‘യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം’ എന്ന് നിരീക്ഷിക്കപ്പെടാനും സാധ്യതയുണ്ട്.9, 32, 66, 83 വയസ്സുകളാണ് മസ്തിഷ്കത്തിന്റെ മാറ്റത്തിന്റെ ദശയിലെ നിർണായകപ്രായങ്ങൾ.
ഇത്രകാലവും കരുതിയത് കൗമാര കാലഘട്ടം നമ്മുടെ 20 വയസിനുള്ളിൽ അവസാനിക്കുന്നുവെന്നാണ്. എന്നാൽ പുറത്തുവന്ന പഠനങ്ങൾ പറയുന്നത് കൗമാരം (adolescence) ഇരുപതുകളിൽ അവസാനിക്കുന്നില്ലെന്നും 32 വയസുവരെ നീണ്ടുനിൽക്കുന്നു എന്നുമാണ്. കേംബ്രിഡ്ജ് സർവകലാശാലയിലെ ന്യൂറോ സയന്റിസ്റ്റുകളുടെ ഗവേഷണം ആണ് ഈ അമ്പരപ്പിക്കുന്ന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ബാല്യം, കൗമാരം. യൗവനം, വാർധക്യം എന്ന ജീവിതഘട്ട വേർതിരിവ് ശരീരപ്രകൃതിയിലുള്ള മാറ്റങ്ങളും സ്വഭാവ/പെരുമാറ്റങ്ങളിലെ വ്യത്യാസങ്ങളും ആധാരപ്പെടുത്തിയാണ് കാലങ്ങൾ ആയി നിശ്ചയിക്കപ്പെടാറ്. ഇവ അത്ര കൃത്യമായി നിജപ്പെടുത്തിയിട്ടുണ്ട് എല്ലാവരിലും എന്ന് തീരുമാനിക്കാനും സാധ്യമല്ല. കാരണം ചിലപ്പോൾ ‘യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം’ എന്ന് നിരീക്ഷിക്കപ്പെടാനും വകുപ്പുണ്ട്. ബാല്യത്തിൽനിന്ന് കൗമാരത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ ശരീര ഫിസിയോളജിയിലുള്ള മാറ്റങ്ങളാൽ പ്രകടിതമാണ് എന്നത് മറ്റൊരു കാര്യം.
പെൺകുട്ടികൾ ഋതുമതിയാവുന്നതും ആൺകുട്ടികളിൽ പേശീബലം വർധിക്കുന്നതും മീശമുളയ്ക്കുന്നതും ലിംഗോദ്ധാരണം സംഭവിച്ചുതുടങ്ങുന്നതും എളുപ്പ ലക്ഷണങ്ങളാണ്. ഇവയെല്ലാം തലച്ചോറിലെ കളികളിൽ തുടങ്ങുന്നതാണ്; അതിന് കാരണം ഹൈപ്പോതലാമസ് എന്ന ചെറിയ ഭാഗമെടുക്കുന്ന ചില പ്രത്യേക തീരുമാനങ്ങളാണ്. തലച്ചോറിലെ ന്യൂറോണുകളുടെ (neurons) ‘വയറിങ്ങി’ൽ മാറ്റങ്ങൾ ഒൻപതുമുതൽ പന്ത്രണ്ടു വയസ്സിനുള്ളിൽ സംഭവിക്കുന്നു എന്നത് ആധുനികശാസ്ത്രം കണ്ടുപിടിച്ചിട്ടുമുണ്ട്.
ജീവിതകാലഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ സംഭവിക്കുന്ന ഒരേയൊരു അവയവമാണ് നമ്മുടെ മസ്തിഷ്കം (human brain). മറ്റ് അവയവങ്ങൾ ഒരേതരത്തിലുള്ള പ്രവർത്തനം എന്നും തുടരുന്നു. ന്യൂറോണുകൾ എന്ന വൈദ്യുതികേബിളുകളുടെ ‘വയറിങ്’ പലതരത്തിൽ മാറ്റുകയും മറിക്കുകയും കണക്ഷൻ വിച്ഛേദിക്കപ്പെടുകയും ഒക്കെ പ്രവർത്തനത്തിന്റെ ഭാഗമായി ഉൾച്ചേർന്നിട്ടുണ്ട്, തലച്ചോറിൽ. ഇണചേർന്ന് സന്തതികളെ ഉത്പാദിപ്പിച്ചതിനുശേഷം ‘വാർധക്യം’ എന്ന വേള സാവധാനം മരണത്തിലേക്കു നയിച്ച് സ്വയം ഇല്ലാതായി അടുത്ത തലമുറയ്ക്ക് വിഭവങ്ങൾ ലഭ്യമാക്കി സ്ഥലംവിടുക എന്നതാണ് പരിണാമനിശ്ചയം, എല്ലാ ജീവികളിലും സംഭവിക്കുന്നത്.
മേൽപ്പറഞ്ഞവയുടെ നിയന്ത്രണങ്ങളാകട്ടെ, ജന്തുക്കളിൽ തലച്ചോറിന്റെ തീരുമാനങ്ങൾക്ക് വിട്ടുകൊടുത്തിരിക്കയാണ്. ബാല്യത്തിൽനിന്ന് കൗമാരത്തിലേക്ക് കടക്കുമ്പോഴുള്ള തലച്ചോർമാറ്റങ്ങളെക്കുറിച്ചു മാത്രമല്ല, മൊത്തം ജീവിതകാലത്തെ മാറ്റങ്ങളെക്കുറിച്ച് ഇന്ന് കൂടുതൽ അറിവുകൾ ലഭിച്ചിട്ടുണ്ട്. രേഖീയമായ മാറ്റങ്ങളല്ല സംഭവിക്കുന്നത്. കൗമാരം, യൗവനം, വാർധക്യം എന്നിവയ്ക്കുള്ള നിശ്ചിതമാറ്റങ്ങൾ കൃത്യമായി നിജപ്പെടുത്തിയിരിക്കുന്നു.
അതെ മനുഷ്യജീവിതകാലത്ത് തലച്ചോർ അഞ്ചു വ്യത്യസ്തദശകളിലൂടെ കടന്നുപോകുമെന്ന് കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. 9, 32, 66, 83 വയസ്സുകളാണ് മസ്തിഷ്കത്തിന്റെ മാറ്റത്തിന്റെ ദശയിലെ നിർണായകപ്രായങ്ങൾ. തലച്ചോറിന്റെ കൗമാരം 32 വയസ്സുവരെ നീളുമെന്നും ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു.നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.
90 വയസ്സ് വരെ പ്രായത്തിലുള്ള നാലായിരത്തോളം പേരുടെ തലച്ചോർ സ്കാൻചെയ്ത് പഠിച്ചതിൽനിന്നാണ് ഗവേഷകർക്ക് ഇത്തരം വിവരങ്ങൾ ലഭ്യമായത്.ജീവിതയാത്രയിൽ ആർജിക്കുന്ന പുത്തൻ അറിവുകളോടും അനുഭവങ്ങളോടും പ്രതികരിച്ച് മസ്തിഷ്കത്തിന് പതിവായി മാറ്റമുണ്ടാകുന്നു എന്ന് മുൻപേ കണ്ടെത്തിയുണ്ട്. എന്നാൽ, ജനനം മുതൽ മരണംവരെ ഒരൊഴുക്കിലുണ്ടാകുന്ന മാറ്റമല്ല അതെന്നും അതിന് കൃത്യമായ അഞ്ചുഘട്ടങ്ങളുണ്ടെന്നുമാണ് പുതിയ തിരിച്ചറിവ്.
ആ ഘട്ടങ്ങളെ ശാസ്ത്രജ്ഞർ ഇങ്ങനെ തിരിച്ചിരിക്കുന്നു:
* ബാല്യം - ജനനം മുതൽ ഒൻപതുവയസ്സുവരെ
* കൗമാരം - ഒൻപതു മുതൽ 32 വരെ
* യൗവനം - 32 മുതൽ 66 വരെ
* വാർധക്യത്തിന്റെ ആദ്യഘട്ടം - 66 മുതൽ 83 വരെ
* വാർധക്യത്തിന്റെ അന്ത്യഘട്ടം - 83 മുതൽ അങ്ങോട്ട്
ചിലരിൽ ഈ ഘട്ടങ്ങൾ ഇപ്പറഞ്ഞതിലും നേരത്തേയാകാം, ചിലരിൽ താമസിച്ചും. എന്നാൽ, ഈ ഘട്ടങ്ങൾക്കിടയിലാണ് മാറ്റം വ്യക്തമായി പ്രകടമാകുന്നത് എന്നതാണ് ഗവേഷകരെ അതിശയിപ്പിച്ചത്.
മനുഷ്യ മസ്തിഷ്കത്തിന് വലുപ്പം വെക്കുന്ന ‘ബാല്യം’(childhood), തലച്ചോറിന്റെ ക്ഷമതയിലുള്ള മികവ് കുറയുന്ന ‘യൗവനം’. മനുഷ്യന്റെ സ്വാഭാവിക വളർച്ചയിൽനിന്ന് ഏറെ വിഭിന്നമാണ് മനുഷ്യജീവിതകാലത്ത് തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങൾ. ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലെ കണ്ടെത്തലിന്റെ ചുരുക്കം ഇങ്ങനെ..:
* ബാല്യം ( ജനനം മുതൽ ഒൻപതുവയസ്സുവരെ) :
തലച്ചോറിനു വലുപ്പം വെക്കുന്നതും ജീവിതത്തിന്റെ തുടക്കത്തിൽ വളരെയധികമായി രൂപംകൊണ്ട സിനാപ്സസ് എന്നു വിളിക്കുന്ന മസ്തിഷ്കകോശങ്ങൾ നേർത്തുവരുന്നതും ഇക്കാലത്താണ്. ഈ ഘട്ടത്തിൽ തലച്ചോറിന്റെ കാര്യക്ഷമത കുറവായിരിക്കും. പ്രത്യേകലക്ഷ്യമില്ലാതെ പാർക്കിൽ തുള്ളിക്കളിച്ചുനടക്കുന്ന ഒരു കുട്ടിയെപ്പോലെയായിരിക്കും തലച്ചോറിന്റെ പ്രവർത്തനം. അതായത് ജനനം മുതൽ കുട്ടിക്കാലം മുതൽ ഒമ്പത് വയസ് വരെയുള്ള ആദ്യ യുഗത്തിൽ, നമ്മുടെ തലച്ചോറിനെ "നെറ്റ്വർക്ക് കൺസോളിഡേഷൻ" വഴി നിർവചിക്കുന്നുവെന്ന് ഗവേഷണം വെളിപ്പെടുത്തി. ഈ പ്രക്രിയയിൽ, ഒരു കുഞ്ഞിന്റെ തലച്ചോറിൽ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന സിനാപ്സുകൾ അഥവാ ന്യൂറോണുകൾക്കിടയിലുള്ള കണക്ടറുകൾ ചുരുങ്ങുകയും കൂടുതൽ സജീവമായവ മാത്രം അതിജീവിക്കുകയും ചെയ്യുന്നു. ഗർഭസ്ഥ ശിശുവിൽ തുടങ്ങി ഒമ്പതാം വയസ്സുവരെയുള്ള ആദ്യ യുഗത്തിന്റെ അവസാനം സംഭവിക്കുന്നതോടെ, തലച്ചോറിന്റെ വൈജ്ഞാനിക ശേഷിയിൽ ഘട്ടം ഘട്ടമായുള്ള മാറ്റത്തിന് വിധേയമാകുന്നു. എന്നാൽ ഈ ഘട്ടത്തിനുശേഷം മാനസികാരോഗ്യ വൈകല്യങ്ങൾ (mental health disorders) ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നും ഗവേഷണം കണ്ടെത്തി.
* കൗമാരം (ഒൻപതു മുതൽ 32 വരെ):
തലച്ചോറിൽ കാര്യമായ മാറ്റംവരുന്ന ഘട്ടം. മാനസികാരോഗ്യപ്രശ്നങ്ങൾ ആരംഭിക്കാൻ ഏറ്റവും സാധ്യതയുള്ള ഘട്ടവുമിതാണ്. തലച്ചോറിലെ ന്യൂറോൺശൃംഖലകൾ കൂടുതൽ ക്ഷമതയാർജിക്കുന്ന ഏകഘട്ടമാണിത്. ഒമ്പതുമുതൽ 32 വയസ്സുവരെയുള്ള കാലത്ത് തലച്ചോർ ഈ കൗമാരത്തിൽത്തന്നെ (adolescence) നിലകൊള്ളുമെന്ന് ഗവേഷകരിൽ ഒരാളായ ഡോ. അലെക്സാ മൗസ്ലി പറയുന്നു.
മറ്റൊരു തരത്തിൽ പറഞ്ഞാൽ കൗമാരത്തിൽ, തലച്ചോറിന്റെ ആശയവിനിമയ ശൃംഖലകൾ കൂടുതൽ പരിഷ്കരിക്കപ്പെടുന്നതായി ബ്രെയിൻ സ്കാൻ റിപ്പോർട്ടുകൾ കാണിച്ചു. തലച്ചോറിന്റെ പ്രത്യേക മേഖലകളിലും കൂടാതെ മുഴുവൻ തലച്ചോറിൽ ഉടനീളവും വേഗതയേറിയതും സുഗമവുമായ ആശയവിനിമയം നടക്കുന്ന കാലഘട്ടമാണിത്. ഏകദേശം 32 വയസ് മുതൽ ആണ് ഏറ്റവും ദൈർഘ്യമേറിയ ഘട്ടം ആരംഭിക്കുന്നത്. അതായത് പ്രായപൂർത്തിയാകൽ ആരംഭിക്കുന്നു. ഈ ഘട്ടത്തിൽ എത്തുന്നതോടെ മുൻ ഘട്ടങ്ങളെ അപേക്ഷിച്ച് തലച്ചോറിന്റെ ഘടന സ്ഥിരത കൈവരിക്കുന്നു. പിന്നെ അടുത്ത മുപ്പത് വർഷത്തേക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. എന്നാൽ കാലക്രമേണ തലച്ചോറിന്റെ ഭാഗങ്ങൾ തമ്മിൽ ബന്ധം കുറഞ്ഞുതുടങ്ങുകയും കൂടുതൽ കമ്പാർട്ടുമെന്റലൈസ് ചെയ്യപ്പെടുകയും ചെയ്യും.
* യൗവനം (32 മുതൽ 66 വരെ) :
ഈ യൗവന (adulthood) ഘട്ടത്തിൽ കൗമാരത്തിലേതിനെക്കാൾ സാവധാനമാണ് തലച്ചോറിന്റെ മാറ്റം. തലച്ചോറിന്റെ ക്ഷമതയിലുള്ള മികവ് കുറഞ്ഞുതുടങ്ങുന്ന ഘട്ടമാണിത്. വ്യക്തിയുടെ ബുദ്ധിശക്തിയും വ്യക്തിത്വവുമനുസരിച്ച് ഈ മാറ്റവും വ്യത്യാസപ്പെട്ടിരിക്കും.32 വയസ്സുകഴിയുമ്പോൾ മേൽപ്പറഞ്ഞ കൗമാരകാല സംവിധാനങ്ങൾ മാറുകയാണ് അത് 66 വയസ്സുവരെ നിലനിൽക്കുന്ന മാറ്റങ്ങൾ. അപ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യം,32 വരെ കൗമാരം എന്ന് നിജപ്പെടുത്തുകയാണെങ്കിൽ ഇത് യൗവനകാലമല്ലേ?. 34 വർഷം, ഏറ്റവുംനീണ്ട ജീവിതഘട്ടം. മസ്തിഷ്കത്തിന്റെ ആഗോളഘടന വലിയ മാറ്റങ്ങളില്ലാത്ത രീതിയിൽ നിജപ്പെടുകയാണ് ഇക്കാലത്ത്. നെറ്റ്വർക്ക് നിർമിതികൾക്ക് വേഗം കുറയുന്നു. തലച്ചോറിലെ ചെറിയ ലോകങ്ങൾ ദൃഢപ്പെടുകയാണ്, തമ്മിലുള്ള കൊടുക്കൽവാങ്ങലുകൾ ഏറ്റപ്പെടുന്നു, പക്ഷേ, സമഗ്രതാനിർമിതി (integration) സ്വല്പം അയയുന്നുണ്ട്. ബുദ്ധിയും വ്യക്തിത്വവികാസവും ഇനിയും മെച്ചപ്പെടാനില്ലാത്തരീതിയിൽ ഉറപ്പിക്കപ്പെട്ടുകഴിഞ്ഞു,.
* വാർധക്യത്തിന്റെ ആദ്യഘട്ടം (66 മുതൽ 83 വരെ):
66-ാം വയസ്സിൽ തലച്ചോർ ക്ഷീണിച്ചുതുടങ്ങുമെങ്കിലും മാറ്റം പെട്ടെന്നുണ്ടാകില്ല. അതിലെ ന്യൂറോൺബന്ധങ്ങളിൽ പടിപടിയായി മാറ്റങ്ങളുണ്ടാകുകയാണ് ചെയ്യുക. സ്മൃതിനാശം, രക്താതിസമ്മർദം തുടങ്ങിയവ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഘട്ടവും ഇതാണ്.
* വാർധക്യത്തിന്റെ അന്ത്യഘട്ടം ( 83 മുതൽ അങ്ങോട്ട്) :
വാർധക്യത്തിന്റെ (old age) ആദ്യഘട്ടത്തിലേതിനു സമാനമായ മാറ്റങ്ങൾതന്നെയാണ് ഈ ഘട്ടത്തിലുമെങ്കിലും അത് കൂടുതൽ പ്രകടമായിരിക്കും.
പഠനഫലം സൂചിപ്പിക്കുന്നത് പ്രകാരം 66 വയസ്സിനുശേഷം മുകളിലുള്ള കാലഘട്ടത്തെ മൊത്തത്തിൽ നോക്കിയാൽ തലച്ചോറിന്റെ സമഗ്രതയിൽ വ്യതിയാനങ്ങൾ സംഭവിച്ചുതുടങ്ങുകയാണ് ഇക്കാലത്ത്, ദൃഢമായി നിജപ്പെടുത്തിയത് അഴിച്ചുപണിഞ്ഞുതുടങ്ങുന്ന കാലം. ന്യൂറോണുകളുടെ പരസ്പരസമ്പർക്കങ്ങളിൽ അയവ് സംഭവിക്കുന്ന, സങ്കീർണത മാറി ലാഘവമിയന്നതാകുന്ന കാലം. അസുഖങ്ങൾ പലതും വന്നുഭവിക്കുന്നതിനാൽ അത് തലച്ചോറിനെ ബാധിക്കുന്ന കാലവുമാണിത്. തലച്ചോറിന്റെ മാറ്റങ്ങളാൽ ചില അസുഖങ്ങൾ വന്നുഭവിക്കുന്നുമുണ്ട്. അറിവ്, ബോധജ്ഞാനം എന്നിവയൊക്കെ മന്ദഗതിയിൽ പ്രാവർത്തികമാകുന്നു, മറവി എന്നത് സ്ഥിരപ്പെടുന്നു. ഇത് 83 വയസ്സുവരെ തുടരും. അതിനുശേഷം 90 വരെ വാർധക്യത്തിന്റെ രണ്ടാം ഭാഗമാണ്. മേൽപ്പറഞ്ഞ ചെറിയ ലോകങ്ങൾ/നെറ്റ്വർക്കുകൾ തീരേക്കുറഞ്ഞ് അവയുടെ പരസ്പരസമ്പർക്കങ്ങൾ മന്ദീഭവിക്കുന്നുണ്ട്. പക്ഷേ, തലച്ചോർ ഒരു യൂണിറ്റ് എന്ന സമഗ്രത നഷ്ടപ്പെടുന്നുമുണ്ട്.
4000-ത്തോളം ആളുകളുടെ വിശദമായ തലച്ചോർപഠനങ്ങളാണ് ഈ പുതിയ അറിവുകൾ പ്രദാനംചെയ്യുന്നത്. നൂതന സ്കാനിങ് വിദ്യകളും തലച്ചോർപ്രവർത്തനപഠനങ്ങളും ആഴത്തിലുള്ള സ്റ്റാറ്റിസ്റ്റിക് വിശകലനങ്ങളും ഉൾപ്പെടുത്തി, ഇന്ന് ലോകത്തെ പല ലാബുകളിൽനിന്നും ആകമാനം ലഭ്യമായ വിവരങ്ങളും ചേർത്താണ് തലച്ചോർമാറ്റങ്ങളുടെ കൃത്യത ഉറപ്പിച്ചെടുത്തത്. ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങൾ (connectivity), പ്രവർത്തനകാര്യക്ഷമത (efficiency), മാറ്റങ്ങൾക്ക് വശംവദമാകാനുള്ള സാധ്യതകൾ (modularity) ഇവയൊക്കെ ഓരോരോ പ്രായത്തിൽ എങ്ങനെ മാറുന്നു എന്നത് പഠിച്ചെടുത്തപ്പോഴാണ് ബാല്യ കൗമാരെ യൗവന വാർദ്ധക്യ കാലങ്ങളുടെ മാറ്റങ്ങൾ പരമ്പരാഗതമായി നാം വിശ്വസിച്ചിരുന്നവരിൽ നിന്നൊക്കെ വ്യത്യസ്തമാണെന്ന് ഗവേഷകർ മനസ്സിലാക്കിയത്.
മാനസികവെല്ലുവിളികൾ, സ്മൃതിനാശം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ ‘നേച്ചർ കമ്യൂണിക്കേഷൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. പക്ഷേ, ഈ ഗവേഷണഫലം പൊതുവേ നോക്കുമ്പോൾ പല ചോദ്യങ്ങൾക്കും ഉത്തരം ആകുന്നുണ്ട്, അതേസമയം സ്ത്രീകളെയും, പുരുഷന്മാരെയും പ്രത്യേകമായി പഠിച്ചിട്ടില്ല എന്നത് ഒരു ന്യൂനതയാണ്.അതിനാൽത്തന്നെ ആർത്തവവിരാമം മസ്തിഷ്കത്തെ എങ്ങനെ ബാധിക്കും എന്നത് അജ്ഞാതമാണ്.
