![]() |
| മൻമോഹൻ സിംഗ് സോണിയ ഗാന്ധിക്കൊപ്പം. Courtesy |
2014 ജനുവരി മൂന്നിന് പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ അവസാന വാർത്താസമ്മേളനത്തിൽ ഡോ. മൻമോഹൻ സിങ് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ വിയോഗാനന്തരം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.സമകാലിക മാധ്യമങ്ങളെക്കാളും പാർലമെന്റിലെ പ്രതിപക്ഷ പാർട്ടികളേക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത ദുർബലനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന രീതിയിലെ ചോദ്യത്തോടാണ് അദ്ദേഹം പുഞ്ചിരിയോടെ ഇത്തരത്തിൽ മറുപടി നൽകിയത്.മന്ത്രിസഭ യോഗത്തിലെ എല്ലാ കാര്യങ്ങളും തനിക്ക് പുറത്തുപറയാൻ കഴിയില്ലെന്നും സഖ്യ രാഷ്ട്രീയത്തിന്റെ നിർബന്ധിതാവസ്ഥ കണക്കിലെടുത്തത് കഴിയുന്നത്ര മികച്ച രീതിയിൽ എല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ കഴിവുകെട്ടവനായി ചിത്രീകരിക്കാനുള്ള ശ്രമത്തോട് കൂടുതലായി അദ്ദേഹം പ്രതികരിക്കാൻ നിന്നില്ല.
അതേസമയം ഇന്ത്യയില്‍ ഒരു വ്യക്തിക്കു സാധ്യമായ എല്ലാ ഉന്നത സ്ഥാനങ്ങളിലും എത്തിയിട്ടും അധികാരഗര്‍വ് കാണിക്കാത്ത നേതാവ്. ഡോ. മന്മോഹന് സിങ്ങിന് ഒറ്റവരിയില്‍ ഇതിനപ്പുറം ഒരു വിശേഷണമില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനും ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനും ഒരേ ആദരവ് നല്‍കിയയാള്‍ എന്നാണ് മന്മോഹന് സിങ്ങിനെ കളിയായും കാര്യമായും വിശേഷിപ്പിച്ചിരുന്നത്.
1991ല്‍ നിര്‍ണായക ദൗത്യം- പി.വി. നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രി. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലായ അക്കാലത്താണ് വിപണികള്‍ തുറന്ന്, ലൈസന്‍സ് രാജ് അവസാനിപ്പിച്ചത്. ഇന്നും വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ശതകോടി ജനതയെ പട്ടിണിയില്ലാതെ കാത്തത് ആ തീരുമാനമായിരുന്നു. 1996ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണപ്പോള്‍ നരസിംഹറാവുവിനൊപ്പം ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങും വിമര്‍ശനം നേരിട്ടു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മാത്രം മതി ഡോ. മന് മോഹന്‍ സിങ് എന്ന പ്രധാനമന്ത്രിയെ രാജ്യം എക്കാലവും ഓര്‍മിക്കാന്‍. ലക്ഷങ്ങള്‍ക്ക് വര്‍ഷം 100 ദിവസത്തെ പണിക്കൂലി നല്കിയ ആ തീരുമാനം കൂടിയാണ് 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ വീഴാതെ ഇന്ത്യയെ രക്ഷിച്ചത്. വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അന്നു നടപ്പാക്കിയ ആധാര്‍ ആണ് ഇന്നത്തെ ഇന്ത്യയിലെ എല്ലാ പദ്ധതികളുടേയും ആണിക്കല്ല്. സര്‍ക്കാര്‍ വീണാലും ആണവകരാറുമായി മുന്നോട്ട് എന്ന തീരുമാനം എടുത്ത പ്രധാനമന്ത്രിയും മറ്റാരുമല്ല. കല്‍ക്കരി, ടു ജി കുംഭകോണങ്ങള്‍ ശോഭ കെടുത്തിയപ്പോഴും വ്യക്തിപരമായി ഡോ. മന്മോഹന് സിങ് വിമര്ശിക്കപ്പെട്ടില്ല. യുപിഎ സര്‍ക്കാര്‍ വീണപ്പോഴും അത് ഡോ. മന്മോഹന് സിങ്ങിന്റെ കഴിവുകേടുകൊണ്ട് ആണെന്ന വിലയിരുത്തലും ഉണ്ടായില്ല.
