കളിമൺ പാളികൾ ഒരു 'ടൈം ക്യാപ്സ്യൂൾ' പോലെ പ്രവർത്തിച്ചതുകൊണ്ടാണ് ഈ തന്മാത്രകൾ കോടിക്കണക്കിന് വർഷങ്ങളായി മണ്ണിൽ സുരക്ഷിതമായിരുന്നത്.
ക്യൂരിയോസിറ്റി റോവർ
Image credit : NASA
നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ (NASA's Curiosity Mars rover) നടത്തിയ അതീവ സങ്കീർണ്ണമായ രാസപരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ചൊവ്വയിലെ മണ്ണിൽ ജീവന്റെ അടിസ്ഥാന ഘടകങ്ങളായ ജൈവതന്മാത്രകളുടെ വലിയൊരു ശേഖരം തന്നെ ഗവേഷകർക്ക് ഈ പരീക്ഷണത്തിലൂടെ തിരിച്ചറിയാൻ സാധിച്ചു. 2020-ൽ ചൊവ്വയിലെ ഒരു പാറയിൽനിന്ന് റോവർ തുരന്നെടുത്ത സാംപിളുകൾ റോവറിനുള്ളിലെ ലബോറട്ടറിയിൽ ദീർഘകാലം പരിശോധിച്ച ശേഷമാണ് ഈ സുപ്രധാന വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചൊവ്വയിൽ (Mars)നിന്ന് ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും വൈവിധ്യമാർന്ന ജൈവ തന്മാത്രകളുടെ ശേഖരമാണിതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.ഈ പുതിയ പഠനത്തിന്റെ വിശദാംശങ്ങൾ 'നേച്ചർ കമ്മ്യൂണിക്കേഷൻസ്' (Nature Communications) എന്ന ശാസ്ത്ര ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തടാകങ്ങളും അരുവികളും നിലനിന്നിരുന്ന മൗണ്ട് ഷാർപ്പിലെ (Mount Sharp) കളിമൺ നിറഞ്ഞ പ്രദേശത്തുനിന്നാണ് ഈ സാംപിളുകൾ ശേഖരിച്ചത്. ബ്രിട്ടീഷ് ഫോസിൽ ഗവേഷകയായ മേരി ആനിങ്ങിന്റെ സ്മരണാർത്ഥം 'മേരി ആനിങ് 3' എന്ന് പേരിട്ടിരിക്കുന്ന സാംപിളിലാണ് ഈ കണ്ടെത്തലുകൾ നടന്നത്. കണ്ടെത്തിയ 21 കാർബൺ തന്മാത്രകളിൽ ഏഴെണ്ണം ചൊവ്വയിൽ ആദ്യമായാണ് കണ്ടെത്തുന്നത്. ഈ കളിമൺ പാളികൾ ഒരു 'ടൈം ക്യാപ്സ്യൂൾ' പോലെ പ്രവർത്തിച്ചതുകൊണ്ടാണ് ചൊവ്വയിലെ അതികഠിനമായ റേഡിയേഷനിലും ഓക്സിഡേഷനിലും നശിച്ചുപോകാതെ ഈ തന്മാത്രകൾ കോടിക്കണക്കിന് വർഷങ്ങളായി മണ്ണിൽ സുരക്ഷിതമായിരുന്നത്.
പുതിയതായി കണ്ടെത്തിയ തന്മാത്രകളിൽ ജനിതക വിവരങ്ങളുടെ അടിസ്ഥാനമായ ഡി.എൻ.എ., ആർ.എൻ.എ. എന്നിവയുടെ മുൻഗാമിയായി കണക്കാക്കപ്പെടുന്ന 'നൈട്രജൻ ഹെറ്ററോസൈക്കിൾ' ഉൾപ്പെടുന്നു എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. കൂടാതെ, സൗരയൂഥത്തിന്റെ ഉൽപ്പത്തി കാലത്ത് ഉൽക്കകളിലൂടെ ജീവന്റെ കണികകൾ വിതരണം ചെയ്യപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന 'ബെൻസോതയോഫീൻ'(Benzothiophene) എന്ന തന്മാത്രയും ഇതിലുണ്ട്. ഭൂമിയിലെ ഫോസിൽ ഇന്ധനങ്ങളിലും കൽക്കരിയിലും കാണപ്പെടുന്ന ഇത്തരം സങ്കീർണ്ണ തന്മാത്രകൾ ചൊവ്വയിൽ കണ്ടെത്തിയത് അവിടുത്തെ പുരാതന രാസപരിണാമ പ്രക്രിയകളുടെ ആഴം വ്യക്തമാക്കുന്നു. ഇതിനുപുറമെ, ജീവന്റെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അമോണിയയുടെയും ഫോസ്ഫറസ് സംയുക്തങ്ങളുടെയും സൂചനകളും ഈ റിപ്പോർട്ടിലുണ്ട്.
റോവറിനുള്ളിലെ 'സാംപിൾ അനാലിസിസ് അറ്റ് മാഴ്സ്' (SAM) എന്ന മിനി ലാബിൽ ടെട്രാമെഥൈൽ അമോണിയം ഹൈഡ്രോക്സൈഡ് (TMAH) എന്ന പ്രത്യേക ലായനി ഉപയോഗിച്ചുള്ള 'വെറ്റ് കെമിസ്ട്രി'(Wet Chemistry) പരിശോധനകളിലൂടെയാണ് ഈ തന്മാത്രകളെ വേർതിരിച്ചെടുത്തത്. റോവറിൽ ആകെ ഒൻപത് കപ്പുകൾ മാത്രമുള്ള ഇത്തരം ദ്രാവക പരീക്ഷണങ്ങളിൽ ഏഴാമത്തെ കപ്പാണ് ഈ പരീക്ഷണത്തിനായി ഉപയോഗിച്ചത്. പരീക്ഷണത്തിനായുള്ള സാംപിൾ തിരഞ്ഞെടുക്കുന്നതിലും രാസപ്രക്രിയകൾ നടത്തുന്നതിലും ശാസ്ത്രജ്ഞർ പുലർത്തിയ അതീവ ജാഗ്രതയാണ് ഈ വിജയത്തിന് പിന്നിൽ. ഏഴാമത്തെ കപ്പിലെ പരീക്ഷണം അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നായതിനാൽ, ഏറ്റവും അനുയോജ്യമായ സാംപിളിനായി ശാസ്ത്രജ്ഞർ വർഷങ്ങളോളം കാത്തിരുന്നു. 2020-ൽ ശേഖരിച്ച 'മേരി ആനിങ്' സാംപിൾ ഇതിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടതിനാലാണ് ഈ പരീക്ഷണം നടത്തിയത്.
ഈ തന്മാത്രകൾ ജൈവപ്രക്രിയയിലൂടെ (പുരാതന ജീവൻ) ഉണ്ടായതാണോ അതോ അഗ്നിപർവ്വത സ്ഫോടനങ്ങൾ പോലെയുള്ള ഭൂമിശാസ്ത്രപരമായ മാറ്റങ്ങളിലൂടെ ഉണ്ടായതാണോ എന്ന് ശാസ്ത്രജ്ഞർക്ക് ഇതുവരെ പൂർണ്ണമായി ഉറപ്പിക്കാനായിട്ടില്ല. എങ്കിലും, പുരാതന ചൊവ്വയിൽ ജീവൻ നിലനിൽക്കാൻ ആവശ്യമായ എല്ലാ രാസസാഹചര്യങ്ങളും ഉണ്ടായിരുന്നുവെന്ന് ഈ കണ്ടെത്തൽ ഒരിക്കൽ കൂടി ശരിവെക്കുന്നു. ഭാവിയിൽ ചൊവ്വയിൽ നിന്ന് സാംപിളുകൾ ഭൂമിയിലേക്ക് എത്തിക്കാനുള്ള (Mars Sample Return) ദൗത്യങ്ങൾക്കും മറ്റ് ഗ്രഹങ്ങളിലേക്കുമുള്ള പര്യവേഷണങ്ങൾക്കും ഈ പഠനം വലിയൊരു വഴികാട്ടിയാകും.
അതേസമയം മുമ്പ് ചൊവ്വയിൽ കണ്ടെത്തിയ ജൈവതന്മാത്രകളേക്കാൾ വളരെ സങ്കീർണ്ണമാണ് (Complex organic molecules) ഇപ്പോഴത്തെ കണ്ടെത്തൽ. ഇവ കേവലം മീഥേൻ വാതകം പോലെയല്ല, മറിച്ച് ജീവന്റെ വികാസത്തിന് ആവശ്യമായ വലിയ തന്മാത്രകളുടെ ശൃംഖലകളാണെന്ന് ഇപ്പോഴത്തെ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു.
More read ചൊവ്വയുടെ മണ്ണിൻറെ കാഴ്ച രാത്രിയിൽ ലൈറ്റ് അടിച്ചു നോക്കിയാൽ

