റിസർവ് ബാങ്ക് മുൻ ഗവർണറും,മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങ് അന്തരിച്ചു. 92 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി എട്ടോടെ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 9.51ഓടെയായിരുന്നു അന്ത്യം.
ഇന്ത്യ വിഭജനത്തിനു മുൻപ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന് ഗുർമുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായി ജനനം. ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. അമൃത്സറിലാണ് മൻമോഹൻ വളർന്നത്. പഞ്ചാബ് സർവകലാശാലയിൽ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. ശേഷം കേംബ്രിഡ്ജ് സർവകലാശാലയിലും ഓക്സ്ഫഡ് സർവകലാശാലയിലുമായി പഠനം.
റിസർവ് ബാങ്ക് ഗവർണർ എന്ന നിലയിലും അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) അംഗമെന്ന നിലയിലും ശ്രദ്ധനേടി. ശേഷം, മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. 1991ൽ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായി.
2004 മേയ് 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തി. സിഖ് മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയുമായിരുന്നു അദ്ദേഹം. 2009-ലെ പൊതു തെരഞ്ഞെടുപ്പിൽ യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.ഗുർശരൺ കൗർ ആണ് ഭാര്യ. ഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ് എന്നിവർ മക്കളാണ്.
33 വർഷത്തെ കാലയളവിനു ശേഷം 2024 ഏപ്രിലിലാണ് അദ്ദേഹം രാജ്യസഭയിൽ നിന്ന് വിരമിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ മന്മോഹന് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ശില്പിയായിരുന്നു മൻമോഹൻ സിങ്. പി.വി. നരസിംഹ റാവുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൽ കേന്ദ്ര ധനമന്ത്രിയായിരുന്നു. ശേഷം 1991 ഒക്ടോബറിൽ അദ്ദേഹം രാജ്യസഭയിലെത്തി. പിന്നാലെ ഇന്ത്യയുടെ 24 ാം പ്രധാനമന്ത്രി പദത്തിലേക്കുയർന്നു.2004 മുതൽ 2014 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു.മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മന്മോഹന് രാഷ്ട്രീയത്തിൽ എത്തുന്നത്.
