അടിമാലി വഴിയുള്ള പുതിയ റോഡ് നിർമ്മിക്കാൻ ബ്രീട്ടിഷുകാർ നിർബന്ധിതരായി. ആ റോഡിന്റെ ഭാഗമായി നേര്യമംഗലം പാലവും നിർമ്മിച്ചു
![]() |
നേര്യമംഗലം കാമാന പാലം |
ഹൈറേഞ്ചിന്റെ രാജകീയ കവാടം എന്ന് വേണമെങ്കിൽ പറയാവുന്ന നേര്യമംഗലം പാലത്തിന് 90 വയസ്സ്. ഇടുക്കിയേയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം ദക്ഷിണേന്ത്യയിലെ ആദ്യ കാമാന പാലം കൂടി ആണ്.
കേരള ചരിത്രത്തിന്റെ ഭാഗമായ 99 (1924) ലെ വെള്ളപ്പൊക്കത്തിന്റെ സൃഷ്ടിയാണ് നേര്യമംഗലം പാലം. കോതമംഗലം, കുട്ടമ്പുഴ, പൂയംകുട്ടി വഴിയുള്ള പഴയ ആലുവ - മൂന്നാർ രാജപാതയായിരുന്നു അന്നുവരെ നിലവിലുണ്ടായിരുന്നത്. 99 ലെ കാലവർഷ കെടുതിയിൽ കരിന്തിരി മല ഇടിഞ്ഞു ഈ റോഡ് തകർന്നു. മൂന്നാർ ഉൾപ്പെടെയുള്ള തന്ത്ര പ്രധാന കേന്ദ്രങ്ങളിലേക്ക് മറ്റൊരു യാത്രാപഥം ആവശ്യമായതോടെയാണ് നേര്യമംഗലം, അടിമാലി വഴിയുള്ള പുതിയ റോഡ് നിർമ്മിക്കാൻ ബ്രീട്ടിഷുകാർ നിർബന്ധിതരായത്. ആ റോഡിന്റെ ഭാഗമായി നേര്യമംഗലം പാലവും നിർമ്മിച്ചു.1935 മാർച്ച് രണ്ടിന് തിരുവിതാംകൂർ മഹാരാജാവ് രാമവർമ്മ ശ്രീചിത്തിരതിരുന്നാളാണ് പാലം തുറന്നു കൊടുത്തത്.
രാജഭരണത്തിലും പിന്നീട് ബ്രിട്ടീഷ് ഭരണത്തിലും കൊച്ചിയിൽനിന്ന് തട്ടേക്കാട്–മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. ഹൈറേഞ്ചിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങളടക്കമുള്ള ചരക്കുകൾ കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. 1924ലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിൽ തകർന്നത്.
പ്രളയത്തിൽ തകർന്നതിനെ തുടർന്ന് ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമിക്കാൻ അന്നത്തെ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. 1924-ലാണ് പാലം നിര്‍മാണത്തിന് നടപടി സ്വീകരിച്ചത്. സമീപവാസികളുടെ സഹകരണത്തോടെ 10 വർഷംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. കരിങ്കല്ലും ശർക്കരയും ചുണ്ണാമ്പും ചേർന്ന സുർക്കി മിശ്രിതവുമാണ് നിർമാണത്തിന് ഉപയോഗിച്ചത്. 214 മീറ്റർ നീളത്തിലും 4.90 മീറ്റർ വീതിയിലും 300 അടി ഉയരത്തിലുമാണ് പാലം യാഥാർഥ്യമാക്കിയത്. പിന്നീട് മലയോര ജനതയുടെ കുടിയേറ്റ ചരിത്രത്തിലും നേര്യമംഗലം പാലം നിർണായക പങ്കുവഹിച്ചു.
ആദ്യ പ്രളയം കഴിഞ്ഞ് പതിനൊന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ നിര്‍മിച്ച നേര്യമംഗലം പാലം കേരളം നേരിട്ട രണ്ടാം(2018) പ്രളയത്തേയും അതിജീവിച്ചു.
കാലം മാറി, സാഹചര്യങ്ങളും സന്ദർഭങ്ങളും മാറി, ഗതാഗതത്തിനായി തുറന്ന് നല്കി 90 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പഴയ പാലത്തിന് സമാന്തരമായി തന്നെ പുതിയ പാലത്തിൻ്റെ നിര്‍മാണ ജോലികളും തുടങ്ങി. നിലവിലെ പാലത്തിൽ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കാണ് കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിൽ ഇന്നുയരുന്ന പ്രധാന പരാതി. പുതിയ പാലം ഉയരുന്നതോടെ ഇത്തരത്തിൽ ഉയരുന്ന പരാതികൾക്ക് പരിഹാരമാകും എന്ന് കരുതുന്നു.