Voyager പേടങ്ങളുടെ യാത്ര തുടരുന്നതിന് ഊർജ്ജം സംരക്ഷിക്കാൻ ആണ് ഉപകരണങ്ങൾ ഓഫ് ചെയ്യുന്നത്.
![]() |
Voyager |
മനുഷ്യനിർമ്മിതമായ രണ്ടു പേടകങ്ങൾ മാത്രമേ സൗരയൂഥം കടന്ന് പുറത്തു പോയിട്ടുള്ളൂ. നാസയുടെ വോയേജർ 1&2 പേടകങ്ങൾ. എന്നാൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഇരട്ട വോയേജർ ബഹിരാകാശ പേടകത്തിലെ വൈദ്യുതി ലാഭിക്കുന്നതിനായി രണ്ട് ശാസ്ത്രീയ ഉപകരണങ്ങൾ നാസ ഓഫ് ചെയ്യുന്നു. കഴിഞ്ഞയാഴ്ച വോയേജർ 1-ൽ നാസ ഒരു അനുബന്ധ ഉപകരണം അടച്ചുപൂട്ടിയിരുന്നു. ഈ മാസം അവസാനം വോയേജർ 2 ബഹിരാകാശ പേടകത്തിലെ മറ്റൊരു ഉപകരണം ഓഫ് ചെയ്യാനുള്ള പദ്ധതികൾ നാസ പ്രഖ്യാപിച്ചു. പേടകങ്ങളുടെ ആയൂസ് വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ഊര്‍ജം ലാഭിക്കുന്നതിനായാണ് നാസയുടെ ഈ ഇരു നടപടിക്ക് പിന്നിൽ.
വോയേജർ 2-ലെ ചാർജ്ജിത കണികകളെയും കോസ്മിക് രശ്മികളെയും അളക്കുന്ന ഒരു ഉപകരണം ഈ മാസം അവസാനം പ്രവർത്തനം നിർത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. കോസ്മിക് രശ്മികളെക്കുറിച്ച് പഠിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഉപകരണം കഴിഞ്ഞ ആഴ്ച നാസ പ്രവർത്തനരഹിതമാക്കിയിരുന്നു. സൗരയൂഥത്തെ കുറിച്ചും അതിന് പുറത്തുള്ള ഇന്റര്‍സ്റ്റെല്ലാർ ബഹിരാകാശത്ത് നിന്നും വിലപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ കൈമാറുന്ന രണ്ട് ഐക്കണിക് ബഹിരാകാശ പേടകങ്ങളുടെ പ്രവർത്തന ആയുസ് വർധിപ്പിക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് നാസയുടെ നടപടിക്ക് ഹേതുവായത്.
1977-ൽ വിക്ഷേപിക്കപ്പെട്ട ഇരട്ട ബഹിരാകാശ പേടകമായ വോയേജർ നിലവിൽ സൗരയൂഥത്തിന് പുറത്തുകടന്ന് ബഹിരാകാശത്ത് നക്ഷത്രാന്തരീയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. വോയേജർ 1 വ്യാഴത്തിനും ശനിയുടെ നിരവധി ഉപഗ്രഹങ്ങൾക്കും ചുറ്റും ഒരു നേർത്ത വളയം കണ്ടെത്തിയിരുന്നു. യുറാനസും നെപ്റ്റ്യൂണും സന്ദർശിച്ച ഒരേയൊരു ബഹിരാകാശ പേടകമാണ് വോയേജർ 2. ഇപ്പോൾതന്നെ കൂരിരുട്ടിൽ സഞ്ചരിക്കുന്ന ഇവയുടെ ദൗത്യങ്ങൾ വ്യാപിപ്പിക്കുന്നതിന് ഊർജ്ജ സംരക്ഷണ നീക്കങ്ങൾ അനിവാര്യമാണെന്ന് നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ വോയേജർ പ്രോജക്ട് മാനേജർ സൂസൻ ഡോഡ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
ഓരോ ബഹിരാകാശ പേടകത്തിലും സൂര്യന്റെ സംരക്ഷണ പാളിയെയും അതിനപ്പുറത്തുള്ള ബഹിരാകാശ നിരയെയും പഠിക്കാൻ ഇപ്പോഴും മൂന്നു ഉപകരണങ്ങൾ വീതം ഉണ്ട്.വോയേജർ 1 ഭൂമിയിൽ നിന്ന് 15 ബില്യൺ മൈലിലധികം (24.14 ബില്യൺ കിലോമീറ്റർ) അകലെയാണ്. അതേസമയം 13 ബില്യൺ മൈലിലധികം (20.92 ബില്യൺ കിലോമീറ്റർ) അകലെയാണ് വോയേജർ 2 നിലവിലുള്ളത്.
#Voyager #NASA