![]() |
| Courtesy |
കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് 38 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങൾ. വിമാനം റഷ്യയോ യുക്രെയ്നോ അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന സംശയമാണ് ഉയർന്നുവരുന്നത്. തകർന്നുവീണ വിമാനത്തിൽ വെടിയുണ്ടകളുടേതിന് സമാനമായ പാടുകൾ കണ്ടെത്തിയെന്നാണ് സൂചനയുണ്ട്. എന്നാൽ, പക്ഷി ഇടിച്ചതിനെ തുടർന്ന് പൈലറ്റ് അക്തുവിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
റഷ്യൻ സർഫസ് ടു എയർ മിസൈലോ വിമാനവേധ മിസൈലിന്റെയോ ആക്രമണത്തിലാവാം റഷ്യയിലേക്കുള്ള വിമാനം തകർന്നുവീണതെന്ന സാധ്യതയാണ് സൈനിക വിദഗ്ധർ മുന്നോട്ടുവെയ്ക്കുന്നത്.റഷ്യൻ ഉപരിതല മിസൈലോ വിമാനവിരുദ്ധ പ്രതിരോധ സംവിധാനമോ അബദ്ധവശാൽ വിമാനത്തിൽ ഇടിച്ചതാകാമെന്ന് സൈനിക വിദഗ്ധരെ ഉദ്ധരിച്ച് ഒന്നിലധികം അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വാൾസ്ട്രീറ്റ് ജേർണൽ, യൂറോ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളും, വാർത്താ ഏജൻസിയായ എഎഫ്പിയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ടുകൾ റഷ്യൻ പങ്കാണ് സൂചിപ്പിക്കുന്നത്. ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഈ റിപ്പോർട്ടുകൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിമാനത്തിന്റെ ഇന്ധനസംഭരണ ഭാഗത്തും ടെയിൽ ഭാഗത്തമുള്ള പാടുകളും കുഴികളും മിസൈലിന്റെ കൂർത്തഭാഗം കൊണ്ടതാവാമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സൈനിക വിഷയങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന ക്ലാഷ് റിപ്പോർട്ട് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഴത്തിലും വീതിയിലുമുള്ള കുഴികളും പാടുകളും ദൃശ്യങ്ങളിൽ കാണാം.
യുക്രൈൻ ഡ്രോണുകൽ സഞ്ചരിച്ച ആകാശപാതയിലൂടെയാണ് അസർബയ്ജാൻ വിമാനം പറന്നതെന്ന് സൂചനകളുണ്ട്. വിമാനത്തിന്റെ ലക്ഷ്യസ്ഥാനമായ റഷ്യയിലെ ഗ്രോൻസി യുക്രൈൻ നിരന്തരം ലക്ഷ്യംവെച്ച മേഖല കൂടിയാണ്. ഈ വർഷം മാത്രം മൂന്ന് ആക്രമണങ്ങൾ ഗ്രോൻസിയെ കേന്ദ്രമാക്കി യുക്രൈൻ നടത്തിയിട്ടുണ്ട്. അതിനാൽ തന്നെ റഷ്യയുടെ പ്രതിരോധസംവിധാനങ്ങൾ ഈ മേഖലയിലും സജീവമാണ്. റഷ്യൻ മിലിട്ടറി വ്ലോഗറായ യൂറി പോഡോല്യാകയും വിമാനത്തിന് നേരെ നടന്നത് മിസൈൽ പ്രതിരോധമാണെന്ന സൂചനകൾ പങ്കുവെച്ചിട്ടുണ്ട്.
