ചെറുകട്ടകളായി അടർന്നുമാറുന്നതുവരെ എ23എ ഇവിടെത്തന്നെ തുടരാനാണ് സാധ്യത
ലോകത്തെ ഏറ്റവുംവലിയ മഞ്ഞുമലയായ എ23എ ബ്രിട്ടീഷ് ദ്വീപായ സൗത്ത് ജോർജിയയ്ക്കടുത്ത് തീരക്കടലിൽ ഉറച്ചു. 1986-ൽ അന്റാർട്ടിക്കയിലെ ഫിൽച്നെർ-റോൺ ഐസ് ഷെൽഫിൽനിന്ന് അടർന്നുമാറിയ കൂറ്റൻ മഞ്ഞുമലയാണ് യാത്ര ഇത്തരത്തിൽ അവസാനിപ്പിച്ചത്. ഇനി ചെറുകട്ടകളായി അടർന്നുമാറുന്നതുവരെ എ23എ ഇവിടെത്തന്നെ തുടരാനാണ് സാധ്യതയെന്ന് ബ്രിട്ടീഷ് അൻറാർട്ടിക് സർവേയിലെ ഗവേഷകനായ പ്രൊഫ. ആൻഡ്രൂ മെയ്ജേഴ്സ് പറഞ്ഞു.
300 മീറ്റർ ഉയരവും 3234 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുമുള്ള മഞ്ഞുപാളി ശനിയാഴ്ചയാണ് തീരത്തുനിന്ന് 80 കിലോമീറ്റർ അകലെ ഉറച്ചത്. ഈ പാളിക്ക് ആദ്യകാലങ്ങളിൽ 3900 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുമുണ്ടായിരുന്നു. പതിയെ ചെറുകഷണങ്ങളായി വേർപെടുകയും അലിഞ്ഞില്ലാതാകുകയും ചെയ്യുന്ന എ23എ കടലിലേക്ക് ഉയർന്ന അളവിൽ ശുദ്ധജലവും പോഷകങ്ങളും എത്തിക്കുകയാണെന്ന് ഗവേഷകർ പറയുന്നു.
ഈ പ്രദേശത്തെ ആവാസവ്യവസ്ഥയെയും പെൻഗ്വിൻ, ചില പക്ഷികൾ എന്നിവയുടെ ആഹാരലഭ്യതയെയും മഞ്ഞുപാളിയുടെ സാന്നിധ്യം ബാധിച്ചിട്ടുണ്ടെങ്കിലും ഇത് സാധാരണമാണെന്നും ദൂരവ്യാപകപ്രത്യാഘാതങ്ങൾക്ക് കാരണമാകില്ലെന്നുമാണ് നിഗമനം. അടർന്ന് കടലിൽപതിക്കുന്ന ചെറിയ കട്ടകൾ പ്രദേശത്തെ മീൻപിടിത്തത്തെയും ബാധിക്കും.