അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന മകള്‍ ആശ ലോറൻസിൻ്റെ ഹർജി സുപ്രീം കോടതി തള്ളി. മൃതദേഹം വിട്ടുനല്‍കിയത് ഹൈക്കോടതി ശരിവച്ചത് എല്ലാ വശങ്ങളും പരിഗണിച്ചാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മൃതദേഹം വൈദ്യപഠനത്തിന് നല്‍കുന്നത് മരിച്ചയാളുടെയും കുടുംബത്തിന്റെയും പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു.ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വിഎന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
എം.എം. ലോറന്‍സിന്റെ മൃതദേഹം മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ആശ ലോറന്‍സ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയെങ്കിലും മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പിന്നീട് ഡിവിഷന് ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു ഡിവിഷന് ബെഞ്ചും ഉത്തരവിട്ടത്. ഇതിനെതിരെയാണ് ആശ ലോറന്‍സ് സുപ്രീം കോടതിയെ സമീപിച്ചത്.