ജെൻസികളുടെ അമിതമായ സൗന്ദര്യ ശ്രദ്ധയും, ഇലക്ട്രോണിക് ഡിവൈസുകളുടെ ഉപയോഗവുമാണ് ഇതിന് കാരണം.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് 'ജെൻ സി ഏജിംഗ്' (Gen Z Aging). 1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും ജനിച്ച ഈ തലമുറയ്ക്ക്, അവരേക്കാൾ പ്രായമുള്ള മില്ലേനിയലുകളെക്കാൾ (Millennials) കൂടുതൽ പ്രായം തോന്നിക്കുന്നു എന്നാണ് പല പഠനങ്ങളും നിരീക്ഷിക്കുന്നത്. 30-കളിലും 40-കളിലും എത്തിയ മില്ലേനിയലുകൾ (1981-1996 കാലഘട്ടം) ഇപ്പോഴും അവരുടെ പ്രായത്തെ വെല്ലുന്ന ലുക്കിൽ തിളങ്ങുമ്പോൾ, 20-കളിൽ നിൽക്കുന്ന ജെൻ സി കുട്ടികൾക്ക് അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത് എന്തുകൊണ്ടാണെന്നത് ഗൗരവകരമായ ഒരു ചോദ്യമാണ് (Why Gen Z is aging faster). ഇത് വെറുമൊരു തോന്നലല്ലെന്നും ഇതിന് പിന്നിൽ ജീവിതരീതിയുമായി ബന്ധപ്പെടുത്തി കൃത്യമായ ശാസ്ത്രീയവും സാമൂഹികവുമായ കാരണങ്ങളുണ്ടെന്നുമാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ജെൻ സി തലമുറ മറ്റു പല കാര്യത്തിൽ എന്നപോലെ ചർമ്മസംരക്ഷണത്തിൽ അതീവ ശ്രദ്ധാലുക്കളാണെന്നത് ഒരു വസ്തുതയാണ്. എന്നാൽ ഈ അമിതമായ ശ്രദ്ധ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ റെറ്റിനോയിഡുകൾ (Retinoids), കെമിക്കൽ പീലുകൾ, ബേബി ബോട്ടോക്സ് പോലുള്ള ആധുനിക ചർമ്മ ചികിത്സകൾ എന്നിവ പരീക്ഷിക്കുന്നത് ഇവർക്കിടയിൽ സർവ്വസാധാരണമാണ്. മുതിർന്നവർ ഉപയോഗിക്കേണ്ട ഇത്തരം വീര്യമേറിയ ഉൽപ്പന്നങ്ങൾ കൗമാരപ്രായക്കാരിലും 20-കളുടെ തുടക്കത്തിലുള്ളവരിലും പ്രയോഗിക്കുമ്പോൾ, അത് ചർമ്മത്തിന്റെ സ്വാഭാവികമായ പ്രതിരോധ ശേഷിയെയും (Skin Barrier) കൊളാജനെയും നശിപ്പിക്കുന്നു. ഫലമോ, ചർമ്മം പെട്ടെന്ന് വലിയുകയും പ്രായം കൂടുതൽ തോന്നിപ്പിക്കുകയും ചെയ്യുന്നു അതായത് സ്വാഭാവികമായ രീതിക്ക് വിരുദ്ധമായുള്ള പ്രവർത്തനം.
More read GEN Z ക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടാൻ വൈക്ലബ്യം : എന്താണ് 'Posting Zero' ട്രെൻ്റ് ?
സാങ്കേതികവിദ്യയുമായുള്ള ഇവരുടെ അമിതമായ ബന്ധമാണ് മറ്റൊരു വില്ലൻ. മില്ലേനിയലുകൾ തങ്ങളുടെ കൗമാരകാലം പുറംലോകത്ത് ചെലവഴിച്ചപ്പോൾ, ജെൻ സി വളർന്നത് സ്മാർട്ട്ഫോണുകളുടെയും , സാമൂഹ്യമാധ്യമ ആപ്പുകളുടെയും (Social Media App), കമ്പ്യൂട്ടറുകളുടെയും സാന്നിധ്യത്തിലാണ്.1997-2012 കാലഘട്ടം. ഈ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം (Blue Light) ചർമ്മകോശങ്ങളിൽ ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്നു. സൂര്യപ്രകാശത്തിൽ നിന്നുള്ള ആഘാതം പോലെ തന്നെ ഇത് ചർമ്മത്തിലെ ഇലാസ്തികത നഷ്ടപ്പെടുത്തുകയും അകാല ചുളിവുകൾക്ക് കാരണമാവുകയും ചെയ്യുന്നു. രാത്രി വൈകിയുള്ള ഗാഡ്ജെറ്റ് ഉപയോഗം ഉറക്കത്തെ ബാധിക്കുന്നതും മുഖത്തെ പ്രസരിപ്പ് കുറയ്ക്കാൻ ഇടയാക്കുന്നുണ്ട്.
മാനസികമായ തളർച്ച അഥവാ 'ക്രോണിക് ഇമോഷണൽ ഫാറ്റിഗ്' (Chronic Emotional Fatigue) ഈ തലമുറ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. ആഗോള മഹാമാരികൾ, സാമ്പത്തിക അനിശ്ചിതത്വം, സോഷ്യൽ മീഡിയയിലെ മത്സരങ്ങൾ എന്നിവയ്ക്കിടയിലാണ് ഈ തലമുറ വളരുന്നത്. എപ്പോഴും പെർഫെക്റ്റ് ആയിരിക്കണമെന്ന സമ്മർദ്ദവും മറ്റുള്ളവരുമായുള്ള താരതമ്യവും ഇവരിൽ വലിയ രീതിയിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു. ഇത്തരം സമ്മർദ്ദ സാഹചര്യങ്ങളിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോൾ (Cortisol) ഹോർമോൺ ചർമ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും മുഖത്തെ തിളക്കം കെടുത്തി പ്രായക്കൂടുതൽ തോന്നിപ്പിക്കുകയും ചെയ്യുന്നു.
നേരെമറിച്ച്, മില്ലേനിയലുകൾക്ക് പ്രായപൂർത്തിയാകാൻ ആവശ്യമായ കൃത്യമായ സമയം ലഭിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. അവർ തെറ്റുകൾ വരുത്തിയും സാവധാനം കാര്യങ്ങൾ പഠിച്ചുമാണ് വളർന്നത്. ഇപ്പോൾ തങ്ങളുടെ 30-കളിലും 40-കളിലും അവർ സ്വയം പരിചരണത്തിനും (Self-care), തെറാപ്പിക്കും, ശാന്തമായ ജീവിതശൈലിക്കും വലിയ പ്രാധാന്യം നൽകുന്നു. ഈ മാനസിക സമാധാനവും ജീവിതശൈലിയിലെ മിതത്വവുമാണ് മില്ലേനിയലുകളുടെ മുഖത്തെ തിളക്കത്തിന് പിന്നിലെ രഹസ്യം (എല്ലാവരുടെയും കാര്യത്തിൽ അല്ല എന്നതും ഓർക്കണം, ജീവിതസാഹചര്യവും ഈ പറഞ്ഞവയുമായി ബന്ധപ്പെട്ട് കൂട്ടി വായിക്കണം) . അവർ കൃത്രിമമായ ചർമ്മ സംരക്ഷണത്തേക്കാൾ സ്വാഭാവികമായ ആരോഗ്യത്തിന് മുൻഗണന നൽകുന്നു.
യഥാർത്ഥത്തിൽ ജെൻ സിക്ക് പ്രായമാവുകയല്ല, മറിച്ച് അവർ അതിജീവനത്തിനായുള്ള ഓട്ടത്തിനിടയിൽ തളർന്നുപോവുകയാണ്. എല്ലാ ദിവസവും എല്ലാം തികഞ്ഞ രീതിയിൽ ജീവിക്കണമെന്ന നിർബന്ധം ഉപേക്ഷിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഇടയ്ക്ക് ഇന്റർനെറ്റിൽ നിന്ന് വിട്ടുനിൽക്കുന്നതും, ലളിതമായ സ്കിൻകെയർ രീതികൾ പിന്തുടരുന്നതും, മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടുന്നതും വലിയ മാറ്റമുണ്ടാക്കും. അകാല വാർദ്ധക്യത്തെ ചെറുക്കാൻ വിലകൂടിയ ക്രീമുകളേക്കാൾ പ്രധാനം ശാന്തമായ മനസ്സും ആരോഗ്യകരമായ ജീവിതരീതിയുമാണെന്ന് ഈ തലമുറ തിരിച്ചറിയേണ്ടിയിരിക്കുന്നു.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇതൊരു മെഡിക്കൽ നിർദ്ദേശമല്ല, സൗന്ദര്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെങ്കിൽ സംശയങ്ങൾക്കായി ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്.
(പ്രതീകാത്മക ചിത്രം എഐ നിർമ്മിതം)
