ടെസ്ല മേധാവിയും, അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് മന്ത്രിസഭയിലെ അംഗവുമായ ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പുവെച്ച് ഭാരതി എയർടെൽ. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനായാണ് കരാർ. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ ആദ്യ കരാറാണിത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്റ്റാർലിങ്ക് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റാര്‍ലിങ്കിനെ ഇന്ത്യയിലെത്തിക്കാന്‍ ഏറെക്കാലമായി ഇലോണ്‍ മസ്ക് ശ്രമിച്ചുവരികയായിരുന്നു.ഇന്റര്‍നെറ്റ് സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളായിരുന്നു മസ്കിന് തടസമായുണ്ടായിരുന്നത്. സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്റ്റാര്‍ ലിങ്കിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
എയർടെൽ വഴി ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് സേവനങ്ങൾ ഉറപ്പാക്കും. എയർടെല്ലിന്റെ സ്റ്റോറുകളിലൂടെ സ്റ്റാർലിങ്ക് ഉൽപന്നങ്ങൾ വിൽക്കുകയും ചെയ്യും. ഇന്ത്യയിലെ ഗ്രാമീണ-വിദൂര പ്രദേശങ്ങൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുഗമമായ ഇന്റർനെറ്റ് സേവനങ്ങൾ സ്റ്റാർലിങ്കിലൂടെ ഉറപ്പാക്കാനും എയർടെൽ പദ്ധയിടുന്നുണ്ട്.
ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് എല്ലായിടത്തും എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് എയർടെൽ മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു. ഇന്ത്യയിലെ ടെലികോം മേഖലയിൽ വലിയ പങ്കുവഹിച്ച എയർടെല്ലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സ്പെയ്സ് എക്സും അറിയിച്ചു.
കഴിഞ്ഞ വർഷം സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്ക് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ചയും നടത്തി. സ്റ്റാര്‍ലിങ്ക് ഇതിനകം 56ലധികം രാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്സസ് കവറേജ് നല്‍കുന്നുണ്ട്. സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ്, വിഡിയോ കോളുകള്‍ എന്നിവയും മറ്റും പിന്തുണയ്ക്കാന്‍ കഴിവുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്കുന്നതിനു ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹസമൂഹമാണ് സ്റ്റാര്‍ലിങ്ക്.
2023 നവംബറിൽ, ഭാരതി എയർടെല്ലും യുകെ സർക്കാരും സംയോജിച്ചുള്ള സംരംഭമായ വൺ വെബ്ബിന് വാണിജ്യ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നതിന് ഇന്ത്യൻ നാഷണൽ സ്പെയ്സ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽനിന്ന് അനുമതി ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരിൽനിന്ന് ഈ അനുമതി നേടുന്ന ആദ്യ സ്ഥാപമായി വൺ വെബ്ബ് മാറി.
സ്റ്റാർലിങ്ക്
ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന് കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങൾ വിന്യസിക്കുകയാണ് സ്റ്റാർലിങ്കിന്റെ പദ്ധതി. ഒരു ഡിഷ് ആന്റിനയും റൂട്ടറും മാത്രമാണ് ഉപഗ്രഹ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നതിനായി ആവശ്യം വരിക. ഭൂമിയിൽ ഏത് തരം ഭൂപ്രദേശത്തും ഈ സംവിധാനം ഉപയോഗിച്ച് ഇന്റർനെറ്റ് ലഭ്യമാകും. പരമ്പരാഗത രീതിയിൽ കേബിൾ വലിക്കുന്ന ശ്രമകരമായ പ്രവർത്തനങ്ങൾ ഇതിന് വേണ്ടിവരില്ല. ഉപഗ്രഹ ഇന്റർനെറ്റിന്റെ മുഖ്യ നേട്ടവും ഇത് തന്നെയാണ്. സെക്കന്റിൽ 100 എംബിയ്ക്കും 200 എംബിയ്ക്കും ഇടയിൽ ഡൗൺലോഡ് വേഗത സ്റ്റാർലിങ്ക് ഉറപ്പുനൽകുന്നുണ്ട്. 20 മില്ലിസെക്കന്റിൽ താഴെ ലേറ്റൻസിയിലുള്ള മികച്ച നെറ്റ് വർക്കാണ് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നത്.
ഫെബ്രുവരി മാസം ഭൂട്ടാനിൽ സ്റ്റാർലിങ്കിന്റെ ഉപഗ്രഹ അധിഷ്ഠിത ഇൻറർനെറ്റ് സേവനം ആരംഭിച്ചിരുന്നു, ഇതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്റ്റാർലിങ്ക് സേവനം ലഭ്യമാകുന്ന ആദ്യ രാജ്യം ആയി ഭൂട്ടാൻ.