സ്പെയിനിന്റെ രാജ്ഞി ആവാൻ ഒരു ജെൻസി രാജകുമാരി.ബർബൺ രാജവംശത്തിന്റെ ചരിത്രത്തിൽ പുതു അധ്യായം ആവുകയാണ് ലിയൊനൊർ.
Image Credit: Casa de S.M. el Rey
യൂറോപ്യൻ രാജ്യമായ സ്പെയിനിന്റെ ഭരണത്തലപ്പത്തേക്ക് ഒരു പുതിയ യുഗം വരികയാണ്. ഒരു 'ജെൻ സി' പ്രതിനിധിയായ ലിയോനോർ രാജകുമാരി (Princess Leonor) രാജ്യത്തിന്റെ രാജ്ഞിയാകാൻ ഒരുങ്ങുന്നു എന്ന വാർത്ത ലോകശ്രദ്ധ നേടിക്കഴിഞ്ഞു. 20 വയസ്സുകാരിയായ ലിയോനോർ ഈ പദവിയിലെത്തുന്നത് സ്പാനിഷ് രാജവാഴ്ചയുടെ (Spanish Monarchy) ചരിത്രത്തിലെ നിർണായക സംഭവമാണ്. 1700-കളിൽ ആരംഭിച്ച ബർബൺ രാജവംശത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.
സ്പാനിഷ് രാജാവ് ഫെലിപ്പെ (King Felipe VI) ആറാമന്റെയും ലെറ്റീസിയ രാജ്ഞിയുടെയും മൂത്ത മകളാണ് ലിയോനോർ. അടുത്ത കിരീടാവകാശി എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജകുമാരി കഠിനമായ തയ്യാറെടുപ്പുകളിലായിരുന്നു. അക്കാരണങ്ങൾ കൊണ്ടുതന്നെ ഉയർന്ന നിലവാരമുള്ള ആഗോള വിദ്യാഭ്യാസത്തിനൊപ്പം തന്നെ സൈനിക പരിശീലനവും ലിയോനോർ വിജയകരമായി പൂർത്തിയാക്കി വരികയാണ്. 1800-കളിൽ സ്പെയിൻ ഭരിച്ചിരുന്ന ഇസബെല്ല രണ്ടാമൻ രാജ്ഞിക്ക് ശേഷം ഭരണനേതൃത്വത്തിലെത്തുന്ന ആദ്യ വനിതയായി ലിയോനോർ മാറും.
കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി സ്പെയിനിൽ ഒരു രാജ്ഞി (Spanish Queen) ഒറ്റയ്ക്ക് ഭരണം നടത്തിയിട്ടില്ല. ആ ചരിത്ര ശൂന്യത നികത്താനാണ് ലിയോനോർ തയ്യാറെടുക്കുന്നത്. ലിയോനോറുടെ സ്ഥാനാരോഹണം സംബന്ധിച്ച കൃത്യമായ തീയതികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഫെലിപ്പെ ആറാമൻ രാജാവ് പദവി ഒഴിയുമ്പോഴോ അദ്ദേഹത്തിന്റെ കാലശേഷമോ ലിയോനോർ അധികാരമേൽക്കും. അതുവരെയുള്ള സമയം ഭരണപരമായ കാര്യങ്ങൾ പഠിക്കാനായി രാജകുമാരി വിനിയോഗിക്കും.
2005 ഒക്ടോബർ 31-നാണ് മാഡ്രിഡിൽ ലിയോനോർ ജനിച്ചത്. സ്പെയിൻ സിംഹാസനത്തിന്റെ ഔദ്യോഗിക അവകാശി എന്ന നിലയിൽ 'പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ്'(Princess of Asturias) എന്ന പദവിയാണ് രാജകുമാരിക്ക് നൽകിയിരിക്കുന്നത്. രാജകീയ ചുമതലകൾ മുൻകൂട്ടി കണ്ടുകൊണ്ട് വളരെ കൃത്യമായ രീതിയിലായിരുന്നു ലിയോനോറുടെ വിദ്യാഭ്യാസവും അതുമായി ബന്ധമുള്ള മറ്റു കാര്യങ്ങളും. മാഡ്രിഡിലെ പ്രാഥമിക പഠനത്തിന് ശേഷം യുകെയിലെ പ്രശസ്തമായ യുഡബ്ല്യുസി അറ്റ്ലാന്റിക് കോളേജിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി. നയതന്ത്രം, ഭരണഘടന, ആഗോള രാഷ്ട്രീയ കാര്യങ്ങൾ എന്നിവയിലായിരുന്നു പഠനകാലത്ത് ലിയോനോർ ശ്രദ്ധ കേന്ദ്രീകരിച്ചത്. മാതൃഭാഷയായ സ്പാനിഷിന് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, മന്റാറിൻ, കറ്റാലൻ എന്നീ ഭാഷകളിലും ലിയോനോർ പ്രാവീണ്യം നേടിയിട്ടുണ്ട്.
ഭാവിയിൽ രാജ്യത്തിന്റെ സൈനിക തലപ്പത്തേക്ക് എത്തേണ്ട വ്യക്തിയായതിനാൽ ലിയോനോർ കഠിനമായ സൈനിക പരിശീലനങ്ങൾ നേടിയിരുന്നു. 2023-ൽ കരസേനയിൽ പരിശീലനം ആരംഭിച്ച താരം പിന്നീട് നാവികസേനയുടെ ഭാഗമായും പ്രവർത്തിച്ചു. നാവിക പരിശീലനത്തിന്റെ ഭാഗമായി 'ജുവാൻ സെബാസ്റ്റ്യൻ ഡി എൽക്കാനോ' എന്ന കപ്പലിൽ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ 17,000 മൈലുകൾ നീണ്ട 140 ദിവസത്തെ യാത്രയും രാജകുമാരി വിജയകരമായി പൂർത്തിയാക്കി.
സാഹസികതയിലും ലിയോനോർ ഒട്ടും പിന്നിലല്ല. 2025 ഡിസംബറിൽ 'പിലാറ്റസ് PC-21' വിമാനം തനിയെ പറത്തി ലിയോനോർ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. സ്പാനിഷ് രാജകുടുംബത്തിൽ ഒരു യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തുന്ന ആദ്യത്തെ വനിത എന്ന ഖ്യാതിയും ഇതോടെ ലിയോനോർ സ്വന്തമാക്കി.(Princess Leonor first female pilot in Spanish royalty) ചെറുപ്രായം മുതൽക്കേ പൊതുവേദികളിൽ സജീവമായ താരം തന്റെ 13-ാം വയസ്സിൽ തന്നെ ആദ്യത്തെ ഔദ്യോഗിക പ്രസംഗം നടത്തിയിരുന്നു.
13 വയസ്സുള്ളപ്പോൾ 'പ്രിൻസസ് ഓഫ് അസ്റ്റൂറിയസ്' അവാർഡ് ചടങ്ങിൽ ലിയോനോർ നടത്തിയ പ്രസംഗം രാജ്യാന്തര തലത്തിൽ വലിയ ചർച്ചയായിരുന്നു. രാജകുടുംബത്തിന്റെ പാരമ്പര്യവും തന്റെ അമ്മയായ ലെറ്റീസിയ രാജ്ഞിയുടെ ആധുനികമായ വീക്ഷണങ്ങളും ഒത്തിണങ്ങിയതാണ് ലിയോനോറുടെ വ്യക്തിത്വം. പുതുതലമുറയിലെ ഏറ്റവും സ്വാധീനമുള്ള രാജകുടുംബാംഗമായി വളരുമ്പോഴും തന്റെ സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും തമ്മിലുള്ള ബാലൻസ് നിലനിർത്താൻ ലിയോനോർ എപ്പോഴും ശ്രദ്ധിക്കുന്നു.
150 വർഷങ്ങൾക്ക് ശേഷം ഒരു രാജ്ഞിയെ സ്വീകരിക്കാനൊരുങ്ങുകയാണ് സ്പെയിൻ. ലിയോനോർ അധികാരം ഏറ്റെടുക്കുമ്പോൾ അത് ആധുനിക സ്പെയിനിന്റെ പുതിയ ചരിത്രമായി മാറും. 2004-ൽ മാധ്യമപ്രവർത്തകയായിരുന്ന ലെറ്റീസിയയെ വിവാഹം കഴിച്ച ഫെലിപ്പെ രാജാവിന് രണ്ട് മക്കളാണുള്ളത്; 2005-ൽ ജനിച്ച ലിയോനോറും 2007-ൽ ജനിച്ച ഇളയ സഹോദരി ഇൻഫന്റ സോഫിയയും. ലോകമെമ്പടുമുള്ള രാജകുടുംബ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ലിയോനോറുടെ ഭരണകാലത്തിനായി കാത്തിരിക്കുന്നത്.
ബർബൺ രാജവംശം (The House of Bourbon)
മൂന്ന് നൂറ്റാണ്ടിലധികമായി സ്പാനിഷ് സാമ്രാജ്യത്തിന്റെ തലപ്പത്തുള്ള രാജകുടുംബമാണിത്. 1700-ൽ ഫിലിപ്പ് അഞ്ചാമൻ രാജാവിന്റെ കാലം മുതലാണ് ഈ വംശം സ്പെയിനിൽ ഭരണം ആരംഭിച്ചത്. ഫ്രഞ്ച് രാജകുടുംബത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ഇക്കാല ചരിത്രത്തിനിടയിൽ പലതവണ ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും (ഉദാഹരണത്തിന് ഫ്രാൻകോയുടെ ഭരണകാലത്ത്), 1975-ൽ വീണ്ടും ജുവാൻ കാർലോസ് ഒന്നാമൻ രാജാവിലൂടെ ഈ രാജവംശം വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു.
ബ്രിട്ടനിലെ രാജകുടുംബത്തെപ്പോലെ തന്നെ, സ്പെയിനിലും രാജാവിനോ രാജ്ഞിക്കോ നേരിട്ടുള്ള രാഷ്ട്രീയ അധികാരം കുറവാണ്. അവർ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായും (Head of State) സൈന്യത്തിന്റെ പരമോന്നത തലവനായും പ്രവർത്തിക്കുന്നു.
