ജെൻസി തലമുറയിൽ പെട്ടവർ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ എല്ലാ നിരീക്ഷിക്കാറുണ്ട് പക്ഷേ പോസ്റ്റിടാൻ വയ്യ, ഇതൊരു ട്രെൻഡ് ആയി മാറി.
നേരം വെളുത്താൽ കിടന്നു തന്നെ മൊബൈലിൽ നോക്കുന്ന ശീലം ഇപ്പോഴത്തെ തലമുറയ്ക്ക് ഉണ്ട്, സമൂഹമാധ്യമങ്ങളുടെ കാലമല്ലേ അങ്ങനെയാ വരും. പക്ഷേ മറ്റു ചിലർ സമൂഹമാധ്യമങ്ങളിൽ (social media), ഉറക്കം ഉണർന്നാൽ ഉടൻ ഒരു ഗുഡ് മോർണിംഗ്, സ്റ്റാറ്റസ് ഇടൽ തീർന്നില്ല പറ്റുമെങ്കിൽ എഴുന്നേൽക്കുന്ന വീഡിയോ തന്നെ പോസ്റ്റ് രൂപത്തിൽ ഇട്ടു കളയും.
അത് ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആയിരിക്കില്ല എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും ഇങ്ങനെയൊക്കെ തന്നെയുള്ളവർ ഉണ്ട്. അപ്പോൾ ഒരു ചോദ്യം ഇങ്ങനെയൊക്കെ തന്നെയാണോ എല്ലാവരും, പ്രത്യേകിച്ച് ജെൻസി!. കാരണം ജെൻസിയുടെ (Gen Z) തലമുറയിൽ ആണല്ലോ മൊബൈൽ ഫോണുകൾ വ്യാപകമാകുന്നതും, പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും രൂപം കൊള്ളുന്നതും ഇന്നത്തെ പരുവത്തിലേക്ക് എത്തുന്നതും. അപ്പോഴാണ് തലക്കെട്ടിൽ പറഞ്ഞ കാര്യത്തിലേക്ക് ചോദ്യം പോകുന്നത്.
സോഷ്യൽ മീഡിയയിൽ എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്, എന്നാൽ സ്വന്തം പ്രൊഫൈലിൽ ഒന്നും പോസ്റ്റ് ചെയ്യുന്നില്ല. 'പോസ്റ്റിങ് സീറോ' (Posting Zero) എന്ന പേരിൽ ജെൻ സി തലമുറയ്ക്കിടയിൽ പടരുന്ന ഈ വിചിത്ര ട്രെൻഡ് (Gen Z Trends) ഇന്ന് ഡിജിറ്റൽ ലോകത്തെ ചർച്ചാവിഷയമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, വർഷങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിൽ പോലും പ്രൊഫൈലിൽ ഒരു പോസ്റ്റ് പോലും പങ്കുവെക്കാത്ത രീതിയാണിത്. മുൻപ് കഴിക്കുന്ന ഭക്ഷണം മുതൽ ധരിക്കുന്ന വസ്ത്രം വരെ നിമിഷനേരം കൊണ്ട് അപ്ഡേറ്റ് ചെയ്തിരുന്നവർ ഇന്ന് ഓൺലൈനിൽ പൂർണ്ണമായ നിശബ്ദത പാലിക്കാൻ ഇഷ്ടപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം ജെൻ സി തലമുറയാണ് ഈ പ്രവണതയ്ക്ക് പിന്നിൽ. എന്നാൽ ഇതിനർത്ഥം അവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല എന്നല്ല; മറിച്ച് മണിക്കൂറുകളോളം റീലുകളും മീമുകളും സ്ക്രോൾ ചെയ്യാനും മറ്റുള്ളവരെ നിരീക്ഷിക്കാനും സമയം കണ്ടെത്തുന്ന ഇവർ സ്വന്തം ജീവിതം പബ്ലിക് ആയി പങ്കുവെക്കാൻ മടിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.(Why Gen Z is stopped posting on social media)
സോഷ്യൽ മീഡിയ എന്നത് വ്യക്തികളെ ഒരു ബ്രാൻഡായി മാർക്കറ്റ് ചെയ്യുന്ന ഇടമായി മാറിയതാണ് ഇത്തരം ഒരു മടുപ്പിന് പ്രധാന കാരണം. പലർക്കും ഇത് ഒരു 'ജോലി' പോലെ കഠിനമായി അനുഭവപ്പെടുന്നു. ഒരു ഫോട്ടോ പങ്കുവെച്ചാൽ പിന്നെ ലൈക്കുകളും കമന്റുകളും എണ്ണിയിരിക്കണം, അൽഗോരിതത്തിന് അനുസരിച്ചുള്ള ട്രെൻഡിംഗ് പാട്ടുകൾ കണ്ടെത്തണം - ഈ മാനസിക ഭാരം ഒഴിവാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഫിനാൻഷ്യൽ ടൈംസ് 50 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തി അൻപതിനായിരം പേരിൽ നടത്തിയ സർവ്വെ പ്രകാരം സോഷ്യൽ മീഡിയ ഉപയോഗം പത്ത് ശതമാനത്തോളം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സോഷ്യൽ മീഡിയ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഗാർഡിയൻ റിപ്പോർട്ടുകൾ പ്രകാരം മൂന്നിൽ രണ്ട് യുവാക്കളും വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായി പലരും പബ്ലിക് അക്കൗണ്ടുകൾ ഒരു പ്രദർശന വസ്തുവായി മാത്രം നിലനിർത്തിക്കൊണ്ട് പേഴ്സണൽ പ്രൈവസിക്കും ഏസ്തറ്റിക്സിനും കൂടുതൽ പ്രാധാന്യം നൽകുന്നു.
എങ്കിലും ജെൻ സി സോഷ്യൽ മീഡിയയിൽ പൂർണ്ണമായും നിശബ്ദരാണെന്ന് കരുതുന്നത് തെറ്റാണ്. പബ്ലിക് അക്കൗണ്ടിൽ പോസ്റ്റുകൾ ഒന്നുമില്ലെങ്കിലും, 'ഫിൻസ്റ്റ' (Finsta) എന്നറിയപ്പെടുന്ന രഹസ്യ അക്കൗണ്ടുകൾ ഇവർക്കുണ്ടാകും. അടുത്ത സുഹൃത്തുക്കൾ മാത്രം അടങ്ങുന്ന ഈ പ്രൈവറ്റ് ഇടങ്ങളിൽ ഇവർ നൂറുകണക്കിന് പോസ്റ്റുകൾ (Ghost Posting) പങ്കുവെക്കാറുണ്ട്. ഇതിന് പുറമെ, സ്ഥിരമായ പോസ്റ്റുകൾക്ക് പകരം 24 മണിക്കൂറിന് ശേഷം ഡിലീറ്റ് ആയി പോകുന്ന 'സ്റ്റോറികൾ' വഴി വിശേഷങ്ങൾ പങ്കുവെക്കാനാണ് ഇവർ ഇപ്പോൾ കൂടുതൽ താല്പര്യപ്പെടുന്നത്. കൂടാതെ, സന്ദേശങ്ങൾ കൈമാറാൻ ഗ്രൂപ്പ് ചാറ്റുകളെയും വോയ്സ് നോട്ടുകളെയുമാണ് ഇവർ പ്രധാനമായും ആശ്രയിക്കുന്നത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും എല്ലാവർക്കും മുന്നിൽ തുറന്നു കാട്ടുന്നതിനേക്കാൾ, തങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ഒരു 'ലിമിറ്റഡ് ആക്സസ്' ജീവിതശൈലിയാണ് പോസ്റ്റിങ് സീറോയിലൂടെ ഇവർ മുന്നോട്ട് വെക്കുന്നത്.
"പോസ്റ്റിങ് സീറോ പ്രവണതയ്ക്ക് പിന്നിൽ കേവലം പ്രൈവസി മാത്രമല്ല, കൃത്യമായ ഒരു ഡിജിറ്റൽ വെൽബീയിംഗ് (Digital Wellbeing) തന്ത്രം കൂടിയുണ്ട്. ഓൺലൈനിലെ നിരന്തരമായ താരതമ്യങ്ങളും (Social Comparison) മറ്റുള്ളവരുടെ 'പെർഫെക്റ്റ്' ജീവിതം കണ്ട് ഉണ്ടാകുന്ന അപകർഷതാബോധവും ഒഴിവാക്കാൻ ഈ നിശബ്ദത അവരെ സഹായിക്കുന്നു. കൂടാതെ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒരു പോർട്ട്ഫോളിയോ പോലെ സൂക്ഷിക്കുന്നതിനേക്കാൾ, തങ്ങളുടെ താൽപ്പര്യങ്ങൾക്കും വിനോദങ്ങൾക്കുമായി മാത്രം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന 'ഡിജിറ്റൽ മിനിമലിസം' (Digital Minimalism) ഇവർക്കിടയിൽ സ്വാഭാവികമായി വളരുകയാണ്. പബ്ലിക് പോസ്റ്റുകൾ ഒഴിവാക്കുന്നതിലൂടെ അനാവശ്യമായ ജഡ്ജ്മെന്റുകളിൽ നിന്ന് രക്ഷപ്പെടാമെന്നും, ഇന്റർനെറ്റിൽ കൂടുതൽ സുരക്ഷിതരായിരിക്കാമെന്നും ഇവർ കരുതുന്നു. അതുകൊണ്ട് തന്നെ, വരും വർഷങ്ങളിൽ ലൈക്കുകൾക്കും വ്യൂസിനും വേണ്ടി മത്സരിക്കുന്നവരേക്കാൾ, ഡിജിറ്റൽ ലോകത്ത് അജ്ഞാതരായി (Anonymous) തുടരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തൽ."
ഈ കൂട്ടത്തിൽ തന്നെ കൂട്ടി വായിക്കേണ്ടതാണ് ആളുകൾ പബ്ലിക് ആയി കാര്യങ്ങൾ പങ്കുവെക്കാതെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയോ ഇൻസ്റ്റാഗ്രാം ഡി.എമ്മുകളിലൂടെയോ മാത്രം വിവരങ്ങൾ കൈമാറുന്ന രീതിയെ 'ഡാർക്ക് സോഷ്യൽ'(Dark Social) എന്നാണ് വിളിക്കുന്നത്. പോസ്റ്റിങ് സീറോ ട്രെൻഡിന്റെ മറ്റൊരു വശമാണിത്.
മുൻപ് ഇഷ്ടമുള്ളത് എന്തു നേരവും കാലവും നോക്കാതെ ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്തിരുന്നവർക്ക് ഇന്ന് അൽഗോരിതത്തിന്റെ നിയമങ്ങൾ (ഹാഷ്ടാഗുകൾ, ഓഡിയോ ട്രെൻഡുകൾ) അനുസരിക്കേണ്ടി വരുന്നത് സർഗ്ഗാത്മകതയെ ബാധിക്കുന്നു എന്നതും വസ്തുതയാണ്.
(ചിത്രം എ ഐ നിർമ്മിതം)
