സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വന്തം സ്കൂൾ മികച്ച നേട്ടം കൊയ്തതിന്റെ ആഹ്ലാദത്തിൽ വിദ്യാർഥികൾ ആഘോഷിച്ചപ്പോൾ ആരുമറിയാതെ പകർത്തിയ ഗോപികയുടെ നൃത്തവീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പാലക്കാടിനെയും തിരുവനന്തപുരത്തെയും പിന്നിലാക്കി 95 പോയിന്റോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി ആലപ്പുഴയുടെ അഭിമാനമായി മാറിയ മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനി ഗോപിക അധ്യാപകർക്ക് മുന്നിൽ നടത്തിയ നൃത്തമാണ് വൈറലായത്. മൂന്ന് ദിനത്തിനുള്ളിൽ ലക്ഷക്കണക്കിനുപേർ കണ്ട വീഡിയോ ആയിരക്കണക്കിന് പേരാണ് ഷെയർചെയ്തിരിക്കുന്നത്. സ്കൂൾ കലോത്സവത്തിലെ വിജയാഘോഷത്തിന്റെ ഭാഗമായി ട്രോഫികൾക്കൊപ്പമുള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും സന്തോഷനിമിഷങ്ങൾ പകർത്താനെത്തിയ മാന്നാർ പ്രണവ് സ്റ്റുഡിയോ ഉടമ പ്രണവ് മണിയാണ് ഗോപികയുടെ നൃത്തം കാമറയിൽ ഒപ്പിയെടുത്ത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് ഗോവർധനത്തിൽ ഗോപകുമാർ –- -ദേവകി ദമ്പതികളുടെ ഏകമകളായ ഗോപിക നൃത്തം അഭ്യസിച്ചിട്ടുണ്ടെങ്കിലും കലോത്സവ വേദികളിലൊന്നും പങ്കെടുത്തിരുന്നില്ല. തന്റെ വിദ്യാലയം സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയപ്പോഴുണ്ടായ ആഹ്ലാദത്തിൽ നൃത്തംചെയ്തതാണെന്നും കാമറയിൽ പകർത്തിയത് അറിഞ്ഞിരുന്നില്ലെന്നും ഗോപിക പറഞ്ഞു. വീഡിയോ വൈറലായതിൽ ഏറെ അഭിമാനിക്കുന്നതായി പ്രണവ് മണി പറഞ്ഞു.