അങ്ങനെ വിവരങ്ങൾ നഷ്ടമാകുമ്പോൾ മറ്റു ഉപകരണങ്ങൾക്ക് ആയുസ്സ് വർദ്ധിക്കാൻ ആവശ്യമായ ഊർജ്ജം ലഭ്യമാകും.
Photo credit: NASA
ഭൂമിയിൽ നിന്നും ഏറ്റവും ദൂരെയെത്തിയ മനുഷ്യനിർമ്മിത വസ്തുവായ വൊയേജർ 1-ന്റെ (Voyager-1) പ്രവർത്തനം കൂടുതൽ കാലം നിലനിർത്തുന്നതിനായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സുപ്രധാനമായ ഒരു
തീരുമാനം എടുത്തു. നിലവിൽ ഭൂമിയിൽ നിന്നും ഏകദേശം 2,400 കോടി (24 billion) കിലോമീറ്റർ അകലെ നക്ഷത്രാന്തര മേഖലയിലൂടെ (Interstellar Space) സഞ്ചരിക്കുന്ന വോയേജർ-1 പേടകത്തിലെ ലോ-എനർജി ചാർജ്ഡ് പാർട്ടിക്കിൾ (LECP) എന്ന ഉപകരണം നാസ ഓഫ് ചെയ്തു. വ്യാഴത്തെയും, ശനിയെയും കുറച്ചു പഠിക്കുന്നതിനായി 1977-ൽ വൊയേജർ 1 വിക്ഷേപിച്ചതു മുതൽ കഴിഞ്ഞ 49 വർഷമായി (48 വർഷം കഴിഞ്ഞ് 49 ആകുന്നു) ബഹിരാകാശത്തെ അയണുകൾ, ഇലക്ട്രോണുകൾ, കോസ്മിക് കിരണങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ശേഖരിച്ചിരുന്നത് ഈ ഉപകരണമായിരുന്നു.
പേടകത്തിന്റെ ഊർജ്ജസ്രോതസ്സായ റേഡിയോ ഐസോടോപ്പ് പവർ സിസ്റ്റത്തിൽ നിന്നുള്ള വൈദ്യുതി ഓരോ വർഷവും ഏകദേശം നാല് വാട്ട് വീതം കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിൽ ശേഷിക്കുന്ന ഊർജ്ജം ഉപയോഗിച്ച് പേടകത്തെ പരമാവധി കാലം പ്രവർത്തിപ്പിക്കാനാണ് നാസയുടെ ശ്രമം. ഇതിന്റെ ഭാഗമായി 2026 ഏപ്രിൽ 17-നാണ് ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ എഞ്ചിനീയർമാർ എൽഇസിപി (Low-Energy Charged Particles - LECP) ഓഫ് ചെയ്യാനുള്ള നിർദ്ദേശം നൽകിയത്. ഇതോടെ ദൗത്യത്തിന്റെ ആയുസ്സ് ഏകദേശം ഒരു വർഷം കൂടി നീട്ടാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു.
വിക്ഷേപണ സമയത്ത് പത്ത് ശാസ്ത്രീയ ഉപകരണങ്ങളാണ് വൊയേജറിൽ ഉണ്ടായിരുന്നത്. എന്നാൽ വൈദ്യുതി ലാഭിക്കുന്നതിനായി ഘട്ടംഘട്ടമായി ഇവ ഓരോന്നായി ഓഫ് ചെയ്യേണ്ടി വന്നു. നിലവിൽ പ്ലാസ്മ വേവ് ഡിറ്റക്ടർ, മാഗ്നറ്റോമീറ്റർ എന്നീ രണ്ട് ഉപകരണങ്ങൾ മാത്രമാണ് പേടകത്തിൽ സജീവമായിട്ടുള്ളത്. 'ബിഗ് ബാംഗ്' എന്ന പുതിയ പദ്ധതിയിലൂടെ ഊർജ്ജ ഉപഭോഗം കുറഞ്ഞ സംവിധാനങ്ങൾ കൊണ്ടുവരാൻ നാസ ശ്രമിക്കുന്നുണ്ട് പക്ഷേ അങ്ങനെ വരുമ്പോൾ കോസ്മിക് വികിരണങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ലഭിക്കുന്നത് നഷ്ടമാകും അതാണ് പ്രശ്നം. അങ്ങനെ വിവരങ്ങൾ നഷ്ടമാകുമ്പോൾ മറ്റു ഉപകരണങ്ങൾക്ക് ആയുസ്സ് വർദ്ധിക്കാൻ ആവശ്യമായ ഊർജ്ജം ലഭ്യമാകും, അതിനുവേണ്ടിയാണ് നാസ ഇത്തരമൊരു കമാൻഡ് നൽകിയത്. ഊർജ്ജം പൂർണ്ണമായും നിലയ്ക്കുന്നത് വരെ വൊയേജർ 1 ഭൂമിയിലേക്ക് വിവരങ്ങൾ അയക്കുന്നത് തുടരും. ഇങ്ങനെയൊക്കെയാണെങ്കിലും പേടകം എന്ന് പൂർണമായും പ്രവർത്തനരഹിതം ആകുമെന്ന് നിലവിൽ വ്യക്തമായി പറയാൻ പറ്റില്ല.
ഭൂമിയിൽ നിന്ന് ഏകദേശം 24 ബില്യൺ കിലോമീറ്റർ അകലെയായതിനാൽ, നമ്മൾ അയക്കുന്ന ഒരു സിഗ്നൽ വൊയേജറിൽ എത്താൻ ഏകദേശം 22.5 മണിക്കൂർ എടുക്കും. അവിടെ നിന്ന് മറുപടി തിരികെ വരാൻ വീണ്ടും അത്രയും സമയം കൂടി വേണം. അതായത്, ഒരു ചെറിയ കമാൻഡ് അയച്ച് അതിന്റെ ഫലം അറിയാൻ ശാസ്ത്രജ്ഞർക്ക് ഏതാണ്ട് രണ്ട് ദിവസം കാത്തിരിക്കണം എന്ന് സാരം.
ഊർജ്ജം തീർന്ന് പ്രവർത്തനം നിലച്ചാലും വൊയേജർ 1 ബഹിരാകാശത്തിലൂടെയുള്ള യാത്ര തുടരും. ഏകദേശം 40,000 വർഷങ്ങൾക്ക് ശേഷം അത് ഗ്ലീസ് 445 (Gliese 445) എന്ന നക്ഷത്രത്തിന് 1.6 പ്രകാശവർഷം അടുത്തു കൂടെ കടന്നുപോകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം ഏകദേശം 15 കോടി (150 Million) കിലോമീറ്ററാണ്. വൊയേജർ 1 സൂര്യനിൽ നിന്ന് ഏകദേശം 160 മടങ്ങ് കൂടുതൽ ദൂരത്തിലാണ് ഇപ്പോൾ.
More read വോയേജറിലെ ഉപകരണങ്ങൾ ഓഫ് ചെയ്യുന്നു ; യാത്ര തുടരാൻ!
