പാൽ എന്ന വെളുത്ത ദ്രാവകം പലർക്കും ഇഷ്ടമാണ്, അത്ര ഇഷ്ടമല്ലാത്തവർ അതിൽ കുറച്ചു വെള്ളവും , തേയിലയും പഞ്ചസാരയും ചേർത്ത് ചായയുടെ രൂപത്തിൽ കുടിക്കും. അപൂർവ്വം ചിലർ പാല് പച്ചയ്ക്ക് കുടിക്കാറുണ്ട്. എന്നാലും മിക്കവാറും എല്ലാവർക്കും ഇഷ്ടമെന്നത് പശുവിൻറെ പാൽ തന്നെയാണ്.
കാത്സ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ് ഇത്. ഒരു ഗ്ലാസ്സ് പാൽ കുടിച്ചാൽ, അതിൽ നിന്നും പോഷകങ്ങൾ നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിക്കുമെന്നാണ് വിശ്വാസം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ചിലർ പശുവിൻ പാലും ആട്ടിൻ പാലും കുടിക്കുമ്പോൾ മറ്റുചിലർക്ക് ഇഷ്ടം എരുമപ്പാൽ ആണ്. എല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ഇനി മുതൽ അതിന് പകരം പാറ്റയുടെ പാൽ കുടിക്കാമെന്ന് പറഞ്ഞാലോ?
പുതിയ പഠനം പറയുന്നത് മറ്റു പാലുകളെ അപേക്ഷിച്ച് പാറ്റയുടെ പാലിന് ഗുണം കൂടുതൽ ഉണ്ടെന്ന്! അന്താഷ്ട്ര ക്രിസ്റ്റലോഗ്രഫി യൂണിയന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, പാറ്റയുടെ പാലിൽ 45 ശതമാനം പ്രോട്ടീനും, 25 ശതമാനം കാർബോഹൈഡ്രേറ്റും, 16 മുതൽ 22 ശതമാനം കൊഴുപ്പും, ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ അമിനോആസിഡ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതായി പറയുന്നു.
സാധാരണ നമ്മൾ കുടിക്കുന്ന പശുവിൻ പാലിനെക്കാളും എരുമപ്പാലിനേക്കാളും മൂന്നിരട്ടി ഫലമാണ് പാറ്റയുടെ പാൽകുടിച്ചാൽ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്നത് എന്നും പഠനങ്ങൾ പറയുന്നു. നിലവിൽ ശാസ്ത്രജ്ഞർ ഈ പാൽ കൃത്രിമമായി ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. സാധാരണ പാലിൽ നിന്നും ലഭിക്കുന്നതിനേക്കാളധികം പ്രോട്ടീൻ ഈ പാലിൽ നിന്നും ലഭിക്കുന്നതിനാൽ, പ്രോട്ടീൻ സപ്ലിമെന്റായും പാറ്റയുടെ പാൽ കരുതപ്പെടുന്നു.
ശ്രദ്ധേയമായ പോഷക ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും, പാറ്റയുടെ പാൽ ഇതുവരെ മനുഷ്യ ഉപഭോഗത്തിന് ലഭ്യമായിട്ടില്ല. പാറ്റകളിൽ നിന്ന് പാൽ വേർതിരിച്ചെടുക്കുന്നത് വളരെ സങ്കീർണ്ണവും അധ്വാനം ആവശ്യമുള്ളതുമായ ഒരു പ്രക്രിയയായതിനാൽ, ഏറ്റവും പ്രധാനപ്പെട്ട തടസ്സം അതിന്റെ ഉൽപാദനമാണ്. കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, ഈ ഗവേഷണം ഭാവിയിൽ സുസ്ഥിരവും പോഷകസമൃദ്ധവുമായ ഭക്ഷണ വിഭവം ആകാൻ ഈ പഠനം സഹായകരമാകും എന്ന് കരുതാം. സ്വാഭാവികമായും അന്നും എല്ലാവർക്കും ഇത് ഉൾക്കൊള്ളാൻ പറ്റിയെന്ന് വരില്ല.