ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തെ സ്നേഹത്തിന്റെ അളവുകോലായി മാറ്റുന്ന വരികൾ
ബലാൽസംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ (Rahul Mamkootathil) അറസ്റ്റിനു പിന്നാലെ കേരളത്തിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട ഒരു പ്രയോഗമാണ് ‘ഐ ലവ് യു ടു ദ മൂൺ ആൻഡ് ബാക്ക്’(I love you to the moon and back). തന്റേയും തന്നേപ്പോലെ ക്രൂരമായി അവഗണിക്കപ്പെട്ട മറ്റ് യുവതികളുടേയും വേദന ദൈവം അറിഞ്ഞുവെന്ന അർത്ഥത്തിൽ അതിജീവിത പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ അവസാന വാചകമായിരുന്നു ഇത്. നഷ്ടപ്പെട്ടുപോയ മാലാഖക്കുഞ്ഞുങ്ങളോട് തങ്ങൾക്കുള്ള അളക്കാനാവാത്ത സ്നേഹത്തിന്റെ ആഴം വ്യക്തമാക്കാനാണ് അതിജീവിതകൾ ഈ വാക്കുകൾ ഉപയോഗിക്കുന്നത്.
ഈ വൈകാരികമായ പോസ്റ്റിന് പിന്നാലെ, കേന്ദ്രസർക്കാരിനെതിരായ എൽ.ഡി.എഫ് (Ldf) സത്യഗ്രഹ വേദിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) ‘ലവ് യൂ ടു മൂൺ ആൻഡ് ബാക്ക്’(I love you to the moon and back) എന്നെഴുതിയ കപ്പുമായി എത്തിയത് വലിയ ശ്രദ്ധ പിടിച്ചുപറ്റി. അതിജീവിതയ്ക്കുള്ള ഐക്യദാർഢ്യമായി മുഖ്യമന്ത്രി ഈ വാക്കുകൾ ഉയർത്തിക്കാട്ടിയതോടെ സോഷ്യൽ മീഡിയയിൽ ഇത് വീണ്ടും ചർച്ചയായി. എന്താണ് ഈ പ്രയോഗത്തിന്റെ അർത്ഥം?.
‘ഞാൻ നിന്നെ ചന്ദ്രനോളവും അവിടെനിന്നും തിരിച്ചുള്ള ദൂരത്തോളവും സ്നേഹിക്കുന്നു’ എന്നാണ് ഈ ശൈലിയുടെ പദാനുപദ അർത്ഥം. ഒരാളോടുള്ള അതിരുകളില്ലാത്തതും അളക്കാൻ കഴിയാത്തതുമായ സ്നേഹത്തെ ഏറ്റവും മനോഹരമായി പ്രകടിപ്പിക്കാനാണ് ‘ഐ ലവ് യു ടു ദ മൂൺ ആൻഡ് ബാക്ക്’ എന്ന ഈ പ്രയോഗം ഉപയോഗിക്കുന്നത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തെ സ്നേഹത്തിന്റെ അളവുകോലായി മാറ്റുന്ന ഈ വരികൾ കേവലം ഒരു ഭാഷാശൈലി മാത്രമല്ല, അതിന് വൈകാരികമായ ഒരു ചരിത്രം കൂടിയുണ്ട്.
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം ഏകദേശം 3,84,400 കിലോമീറ്ററാണ്. അവിടേക്ക് പോയി തിരികെ വരുന്ന അത്രയും ദൂരത്തോളം (ഏതാണ്ട് എട്ടു ലക്ഷത്തോളം കിലോമീറ്റർ) എന്റെ സ്നേഹം നീണ്ടുനിൽക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം. അതായത്, വാക്കുകൾക്ക് അതീതമായ, അളക്കാൻ കഴിയാത്ത അത്രയും വലിയ സ്നേഹം.
യഥാർത്ഥത്തിൽ സാം മക്ബ്രാറ്റ്നി എഴുതിയ ‘ഗസ് ഹൗ മച്ച് ഐ ലവ് യു’ (Guess How Much I Love You) എന്ന വിഖ്യാത ബാലസാഹിത്യ കൃതിയിലൂടെയാണ് ഈ വരികൾ ലോകപ്രശസ്തമായത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആഴമേറിയ സ്നേഹത്തെ അടയാളപ്പെടുത്താനാണ് ഈ പുസ്തകത്തിൽ ഈ വാക്കുകൾ ആദ്യമായി ഉപയോഗിക്കപ്പെട്ടത്. കാലക്രമേണ, പ്രിയപ്പെട്ടവർ തമ്മിലുള്ള തീവ്രമായ അനുരാഗവും കരുതലുമെല്ലാം വെളിപ്പെടുത്തുന്ന ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു പ്രയോഗമായി ഇത് മാറുകയായിരുന്നു.
1994ൽ ഇറങ്ങിയ സാം മക്ബ്രാറ്റ്നിയുടെ പുസ്തകത്തിൽ രണ്ട് മുയലുകൾ തമ്മിലുള്ള സ്നേഹസംഭാഷണമാണുള്ളത്. ഉറങ്ങാൻ കിടക്കുന്ന നേരം തനിക്ക് വലിയ മുയലിനോട് എത്രത്തോളം സ്നേഹമുണ്ടെന്ന് പറയാൻ ശ്രമിക്കുന്ന കുട്ടിമുയൽ ഒടുവിൽ പറയുന്നത്, ‘ഞാൻ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു’ എന്നാണ്. എന്നാൽ അതിലും വലിയ സ്നേഹമാണ് തനിക്കുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ട് വലിയ മുയൽ ഇങ്ങനെ മറുപടി നൽകുന്നു: ‘അത് വളരെ ദൂരമാണ്; ഞാൻ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു—അവിടെനിന്ന് തിരിച്ചും (and back)’.
ചന്ദ്രനെ സ്നേഹത്തിന്റെ അളവുകോലാക്കി മാറ്റിയത് ഈ പുസ്തകം മാത്രമല്ല, ഇതിന് ചില ചരിത്രപരമായ പശ്ചാത്തലങ്ങൾ കൂടിയുണ്ട്. 1960-കളിൽ മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ അപ്പോളോ യാത്രകൾ (Apollo missions) ചന്ദ്രനെ ദൂരത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി കാണാൻ ആളുകളെ പ്രേരിപ്പിച്ചു. അതിനും എത്രയോ മുൻപ്, അതായത് 1725-ൽ തന്നെ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ‘ചന്ദ്രനിലേക്കൊരു യാത്ര’ എന്ന പ്രയോഗം അസാധ്യമായതോ വലുതോ ആയ കാര്യങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നു.
ഈ പ്രയോഗത്തിന് പിന്നിൽ കൗതുകകരവുമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ഒരു മനുഷ്യൻ തന്റെ ജീവിതകാലം മുഴുവൻ ഹൃദയത്തിലൂടെ ഉൽപാദിപ്പിക്കുന്ന ഊർജ്ജം ഉപയോഗിച്ചാൽ ഒരു ട്രക്ക് ചന്ദ്രനിലേക്ക് ഓടിച്ചു കൊണ്ടുപോകാനും അവിടെ നിന്ന് തിരിച്ചു വരാനും (Moon and back) സാധിക്കുമെന്ന് ചില കണക്കുകൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, ‘ഐ ലവ് യു ടു ദ മൂൺ ആൻഡ് ബാക്ക്’ എന്ന വാചകം ഒരാൾക്ക് തന്റെ ജീവിതകാലം മുഴുവൻ മറ്റൊരാൾക്ക് നൽകാൻ കഴിയുന്ന സ്നേഹത്തിന്റെ ആഴത്തെയും സൂചിപ്പിക്കുന്നു.
