പകൽ വെളിച്ചത്തിൽ മാത്രം നിരീക്ഷിക്കാറുള്ള ചൊവ്വയുടെ ഉപരിതലം, രാത്രി കാഴ്ചയിലും വ്യക്തമായി പകർത്തി.
ക്യൂരിയോസിറ്റി പകർത്തിയ ചൊവ്വയുടെ ഉപരിതലത്തിന്റെ രാത്രി കാഴ്ച. Image credit - NASA
നമ്മൾ രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് ഉൾപ്പെടെയുള്ള പ്രകാശ സംവിധാനങ്ങൾ ഉപയോഗിക്കാറുണ്ട്, അങ്ങനെ രാത്രികാല ഭൂമിയുടെ അല്ലെങ്കിൽ മണ്ണിൻറെ കാഴ്ച നമുക്ക് പരിചിതമാണ്. അതു വരണ്ടതാണെങ്കിലും, നനവുള്ളതാണെങ്കിലും, ഇനി അഥവാ മഴ പെയ്തുകൊണ്ടിരിക്കുന്ന സമയത്ത് രാത്രി കാഴ്ചയാണെങ്കിലും എല്ലാവർക്കും അറിയാവുന്നതാണ്, ആ കാഴ്ച പകലിൽ നിന്ന് വ്യത്യസ്തവുമാണ്. എന്നാൽ ചൊവ്വായുടെ ഉപരിതലത്തിലെ (Mars Surface) കാഴ്ച അതായത് രാത്രിയിൽ ചൊവ്വയുടെ (Mars) മണ്ണിലേക്ക് ഒരു പ്രകാശം അടിച്ചാൽ എങ്ങനെയിരിക്കും?.
നാസയുടെ (NASA) ചൊവ്വാ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി റോവർ (Curiosity Rover), ചുവന്ന ഗ്രഹത്തിന്റെ മണ്ണിൻറെ അത്യപൂർവമായ ഒരു രാത്രികാല ദൃശ്യം പകർത്തിയിരിക്കുന്നു (Mars Night Photography). ഗ്രഹോപരിതലത്തിലെ ഭൗമഘടനകളെ കൂടുതൽ വ്യക്തമായി പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതാണ് ഈ പുതിയ ചിത്രം. സാധാരണയായി പകൽ വെളിച്ചത്തിൽ മാത്രം നിരീക്ഷിക്കാറുള്ള ചൊവ്വയുടെ ഉപരിതലം, ഇരുട്ടിലും ഇത്ര വ്യക്തമായി പകർത്തിയത് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
റോവറിന്റെ റോബോട്ടിക് ആമിൽ (Robotic Arm) ഘടിപ്പിച്ചിട്ടുള്ള പ്രത്യേക എൽഇഡി (LED) ലൈറ്റുകളുടെ സഹായത്തോടെയാണ് ഈ ചിത്രം എടുത്തത്. ചൊവ്വയിലെ ഇരുട്ടിൽ ഉപരിതലത്തെ പ്രകാശിപ്പിക്കാനായി 'മാഴ്സ് ഹാൻഡ് ലെൻസ് ഇമേജർ' (MAHLI -Mars Hand Lens Imager) എന്ന ക്യാമറയുടെ ഭാഗമായ ലൈറ്റുകളാണ് ഉപയോഗിച്ചത്. റോവറിന്റെ തലഭാഗത്ത് സ്ഥിതി ചെയ്യുന്ന 'മാസ്റ്റാക്യാം' (Mastcam) എന്ന രണ്ടാമത്തെ ക്യാമറയാണ് ഈ ദൃശ്യം ഒപ്പിയെടുത്തത്. ക്യൂരിയോസിറ്റി റോവർ ഉപരിതലത്തിൽ തുരന്ന ഒരു പാറയും ചിത്രത്തിൽ തെളിഞ്ഞു കാണാം.
ക്യൂരിയോസിറ്റി റോവർ . Image credit - NASA
ചൊവ്വയുടെ ഉപരിതലത്തിൽ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന ബോക്സ് വർക്സ്' (Boxwork) എന്നറിയപ്പെടുന്ന ജിയോളജിക്കൽ ഘടനകളെ കുറിച്ചുള്ള പഠനത്തിനിടയിലാണ് ഈ ചിത്രീകരണം നടന്നത്. ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ ഒരു കൂറ്റൻ ചിലന്തിവല പോലെ തോന്നിക്കുന്ന ഈ ഘടനകൾ (Boxwork structures), ചൊവ്വയുടെ ഭൂതകാലത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലസാന്നിധ്യത്തെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ നൽകുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പാറകൾക്കിടയിലൂടെ ഒഴുകിയിരുന്ന ധാതുക്കൾ നിറഞ്ഞ വെള്ളം ഉറഞ്ഞുകൂടിയാണ് ഇത്തരം രൂപങ്ങൾ ഉണ്ടായതെന്ന് കരുതപ്പെടുന്നു.
ക്യൂരിയോസിറ്റി റോവർ അതിന്റെ MAHLI (Mars Hand Lens Imager) ക്യാമറയിലെ വൈറ്റ് എൽഇഡികളും (White LEDs) യുവി എൽഇഡികളും (UV LEDs) ഉപയോഗിച്ച് രാത്രിയിൽ ചിത്രങ്ങൾ എടുക്കാറുണ്ട്.ഈ രാത്രികാല നിരീക്ഷണത്തിലൂടെ കൂടുതൽ വ്യക്തമായ ചില വിവരങ്ങൾ കൂടി ക്യൂരിയോസിറ്റി പങ്കുവെച്ചിട്ടുണ്ട്. സാധാരണ പകൽ വെളിച്ചത്തിൽ തിരിച്ചറിയാൻ പ്രയാസമുള്ള ചില ഫ്ലൂറസെന്റ് (Fluorescent) ധാതുക്കളുടെ സാന്നിധ്യം കണ്ടെത്താനാണ് ഈ എൽഇഡി വെളിച്ചം ഉപയോഗിക്കുന്നത്. ഇത്തരം ധാതുക്കൾ അൾട്രാവയലറ്റ് അല്ലെങ്കിൽ പ്രത്യേക പ്രകാശ കിരണങ്ങൾ തട്ടുമ്പോൾ തിളങ്ങുന്നവയാണ്. ഇത് ചൊവ്വയിലെ പാറകളുടെ രാസഘടനയെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള അറിവ് നൽകുന്നു. കൂടാതെ, റോവർ തുരന്ന പാറകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചപ്പോൾ, ഈ പ്രദേശത്ത് ഒരുകാലത്ത് ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായും സൂചനകളുണ്ട്.
ഭാവിയിൽ മനുഷ്യന് ചൊവ്വയിൽ വാസസ്ഥലം ഒരുക്കുന്നതിനുള്ള (Mars Colonization) ശ്രമങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഈ കണ്ടെത്തലുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (JPL) വികസിപ്പിച്ച ക്യൂരിയോസിറ്റി റോവർ, 2012 മുതൽ ചൊവ്വയിൽ സജീവമായി പര്യവേക്ഷണം നടത്തിവരികയാണ്. സാൻ ഡിയാഗോ ആസ്ഥാനമായുള്ള മാലിൻ സ്പേസ് സയൻസ് സിസ്റ്റംസ് (Malin Space Science Systems) ആണ് ഈ ശ്രദ്ധേയമായ ചിത്രങ്ങൾ പകർത്തിയ ക്യാമറകൾ നിർമ്മിച്ചത്.
ബോക്സ് വർക്സ് (Boxwork):
ഇത് ചൊവ്വയിലെ 'ഗെയ്ൽ ക്രേറ്ററിൽ' (Gale Crater) കണ്ടുവരുന്ന സങ്കീർണ്ണമായ ഒരു ഭൗമഘടനയാണ്. ഭൂമിയിലും ഇത്തരം ഘടനകൾ ഗുഹകളിലും മറ്റും കാണപ്പെടാറുണ്ട്. പഴയകാലത്ത് പാറകളിലെ വിള്ളലുകളിലൂടെ ജലം ഒഴുകി ധാതുക്കൾ അടിഞ്ഞുകൂടി ഉണ്ടായതാണ് ഇതെന്നാണ് നിഗമനം.

