മലയാളത്തിന്റെ എം.ടി. വാസുദേവന്‍ നായര്‍ക്ക് കേരളം വിട നല്കി. കോഴിക്കോട് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തില്‍ അഞ്ചു മണി കഴിഞ്ഞ് മലയാള സാഹിത്യത്തിലെ അതികായന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഗാർഡ് ഓഫ് ഓണർ നൽകി സംസ്കാരം നടത്തണമെന്ന സർക്കാരിൻ്റെ അഭ്യർത്ഥന കുടുംബം അംഗീകരിച്ചിരുന്നു. എംടിയുടെ സഹോദരന്റെ മകന് ടി. സതീശനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.
ബുധനാഴ്ച രാത്രി കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ച എംടിയുടെ ഭൗതികശരീരം കാണാനും ആദരാഞ്ജലിയർപ്പിക്കാനും സാധാരണക്കാരും പ്രമുഖരുമടക്കം ആയിരങ്ങളാണ് എത്തിയത്. വൈകിട്ട് മൂന്നുമണിയോടെ വീട്ടിൽ ആരംഭിച്ച ചടങ്ങുകൾക്കു വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ എം.ടി. അവസാനമായി 'സിതാര'യുടെ പടിയിറങ്ങി, മടക്കമില്ലാത്ത യാത്രയ്ക്കിറങ്ങി. വൻ ജനാവലിയുടെ അകമ്പടിയോടെ വിലാപയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംക്ഷൻ, ബാങ്ക് റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ സ്മൃതിപഥത്തിലെത്തിയപ്പോൾ അവിടെയും വൻ ജനക്കൂട്ടം കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവിടെയും പ്രിയപ്പെട്ട എഴുത്തുകാരന് ആദരാഞ്ജലിയർപ്പിക്കാൻ അവസരമൊരുക്കിയിരുന്നു.
പൊതുദര്‍ശനം ഒഴിവാക്കണമെന്നായിരുന്നു എംടിയുടെ ആഗ്രഹം. അതിനാല്‍ ഔദ്യോഗിക പൊതുദര്‍ശനം ഒഴിവാക്കി വൈകിട്ട് നാല് വരെ എംടിയുടെ വസതിയായ സിതാരയില്‍ അവസാനമായി കഥാകാരന് യാത്രാമൊഴി നല്‍കാനുള്ള അവസരം ഒരുക്കി. ആയിരക്കണക്കിന് ആളുകളാണ് മലയാള ഭാഷയുടെ പെരുന്തച്ചന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
പൊതുദർശനം ഇല്ലായിരുന്നു എങ്കിലും വീട്ടിലേക്ക് ആളുകൾ ഒഴുകിക്കൊണ്ടിരുന്നു. വീട്ടിലേക്ക് എത്താൻ സാധിക്കാതിരുന്നവർ ശ്മശാനത്തിലെത്തി. മരണവിവരമറിഞ്ഞ് പുലർച്ചെ തന്നെ നൂറുകണക്കിനാളുകളാണ് സിതാരയിലേക്ക് എത്തിയത്. ചിലർ വിതുമ്പുന്നുണ്ടായിരുന്നു. പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, സജി ചെറിയാൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ, പി.െക.കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, സംവിധായകൻ ലാൽ ജോസ്, നടൻ വിനീത് , പാണക്കാട് സാദിഖലി തങ്ങള്‍, നടന് മോഹന്‍ലാല്‍, കുട്ട്യേടത്തി വിലാസിനി, സംവിധായകരായ ഹരിഹരന്, കമല്‍, സിബി മലയില്‍ തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി.
