സാധാരണ ഉപയോഗിച്ചുവന്നിരുന്ന ചില പ്രത്യേക അർത്ഥം കൽപ്പിക്കുന്ന വാക്കുകൾക്ക് പകരം സൈബർ ഇടങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നത് ഇംഗ്ലീഷ് കലർന്ന വാക്കുകളാണ്, അല്ലെങ്കിൽ ന്യൂജനറേഷൻ വാക്കുകൾ എന്നും പറയാം.
മാറുന്ന കാലത്തിനനുസരിച്ച് സംസാരഭാഷയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. 'കിടു', 'പൊളി' തുടങ്ങിയ വാക്കുകൾ പഴങ്കഥയാവുകയും പകരം പുത്തൻ ഇംഗ്ലീഷ് കലർന്ന ‘ജെൻ സി’ വാക്കുകൾ മലയാളിയുടെ സൈബർ ഇടങ്ങൾ കീഴടക്കുകയും ചെയ്തിരിക്കുകയാണ്. ഈ മാറ്റങ്ങൾക്കൊപ്പം ഓടിയെത്താൻ നമ്മളും അറിഞ്ഞിരിക്കണം ചില പ്രധാന Gen Z വാക്കുകൾ.
എന്താണ് ഈ 'പൂക്കി'?
അടുത്തിടെ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വാക്കാണ് പൂക്കി (Pookie). വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V.Sivankutty) സ്കൂൾ കലോത്സവ കാലത്ത് ഉപയോഗിച്ചതോടെയാണ് ഈ വാക്ക് വൈറലായത്. ഇതിനുശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മാധ്യമപ്രവർത്തകർ പൂക്കി എന്ന് വിളിച്ചതും, അദ്ദേഹത്തിൻറെ രസകരമായ പ്രതികരണവും ചർച്ചയായിരുന്നു. യഥാർത്ഥത്തിൽ ഇതൊരു അമേരിക്കൻ സ്ലാംഗ് ആണ്. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ, സുഹൃത്തുക്കൾ, അല്ലെങ്കിൽ വളരെ 'ക്യൂട്ട്' ആയി തോന്നുന്നവർ എന്നിവരെ സ്നേഹത്തോടെ വിളിക്കുന്ന ഒരു ചെല്ലപ്പേരാണ് പൂക്കി.
അറിഞ്ഞിരിക്കേണ്ട മറ്റ് ചില ട്രെൻഡിംഗ് വാക്കുകൾ:
Slay (സ്ലേ):ഒരാൾ വസ്ത്രധാരണത്തിലോ പ്രവർത്തിയിലോ മികച്ച പ്രകടനം കാഴ്ചവെച്ചാൽ "തകർത്തു" എന്ന അർത്ഥത്തിൽ 'Slayed it' എന്ന് പറയാം.
Delulu (ഡെലൂലു): യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഭാവനയിൽ കാണുന്നവരെ 'ഡെലൂഷണൽ' അഥവാ 'ഡെലൂലു' എന്ന് വിളിക്കുന്നു. "ഡെലൂലു ഈസ് ദി ഒൺലി സൊലൂലു" (സ്വപ്നലോകത്ത് ജീവിക്കുന്നതാണ് ഏക പോംവഴി) എന്നത് ഇന്നത്തെ വലിയൊരു ട്രെൻഡാണ്.
Aura (ഓറ): ഒരാളുടെ വ്യക്തിത്വത്തെ അല്ലെങ്കിൽ പ്രഭാവത്തെയാണ് 'ഓറ' എന്ന് പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇത് പോയിന്റുകളായാണ് (+100 Aura, -50 Aura) കണക്കാക്കുന്നത്.
Flex (ഫ്ലക്സ്): സ്വന്തം നേട്ടങ്ങളോ പണമോ വസ്ത്രമോ മറ്റുള്ളവരെ കാണിച്ച് അഹങ്കരിക്കുന്നതിനെയാണ് 'ഫ്ലക്സിംഗ്' എന്ന് പറയുന്നത്. ലളിതമായി പറഞ്ഞാൽ 'ഷോ കാണിക്കുക' അല്ലെങ്കിൽ 'ജാഡ കാണിക്കുക'.
Bet (ബെറ്റ്): ഒരു കാര്യത്തിന് സമ്മതം മൂളാനോ 'ശരി, നോക്കാം' എന്ന് പറയാനോ ആണ് ഇത് ഉപയോഗിക്കുന്നത്.
Skibidi (സ്കിബിടി): ഇതിന് കൃത്യമായ ഒരു അർത്ഥമില്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് 'മോശം', 'വിചിത്രം' അല്ലെങ്കിൽ 'മികച്ചത്' എന്നീ അർത്ഥങ്ങളിൽ കുട്ടികൾക്കിടയിൽ ഈ വാക്ക് തരംഗമാണ്.
പുതിയ തലമുറയുടെ ഈ തമാശകളും കൗതുകങ്ങളും ഉൾക്കൊള്ളാൻ മലയാളി എന്നും മുൻപന്തിയിലുണ്ട്. ഇനി ആരെങ്കിലും നിങ്ങളെ 'പൂക്കി' എന്ന് വിളിച്ചാൽ പേടിക്കണ്ട, നിങ്ങൾ അവർക്ക് അത്രമേൽ പ്രിയപ്പെട്ടവരാണെന്ന് മാത്രം കരുതിയാൽ മതി!
ഇതൊന്നും കൂടാതെ കുറച്ചുകൂടി കടുപ്പമേറിയ വാക്കുകളും ജെൻ സി കൂട്ടത്തിലുണ്ട്.
ഒരാളുടെ വശീകരണ ശക്തിയെയോ സംസാര ചാതുരിയെയോ സൂചിപ്പിക്കാൻ ഇന്ന് 'Rizz' (റിസ്) എന്നാണ് വിളിക്കുന്നത്. ആരെങ്കിലും പറയുന്നത് കള്ളമാണെന്ന് തോന്നിയാൽ അതിനെ 'Sus' (സസ്) എന്നും, മറിച്ച് പറയുന്ന കാര്യം നൂറു ശതമാനം സത്യമാണെന്ന് ഉറപ്പിക്കാൻ 'No Cap' (നോ ക്യാപ്പ്) എന്നും പുതുതലമുറ ഉപയോഗിക്കുന്നു. ഏതെങ്കിലും ഒരു വ്യക്തിയോ സംഭവമോ നമ്മുടെ മനസ്സിൽ നിന്ന് മായാതെ നിൽക്കുകയാണെങ്കിൽ അത് 'Rent Free' (റെന്റ് ഫ്രീ) ആയി അവിടെ താമസിക്കുന്നു എന്നാണ് അർത്ഥം.
രസകരമായ ഗോസിപ്പുകളെ 'Tea' (ടീ) എന്ന് വിളിക്കുമ്പോൾ, ആ ഗോസിപ്പ് വെളിപ്പെടുത്തുന്നതിനെ 'Spill the tea' എന്ന് വിശേഷിപ്പിക്കുന്നു. മറ്റുള്ളവർക്ക് വഴങ്ങാത്ത, തന്റേതായ വഴിയിൽ സഞ്ചരിക്കുന്ന വ്യക്തികളെ 'Sigma' (സിഗ്മ) എന്ന് വിളിക്കുമ്പോൾ, എല്ലായിടത്തും താനാണ് താരം എന്ന രീതിയിൽ പെരുമാറുന്നവരെ 'Main Character Energy' ഉള്ളവർ എന്നും പറയാം. ഒരാളെ തെളിവുസഹിതം കയ്യോടെ പിടികൂടുന്നതിനെ 'Caught in 4K' എന്ന് വിശേഷിപ്പിക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. തമാശയോ അത്ഭുതമോ തോന്നുമ്പോൾ ഉപയോഗിക്കുന്ന 'I’m Crying', ഒരാളുമായി പെട്ടെന്ന് ബന്ധം വിച്ഛേദിക്കുന്നതിനെ സൂചിപ്പിക്കുന്ന 'Ghosting' എന്നിവയും ഇന്നത്തെ ഡിജിറ്റൽ ഭാഷയിലെ പ്രധാനികളാണ്.
(ചിത്രം എ ഐ നിർമ്മിതം)
