അപ്പോളോ ദൗത്യത്തിന് ശേഷം, നീണ്ട 50 വർഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നത്.
ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു ചരിത്ര അധ്യായം എഴുതാൻ നാസയുടെ ആർട്ടിമിസ്-2 (Artemis II) ദൗത്യം ഒരുങ്ങുന്നു. 1972-ലെ ഐതിഹാസികമായ അപ്പോളോ ദൗത്യത്തിന് ശേഷം, നീണ്ട 54 വർഷത്തെ ഇടവേള കഴിഞ്ഞാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. ഫെബ്രുവരി ആറിന് വിക്ഷേപണം നടത്താനാണ് നാസ നിലവിൽ ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് യാത്ര (First woman to moon) തിരിക്കുന്നു എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.
നാലംഗ ബഹിരാകാശ സംഘമാണ് പത്ത് ദിവസം നീളുന്ന ഈ നിർണായക ദൗത്യത്തിൽ പങ്കാളികളാകുന്നത്. ചന്ദ്രനെ ചുറ്റി സഞ്ചരിച്ച ശേഷം സംഘം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്തും. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്.എൽ.എസ് (Space Launch System - SLS) ആണ് ഈ വിക്ഷേപണത്തിനായി നാസ സജ്ജമാക്കിയിരിക്കുന്നത്.
വിക്ഷേപണത്തിന് മുന്നോടിയായി എസ്.എൽ.എസ് റോക്കറ്റ് (SLS Rocket) വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിൽ നിന്ന് നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡ് നമ്പർ 39 ബിയിലേക്ക് മാറ്റി കഴിഞ്ഞു. 17-ാം തീയതി വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ ഈ യാത്ര പന്ത്രണ്ട് മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്. സെക്കൻഡിൽ അര മീറ്ററിൽ താഴെ വേഗത്തിൽ അതീവ ജാഗ്രതയോടെ സഞ്ചരിച്ചത് കൊണ്ടാണ് ഇത്രയും സമയമെടുത്തത്. ഫെബ്രുവരി രണ്ടാം തീയതിയാണ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന 'വെറ്റ് ഡ്രെസ് റിഹേഴ്സൽ' നടക്കുക.
നാസയുടെ റീഡ് വൈസ്മാനാണ് പത്ത് ദിവസം നീളുന്ന ഈ ദൗത്യത്തിന്റെ കമാൻഡർ. നാസയുടെ തന്നെ വിക്ടർ ഗ്ലോവർ മിഷൻ പൈലറ്റായും, ക്രിസ്റ്റീന കോച്ച് മിഷൻ സ്പെഷ്യലിസ്റ്റായും (Christina Koch Moon mission) പ്രവർത്തിക്കും. കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെണാണ് മിഷൻ സ്പെഷ്യലിസ്റ്റായി സംഘത്തിലുള്ള നാലാമൻ. ഇവർ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങുന്നതോടെ മനുഷ്യന്റെ അടുത്ത ചാന്ദ്രവാസം സാധ്യമാകും.
ഫെബ്രുവരി ആറിന് വിക്ഷേപണം നടന്നില്ലെങ്കിൽ ഫെബ്രുവരി പത്ത് വരെ ലോഞ്ച് വിൻഡോ ലഭ്യമാണ്. എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തടസ്സങ്ങൾ നേരിടുകയാണെങ്കിൽ മാർച്ച് മാസത്തിലോ ഏപ്രിലിലോ വിക്ഷേപണം നടത്താനാണ് നാസയുടെ (NASA) പ്ലാൻ ബി. ദൗത്യ സംഘം ഇതിനകം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ വെച്ച് നിരവധി തവണ ഡ്രസ് റിഹേഴ്സലുകൾ പൂർത്തിയാക്കി കഴിഞ്ഞു.
പേടകത്തിന്റെ പരീക്ഷണം കൂടി ഉൾപ്പെടുന്ന ദൗത്യമായതിനാൽ അതീവ ജാഗ്രതയിലാണ് നാസ. യാത്രയ്ക്കിടെ എന്തെങ്കിലും പ്രതിസന്ധികൾ നേരിട്ടാൽ ദൗത്യമുപേക്ഷിച്ച് പേടകം ഉടൻ തിരികെ ഇറക്കും. ഏകദേശം 5000 കോടി ഡോളറാണ് ഈ ദൗത്യത്തിന്റെ ചെലവ്. ആർട്ടിമിസ്-2 വിജയകരമായാൽ, മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ആർട്ടിമിസ്-3 ദൗത്യത്തിലേക്ക് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ.
വിക്ഷേപണ വാഹനത്തിന്റെ കാര്യത്തിലേക്ക് വന്നാൽ SLS ഒരു സൂപ്പർ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ ആണ്. ഇതിന്റെ ഉയരം ഏകദേശം 98 മീറ്റർ വരും (ഏകദേശം 32 നില കെട്ടിടത്തിന്റെ ഉയരം). വിക്ഷേപണ സമയത്ത് ഇത് ഉൽപ്പാദിപ്പിക്കുന്ന കരുത്ത് (Thrust), വിഖ്യാതമായ അപ്പോളോ ദൗത്യങ്ങളിൽ ഉപയോഗിച്ച സാറ്റേൺ V റോക്കറ്റിനേക്കാൾ 15% കൂടുതലാണ്.
നാല് പ്രധാന RS-25 എഞ്ചിനുകളും രണ്ട് വലിയ സോളിഡ് റോക്കറ്റ് ബൂസ്റ്ററുകളുമാണ് ഇതിന് ആവശ്യമായ ഊർജ്ജം നൽകുന്നത്. ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളിൽ 27 ടണ്ണിലധികം ഭാരം വഹിക്കാൻ ശേഷിയുള്ള ഈ റോക്കറ്റ്, ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതിക വിസ്മയങ്ങളിൽ ഒന്നാണ്.
റോക്കറ്റിന്റെ ഇരുവശങ്ങളിലുമായി രണ്ട് വലിയ ബൂസ്റ്ററുകൾ ഉണ്ടാകും. വിക്ഷേപണത്തിന്റെ ആദ്യ രണ്ട് മിനിറ്റിൽ ആവശ്യമായ ഊർജ്ജത്തിന്റെ 75 ശതമാനവും നൽകുന്നത് ഇവയാണ്.റോക്കറ്റിന്റെ ഏറ്റവും മുകളിലായാണ് ബഹിരാകാശ സഞ്ചാരികൾ ഇരിക്കുന്ന ഓറിയോൺ പേടകം (Orion Spacecraft) ഘടിപ്പിക്കുന്നത്.
ബഹിരാകാശ സഞ്ചാരികൾ യാത്ര ചെയ്യുന്ന ഓറിയോൺ പേടകത്തെ ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറത്തെത്തിക്കുക എന്നതാണ് എസ്.എൽ.എസിന്റെ പ്രധാന ദൗത്യം. ദ്രാവക ഹൈഡ്രജനും ദ്രാവക ഓക്സിജനും ഇന്ധനമായി ഉപയോഗിക്കുന്ന ഇതിന്റെ കോർ സ്റ്റേജ്, വിക്ഷേപണത്തിന്റെ നിശ്ചിത ഘട്ടം കഴിയുമ്പോൾ വേർപെട്ടു പോകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളിൽ ഏകദേശം 27 ടണ്ണിലധികം ഭാരം വഹിക്കാൻ SLS-ന് ശേഷിയുണ്ട്. ഇതിന്റെ പരിഷ്കരിച്ച പതിപ്പുകൾക്ക് ഭാവിയിൽ 45 ടൺ വരെ ഭാരം വഹിക്കാൻ സാധിക്കും. അതേസമയം ഓരോ ദൗത്യത്തിനും പുതിയ റോക്കറ്റ് നിർമ്മിക്കേണ്ടതുണ്ട്.
നിലവിൽ നാസയുടെ ആർട്ടെമിസ് ദൗത്യങ്ങളുടെ നട്ടെല്ലായ ഈ റോക്കറ്റ്, വരും ദശകങ്ങളിൽ മനുഷ്യന്റെ ആഴത്തിലുള്ള ബഹിരാകാശ പര്യവേഷണങ്ങൾക്ക് (Deep Space Exploration) പുതിയ വാതിലുകൾ തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

