ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി പ്രകടനപത്രിക. അഞ്ച് വർഷം കൂടി സൗജന്യ റേഷന്‍ സംവിധാനം തുടരുമെന്നും 'സങ്കല്പ് പത്ര' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. 'മോദി കി ഗ്യാരണ്ടി' എന്ന ടാഗ് ലൈനോടെയാണ് പ്രകടനപത്രിക അവതരിപ്പിച്ചിരിക്കുന്നത്.14 ഭാഗങ്ങളാണ് പ്രകടനപത്രിയിൽ ഉള്ളത്.
വനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങൾ ഉള്ള പ്രകടനപത്രിയിൽ റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ച് വർഷവും സൗജന്യമായി നൽകും, പുതിയ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും, ഒരു രാജ്യം ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും, ഇന്ത്യയെ രാജ്യാന്തര നിർമാണ ഹബ്ബാക്കും, 70 വയസ് കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, ഏക സിവിൽ കോഡ് നടപ്പാക്കും, എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈൻ വഴി നൽകും,
ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കുമെന്നും ആഗോള ഉല്പാദന കേന്ദ്രമാക്കുമെന്നും മോദി പ്രഖ്യാപിച്ചു. 2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. ആഗോള തലത്തില്‍ രാമായണ ഉത്സവം സംഘടിപ്പിക്കും.
മുദ്ര യോജന ലോണ്‍ 10 ലക്ഷം രൂപയില്‍നിന്ന് 20 ലക്ഷമാക്കി ഉയർത്തും. കോടിക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യമാക്കാന്‍ നടപടി സ്വീകരിക്കും. വൈദ്യുതിയില്‍നിന്ന് വരുമാനം കണ്ടെത്താനുള്ള മാർഗങ്ങൾ സൃഷ്ടിക്കും.
എഴുപതിനു മുകളില്‍ പ്രായമുള്ളവരെ ആയുഷ്മാന്‍ ഭാരത് യോജനയില്‍ ഉള്‍പ്പെടുത്തും. ഈ പ്രായവിഭാഗത്തിലുള്ളവർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കും. ട്രാന്‍സ്ജെന്‍ഡർ വിഭാഗത്തെ ആയുഷ്മാന്‍ ഭാരത് സ്കീമില്‍ ഉള്‍പ്പെടുത്തും. ഭിന്നശേഷിക്കാർക്ക് പിഎം ഹൗസിങ് സ്കീമില്‍ മുന്‍ഗണ നല്‍കും. തമിഴ് ഭാഷ രാജ്യത്തിന്റെ അഭിമാനമാണെന്നും കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും മോദി കൂട്ടിച്ചേർത്തു.
മൂന്ന് കോടി സ്ത്രീകൾക്ക് ലക്ഷം രൂപ വരുമാനം ഉറപ്പാക്കുമെന്നും ലഖ്പതി ദീദി പദ്ധതിയിലൂടെ ഒരു കോടി ആളുകൾക്ക് നിലവിൽ ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും പ്രകടനപത്രികയിൽ പറയുന്നു. കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. ഗ്ലോബൽ മാനുഫാക്ചറിങ് ഹബ് ആയി രാജ്യത്തെ മാറ്റും. യുവാക്കൾ, ദരിദ്രർ, കർഷകർ, സ്ത്രീകൾ എന്നിവരെ ശക്തരാക്കാൻ ഉള്ള പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ലോകമാകെ രാമായണ ഉത്സവം സംഘടിപ്പിക്കും. അയോധ്യയിൽ കൂടുതൽ വികസനം ഉറപ്പാക്കും. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ച് വെയ്റ്റിങ് ലിസ്റ്റ് ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കും. വടക്ക് - തെക്ക് ബുള്ളറ്റ് ട്രെയിൻ കോറിഡോർ സംബന്ധിച്ച് സാധ്യതാ പഠനം നടത്തും. 6 ജി സങ്കേതിക വിദ്യ വികസിപ്പിക്കും.
ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ സർവീസ് ആരംഭിക്കും. ഇതിനായുള്ള സർവേ ഉടന്‍ തുടങ്ങും. കർഷകർക്കുള്ള പിഎം കിസാന്‍ നിധി ആനുകൂല്യങ്ങള്‍ തുടരും.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ധനനിർമല സീതാരാമന്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്തായിരുന്നു പത്രിക പുറത്തിറക്കിയത്.