നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലില്‍ നാടകീയ രംഗങ്ങള്‍. ബോണ്ട് ഒപ്പിടാന്‍ വിസമ്മതിച്ച ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചു.റിമാൻഡ് കാലാവധി കഴിഞ്ഞ തടവുകാരെ പുറത്ത് വിടാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കൂടി കാക്കനാട് ജില്ലാ ജയിലിൽ തുടരാനാണ് ബോബിയുടെ തീരുമാനമെന്നാണ് വിശദീകരണം. അഭിഭാഷകരോട് ജാമ്യ ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറേണ്ടെന്ന് ബോബി നിർദേശിച്ചെന്നും വിവരമുണ്ട്. അതേസമയം മകര വിളക്ക് ഉൾപ്പെടെ വാർത്താ പ്രാധാന്യമുള്ള മറ്റ് സംഭവങ്ങളുള്ളതിനാൽ ഇന്ന് പുറത്തിറങ്ങിയാൽ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാത്തതിനാലാണ് ബോബി ജയിലിൽ തുടരുന്നതെന്നും സൂചനയുണ്ട്.
ജാമ്യവ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായി പല തടവുകാർക്കും 10,000 മുതൽ 50,000 രൂപവരെ ബോണ്ടും ആൾ ജാമ്യവും ഏർപ്പെടുത്തിയാണ് ജാമ്യം അനുവദിക്കാറുള്ളത്. എന്നാൽ ഇതിനു സാധിക്കാതെ നിരവധി പേർ ജയിലിൽ തുടരുകയാണെന്നും ഇവർക്ക് ഐക്യദാർഢ്യം നൽകി ജയിലിൽ തുടരുകയാണെന്നാണ് ബോബിയുടെ വാദം. എന്നാൽ തനിക്ക് പറയാനുള്ളത് കേൾക്കാൻ മാധ്യമങ്ങളില്ലാത്തതിനാലാണ് ബോബി പുറത്തിറങ്ങാത്തതെന്നും സൂചനയുണ്ട്. ബുധനാഴ്ച പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പുറത്തിറങ്ങുന്നില്ല എന്ന് വ്യക്തമായതോടെ ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് എത്തിയവര്‍ മടങ്ങിപ്പോയി