പ്രമുഖ ദലിത് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ.കൊച്ച് (76) അന്തരിച്ചു. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പാലിയേറ്റീവ് ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്. മൃതദേഹം കടുത്തുരുത്തിയിലെ വീട്ടിൽ. വെള്ളിയാഴ്ച രാവിലെ 11ന് കടുത്തുരുത്തി പഞ്ചായത്ത് ഓഫിസ് ഹാളിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ സംസ്കാരം. ഉഷയാണു ഭാര്യ. ജയസൂര്യൻ, സൂര്യനയന എന്നിവർ മക്കളാണ്.
1949 ൽ കോട്ടയം ജില്ലയിലെ കല്ലറയില്‍ ഫെബ്രുവരി 2 നാണ് ജനനം. സംഘാടകനും എഴുത്തുകാരനുമാണ് കെ.കെ. കൊച്ച്. കെ.എസ്.ആര്.ടിസിയില്‍ നിന്ന് സീനിയര്‍ അസിസ്റ്റന്റായി 2001 ല്‍ വിരമിച്ചു. ആനുകാലികങ്ങളിലും ടിവി ചാനല്‍ ചര്‍ച്ചകളിലും ദലിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടപെടലുകൾ നടത്തിയിരുന്നു.
കേരളത്തിലെയും ഇന്ത്യയിലെയും ദളിത് കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനാണ് കെ.കെ. കൊച്ച്.
'ദലിതന്' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍.
കേരളം കെ.കെ. കൊച്ചിനെ വിളിച്ചത് 'കൊച്ചേട്ടന്' എന്നാണ്.സാമൂഹിക അനിശ്ചിതാവസ്ഥകളെ കണ്ടും അനുഭവിച്ചും അതിനെതിരെ അസാധാരണമായ പോരാട്ടജീവിതമാണ് അദ്ദേഹം നയിച്ചത്. പ്രതിഷേധ സമരങ്ങളും നിരന്തര വായനയും കൈമുതലാക്കി. 'ആപല്‍ക്കരമായി കര്‍മം ചെയ്തൊരാള്‍' എന്ന വിശേഷണത്തിന് അര്‍ഹനായ ആ മനുഷ്യന് .
മധുരവേലി എന്ന ദേശത്തെ നെയ്തശേരി മനയിലെ പണിക്കാരനായിരുന്ന വല്യച്ഛനെ ഓര്‍ത്തു കൊണ്ടാണ് 'ദലിതന്' എന്ന ആത്മകഥ കെ.കെ. കൊച്ച് എഴുതിത്തുടങ്ങുന്നത്. സവര്‍ണ ഭൂവുടമകളുടെ അനീതികളുടെ ചരിത്രത്തെ അനുഭവത്തിലൂടെ അടയാളപ്പെടുത്തുക മാത്രമല്ല ക്രൈസ്തവ ജന്മിമാരുടെ ധാര്‍ഷ്ട്യവും അതിനെതിരായ സമരങ്ങളും കെ.കെ. കൊച്ച് എല്ലാ സംസാരങ്ങളിലും എടുത്തുപറഞ്ഞു.
അച്ഛൻ കുഞ്ഞൻ, അമ്മ കുഞ്ഞുപെണ്ണ് എന്നിവർക്കൊപ്പം തലയോലപ്പറമ്പിലെ പുത്തന്തോടിനടുത്തുള്ള കുഴിയംതടം എന്ന വീട്ടിലാണ് ജീവിച്ചത്. കല്ലറ എൻഎസ്എസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, എറണാകുളം മഹാരാജാസ് കോളേജിൽ ഉപരിപഠനത്തിന് ചേർന്നെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടതിനാൽ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം, 1971ൽ മാതൃഭൂമി മാസിക നടത്തിയ കോളേജ് വിദ്യാർഥികൾക്കുള്ള നാടക രചനാമത്സരത്തിൽ രണ്ടാം സ്ഥാനം നേടി. അടിയന്തരാവസ്ഥാക്കാലത്ത് ആറുമാസത്തോളം ഒളിവിൽ കഴിഞ്ഞു. പിന്നീട് കമ്മ്യൂണിസ്റ്റ് യുവജന ഫോറം, പീപ്പിൾസ് വർക്കേഴ്സ് യൂണിയൻ, ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു. 1977ൽ കെഎസ്ആർടിസിയിൽ ജോലിയിൽ ചേർന്നു. 2001ൽ സീനിയർ അസിസ്റ്റന്റായി വിരമിച്ചു.
കേരളാ കോണ്‍ഗ്രസിന്റെ തൊപ്പിപ്പാള സംഘം കുറുവടി മാര്‍ച്ചില്‍ കര്‍ഷക തൊഴിലാളികളോടും പുലയര്‍ അടക്കമുള്ള ദലിതരോടും കമ്യൂണിസ്റ്റുകളോടുമുള്ള വെല്ലുവിളി മുദ്രാവാക്യം കെ.കെ. കൊച്ച് എടുത്ത് ഉദ്ധരിക്കാറുണ്ട് പലപ്പോഴും - 'തമ്പ്രാനെന്ന് വിളിപ്പിക്കും, പാളേല്‍ക്കഞ്ഞി കുടിപ്പിക്കും' എന്ന കുപ്രസിദ്ധ മുദ്രാവാക്യം. മുളന്തുരുത്തിയിലും വടയാറിലും നീണ്ടൂരിലേയും കര്‍ഷക തൊഴിലാളികളുടെ ചെറുത്തുനില്‍പ്പുകളുമായിരുന്നു അപ്പോള്‍ കൊച്ചിന്റെ മനസ്സില്‍.
1990കൾ മുതൽ അദ്ദേഹം ദലിത്-ആദിവാസി അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പോരാട്ടങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു. ദലിതൻ എന്ന ആത്മകഥയിലൂടെ അദ്ദേഹം തന്റെ സ്വന്തം അനുഭവങ്ങളും സമൂഹത്തിലെ അസമത്വങ്ങളും വിമർശനാത്മകമായി പ്രതിഫലിപ്പിച്ചു. ഈ കൃതി ദലിത് സാഹിത്യത്തിന്റെ പ്രധാന ഏടായി മാറി. 'ആപല്‍ക്കരമായി കര്‍മം ചെയ്തയാളെന്ന പ്രയോഗം' ദലിതന് എന്ന പുസ്തകത്തിന്റെ ആമുഖത്തിലേതാണ്. ജോലിയിൽ തരംതാഴ്ത്തലുകൾ നേരിട്ടിട്ടും, കുടുംബ ജീവിതത്തിലെ സൗകര്യങ്ങൾ നഷ്ടപ്പെട്ടിട്ടും, അദ്ദേഹം തന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് ഒരിക്കലും പിന്മാറിയിരുന്നില്ല. സ്വന്തം ജീവിതം സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയുള്ള ഒരു പോരാട്ടമായി മാറ്റി അദ്ദേഹം.
കെ.കെ. കൊച്ച് ഒരു സാഹിത്യകാരനെന്ന നിലയിൽ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ അനുപമമാണ്. സാഹിത്യം, സിനിമ, രാഷ്ട്രീയം, ലിംഗഭേദങ്ങൾ, സബാൾട്ടേൺ പഠനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ബുദ്ധനിലേക്കുള്ള ദൂരം, ദലിതൻ (ആത്മകഥ), കേരളചരിത്രവും സമൂഹരൂപീകരണവും (ചരിത്രം), ഇടതുപക്ഷമില്ലാത്ത കാലം, കലാപവും സംസ്കാരവും, അംബേദ്കർ ജീവിതവും ദൗത്യവും (എഡിറ്റർ) എന്നിങ്ങനെ പതിനാലോളം കൃതികൾ രചിച്ചിട്ടുണ്ട്. ദലിത് സാഹിത്യത്തിനും സാമൂഹിക നീതിക്കുമായി നടത്തിയ സംഭാവനകൾക്കു കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം, ദലിതൻ എന്ന ആത്മകഥയ്ക്ക് യുവ കലാസാഹിതിയുടെ വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യപുരസ്കാരം, പ്രഥമ അരളി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.