യു.എസ്. ലോസ് ആഞ്ജലിസിൽ പടർന്നുപിടിക്കുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിന് യു.എസ്. അഗ്നിരക്ഷാ സേനയുടെ ഏറ്റവും ശക്തനായ പോരാളിയാവുകയാണ് കാനഡയിൽ നിന്ന് എത്തിച്ച സൂപ്പർ സ്കൂപ്പർ വിമാനം. ഒരേസമയം കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനമാണ് സൂപ്പർ സ്കൂപ്പറുകൾ.
കാട്ടുതീ അണയ്ക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളതാണ് സി.എൽ.-415 എന്ന ഈ വിമാനം. ലോസ് ആഞ്ജലിസിൽ എത്തിയിരിക്കുന്ന സൂപ്പർ സ്കൂപ്പർ മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് 16,000 ഗാലൺ വെള്ളമാണ് തീപടരുന്ന പ്രദേശങ്ങൾക്ക് മുകളിൽ തളിക്കുന്നത്. ഹെലികോപ്ടറുകളെക്കാളും എയർ ടാങ്കറുകളെക്കാളും പ്രവർത്തന ക്ഷമതയും എളുപ്പവുമാണ് സൂപ്പർ സ്കൂപ്പറിന്റെ പ്രവർത്തനം.
ജലാശയങ്ങളിൽ അടിഭാഗം മുട്ടുംവിധം താഴ്ന്നുപറന്ന്, ടാങ്കുകളിൽ വലിയതോതിൽ വെള്ളം നിറച്ച്, പ്രത്യേകതരം പതയുമായി കൂട്ടിക്കലർത്തി തീയുള്ള പ്രദേശങ്ങൾക്ക് മുകളിലൂടെ പറന്ന്, ഈ വെള്ളം വലിയ അളവിൽ താഴേക്ക് തളിക്കുന്നതാണ് സൂപ്പർ സ്കൂപ്പറിന്റെ രീതി. ജലാശയങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോൾ വിമാനത്തിന്റെ വേഗതയ്ക്ക് അനുസൃതമായാണ് എതിർദിശയിൽ ഘടിപ്പിച്ചിട്ടുള്ള ടാങ്കുകളിലേക്ക് വെള്ളം നിറയുന്നത്.
അതായത്, ജലാശയത്തിന് മുകളിലൂടെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് സൂപ്പർ സ്കൂപ്പർ സഞ്ചരിക്കുക. ഈ വേഗതയ്ക്ക് അനുസൃതമായാണ് വിമാനത്തിലെ ടാങ്കുകളിൽ വെള്ളം നിറയുക. ഹെലികോപ്ടറുകളെയോ എയർ ടാങ്കറുകളെ പോലെയോ സൂപ്പർ സ്കൂപ്പറിന് എവിടെയും വിമാനം ലാൻഡ് ചെയ്യിക്കേണ്ടി വരുന്നില്ല. പറക്കലിന്റെ ഇടയിൽ തന്നെ വെള്ളം നിറയ്ക്കലും, അതും മറ്റുള്ളവയേക്കാൾ വേഗത്തിലും കൂടുതലും നടക്കുന്നു.
ടാങ്ക് നിറയ്ക്കാൻ, അതായത്, 16,000 ഗാലൺ വെള്ളം നിറയ്ക്കാൻ 12 സെക്കൻഡ് മതിയാവും സൂപ്പർ സ്കൂപ്പറിന്. ഇതുകൂടാതെ ഹോസ് ഉപയോഗിച്ചും വെള്ളം നിറയ്ക്കാം. ടാങ്ക് നിറച്ചാൽ മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് തീപിടിച്ച ഇടത്തെത്തും. ഒറ്റയടിയ്ക്കോ, നാല് ഡോറുകൾ വഴി വിവിധ ഘട്ടങ്ങളിലൂടെയോ പൈലറ്റിന് വെള്ളം തളിക്കാം. അതുകൊണ്ടുതന്നെ, കാട്ടുതീ അണയ്ക്കുന്നതിന് ഏറ്റവും ഫലവത്തായ മാർഗമാണ് സൂപ്പർ സ്കൂപ്പറുകളുടെ ഉപയോഗം എന്നാണ് വിലയിരുത്തൽ.
വെള്ളം തളിക്കുന്ന സൂപ്പർ സ്കൂപ്പറുകൾക്ക് ഒപ്പം ലോസ് ആഞ്ചെലെസിലെ വിവിധയിടങ്ങളില്‍ പിങ്ക് നിറത്തിലുള്ള ഒരു പൊടി അഗ്നിമേഖലകള്‍ക്ക് മുകളില്‍ വിതറി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. എന്താണ് പിങ്ക് നിറത്തിലുള്ള ഈ പൗഡര്‍?.കാട്ടുതീയെ ചെറുക്കാന്‍ എയര്‍ ടാങ്കറുകള്‍ ഈ പദാര്‍ഥം ഇവിടെ വിതറുന്നത് തുടരുന്നുണ്ട്. വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഇത് അഗ്നിബാധയിടങ്ങളില്‍ വ്യാപകമായി വിതറുകയാണ് ചെയ്യുന്നത്.
1960-കള്‍ മുതല്‍ യുഎസിലുടനീളം വ്യാപകമായി ഉപയോഗിക്കുന്ന ഫയര്‍ റിട്ടാര്‍ഡന്റ് ആയ ഫോസ്-ചെക്ക് ആണ് ഈ പദാര്‍ഥം. പെരിമീറ്റര്‍ സൊല്യൂഷന്‍സ് എന്ന കമ്പനി നിര്‍മിച്ച ഇത്, ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫയര്‍ റിട്ടാര്ഡന്റാണ്. ഫോസ്-ചെക്കില്‍ ചേര്‍ത്ത ഡൈ, പൈലറ്റുമാര്‍ക്കും അഗ്നിശമന സേനാംഗങ്ങളും പൊടി തിരിച്ചറിയാനുള്ള അടയാളമായി പ്രവർത്തിക്കുന്നു. റിട്ടാര്‍ഡന്റ് എവിടെ വിന്യസിച്ചിട്ടുണ്ടെന്ന് കാണാന്‍ ഇത് സഹായിക്കുന്നു. പൊടിയിൽ സൂര്യപ്രകാശം ഏല്ക്കുമ്പോള് നിറം മങ്ങുകയും പ്രകൃതിദത്തമായ മണ്ണിന്റെ നിറങ്ങളുമായി ലയിക്കുകയും ചെയ്യുന്നു.
തീജ്വാലകള്‍ നേരിട്ട് അണയ്ക്കുന്നതിന് പകരം, ഫോസ്-ചെക്ക് തീപിടുത്തത്തിന് മുന്‍കൂര്‍ ആയി സ്പ്രേ ചെയ്യുന്നു, അങ്ങനെ സസ്യജാലങ്ങളെയും മറ്റ് കത്തുന്ന പ്രതലങ്ങളെയും പൊടി മൂടുന്നു. ഇത് തീയിലേക്ക് ഓക്സിജന്‍ നിറയ്ക്കുന്നത് തടയുന്നു. അങ്ങനെ തീ പടരുന്നത് പതുക്കെയാക്കുന്നു. റിട്ടാര്ഡന്റിന് കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനും വെള്ളത്തേക്കാള്‍ കൂടുതല്‍ കാലം നിലനില്ക്കാനും കഴിയും.
കാട്ടുതീ അണയ്ക്കാന്‍ ഈ പിങ്ക് പദാര്‍ഥം ആകാശത്ത് നിന്ന് വിതറുന്നതിന്റെ നിരവധി വീഡിയോകളും ഫോട്ടോകളും ആഗോള മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. Phos-Chek പ്രകൃതിക്ക് ദോഷമാണ് എന്ന തരത്തില്‍ വിമര്‍ശനം മുമ്പ് ശക്തമായിട്ടുണ്ട്. ജലം മലിനപ്പെടുത്തുന്നത് അടക്കമുള്ള പ്രത്യാഘാതങ്ങളാണ് ഫോസ്-ചെക്കിന് അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.