിരീക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ നമുക്കുള്ളതിനാൽ നമ്മൾ തയ്യാറായിരിക്കണം. ആംഹെർസ്റ്റിലെ മസാച്യുസെറ്റ്സ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ മൈക്കൽ ബേക്കർ പറഞ്ഞു.
നക്ഷത്രത്തിൻറെ പരിണാമഘട്ടത്തിലെ ഒരവസ്ഥ (ശക്തമായ ഗുരുത്വബലത്തോടുകൂടി നക്ഷത്രങ്ങൾ തകർന്നടിയുമ്പോൾ ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുപോകാനാകാതെ വരുന്നതിനാൾ ഇരുട്ടിലിരിക്കുന്നതായി അവയെക്കുറിച്ചു നിരീക്ഷകനുതൊന്നുന്ന അവസ്ഥ, പരോക്ഷമായ മാർഗത്തിലൂടെയാണ് ഇവയുടെ സാന്നിധ്യം അറിയുന്നത്). അതായത് ഭൗതികശാസ്ത്രത്തിന്റെ ഒരു സിദ്ധാന്തങ്ങളും ഇതിന്റെ അടുത്ത ചെലവാകില്ല. ബ്ലാക്ക് ഹോളുകൾ അതിനു ചുറ്റുമുള്ള പ്രകാശവർഷങ്ങൾ നീണ്ടുകിടക്കുന്ന സ്പേസിൽ ചെലുത്തുന്ന സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ് ഇവയുടെ സ്ഥാനം കണ്ടെത്തുന്നത്.
കുറച്ചുനാളുകൾക്ക് മുൻപ് വിദൂരത്തൊരു താരാപഥത്തിന്റെ കേന്ദ്രഭാഗത്തുള്ള ആൻസ്കിയെന്ന തമോഗർത്തത്തെക്കുറിച്ച് കൗതുകകരമായ വിവരങ്ങൾ നൽകി നാസയുടെ ടെലിസ്കോപ്പുകൾ. അതീവ പിണ്ഡമുള്ള ഈ തമോഗർത്തം നീണ്ടനാളായി നിദ്രയിലായിരുന്നു. എന്നാൽ പൊടുന്നനെ സജീവമായ ഇത് ശക്തമായ എക്സ്റേ വികിരണങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങിയെന്നാണു നാസ കണ്ടെത്തിയത്.
അതിനു കാരണം സാധാരണ ഗതിയിൽ ഇത്തരം അവസരങ്ങളിൽ പുറപ്പെടുന്നതിനെക്കാൾ 100 മടങ്ങ് അധികം ഊർജം ആൻസ്കി പുറത്തുവിടുന്നെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.ഭൂമിയിൽ നിന്നു 30 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന തമോഗർത്തമാണ് ആൻസ്കി. ആൻസ്കിയുടെ എക്സ്റേ വികിരണങ്ങൾ സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നു ഗവേഷകർ പറയുന്നു. ഓരോ വികിരണവും നാലര ദിവസത്തോളം നീണ്ടുനിൽക്കും.
നാസയുടെ സ്വിഫ്റ്റ് എക്സ്റേ, ചന്ദ്ര, നൈസർ, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ എക്സ്എംഎം ന്യൂട്ടൻ തുടങ്ങിയ ടെലിസ്കോപ്പുകൾ ഉപയോഗിച്ചാണ് ഈ തമോഗർത്തത്തെ നിരീക്ഷിച്ചത്. തമോഗർത്തങ്ങൾ എന്ന പ്രപഞ്ച വസ്തുക്കൾ ഏറെ പ്രസിദ്ധമായവയാണ്. ഒരു വലിയ നക്ഷത്രം പല പരിണാമദശകളിലൂടെ കടന്നുപോകും. ഒടുക്കം സൂപ്പർനോവ വിസ്ഫോടനം എന്ന ഭീകര സ്ഫോടനത്തിനു ശേഷം നക്ഷത്രങ്ങൾ മരിക്കുകയും ഇവയിൽ ചിലത് തമോഗർത്തം അഥവാ ബ്ലാക്ഹോളായിമാറുകയും ചെയ്യും.
ചുറ്റുമുള്ള പദാർഥങ്ങളെയും ഊർജത്തെയും വലിച്ചെടുക്കാനും ഇവ വിരുതരാണ്. പ്രകാശം പോലും ഇവയിൽ നിന്ന് പുറത്തുവരില്ല. എന്നാൽ ബ്ലാക്ക് ഹോളുകളെ വലയം ചെയ്തിരിക്കുന്ന പ്രകാശത്തിൽ നിന്ന് ഇവയുടെ സാന്നിധ്യം മനസ്സിലാക്കാം.ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തമോഗർത്തം ഗയ്യ ബിഎച്ച്1 ആണ്. ഭൂമിയിൽ നിന്ന് 1560 പ്രകാശവർഷമകലെയാണ് സ്ഥിതി ചെയ്യുന്നത്.
സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് സജിറ്റേറിയസ് എ സ്റ്റാർ എന്ന അതിഭീമൻ തമോഗർത്തം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ചിത്രമെടുക്കാൻ ഗവേഷകർക്കു സാധിച്ചിരുന്നു.
ചന്ദ്രന്റെ ഉപരിതലത്തിലുള്ള കൊച്ചുകല്ലിന്റെ ചിത്രം ഭൂമിയിൽ നിന്നെടുക്കുന്നത്ര ദുഷ്കരമായ പ്രവൃത്തിയാണിതെന്ന് അന്ന് ശാസ്ത്രജ്ഞർ ഉപമിച്ചിരുന്നു.10,000 കോടിയിലധികം നക്ഷത്രങ്ങൾ ഉൾപ്പെടുന്നതാണ് സ്പൈറൽ ആകൃതിയിലുള്ള ആകാശഗംഗ. 10 കോടിയോളം തമോഗർത്തങ്ങൾ ഇതിലുണ്ട്. 1980ലാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ തമോഗർത്തം കണ്ടെത്തപ്പെട്ടതും ഇതിനു പേരു നൽകിയതും. സജിറ്റേറിയസ് എന്ന താരാപഥവുമായി അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ തമോഗർത്തത്തിന് ആ പേരു നൽകാനിടയായത്.
സജിറ്റേറിയസ് എ സ്റ്റാറിന്റെ കണ്ടെത്തലിന് റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്ക് പിൽക്കാലത്ത് നൊബേൽ സമ്മാനം ലഭിച്ചിരുന്നു.നക്ഷത്രങ്ങളുടെ പരിണാമദശയ്ക്കൊടുവിലെ സൂപ്പർനോവ വിസ്ഫോടനത്തിനു ശേഷം പിണ്ഡമേറിയ നക്ഷത്രങ്ങൾ തമോഗർത്തങ്ങളായി മാറാറുണ്ട്. എന്നാൽ ഇവയിൽ പലതും ശരാശരി, മധ്യനിര തമോഗർത്തങ്ങളാണ്.
അതീവ പിണ്ഡമുള്ള സൂപ്പർമാസീവ് ബ്ലാക്ഹോളുകൾ സംഭവിക്കുന്നതെങ്ങനെയെന്ന് ഇന്നും തർക്കവിഷയമാണ്. മധ്യനിരയിലുള്ള തമോഗർത്തങ്ങൾ ചുറ്റും നിന്നും പദാർഥത്തെയും ഊർജത്തെയും സ്വീകരിച്ച് വളരുന്നതാണ് ഇതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. രണ്ടോ അതിലധികമോ ശരാശരി തമോഗർത്തങ്ങൾ തമ്മിൽ കൂടിച്ചേർന്ന് സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകളാകുന്നതാണെന്നു മറ്റു ചില ശാസ്ത്രജ്ഞരും പറയുന്നു.
(ചിത്രം പ്രതീകാത്മകം)
