ഹൈക്കോടതിയോട് നിരുപാധികം മാപ്പപേക്ഷിച്ച് ബോബി ചെമ്മണ്ണൂര്‍. കോടതി അവഹേളിക്കാനല്ല ജാമ്യാപേക്ഷ ലഭിച്ചിട്ടും പുറത്തിറങ്ങാത്തതെന്നും റിലീസ് ഓര്‍ഡര്‍ അഭിഭാഷകന് എത്തിക്കാന്‍ വൈകിയതാണെന്നും ബോബിയുടെ അഭിഭാഷകന് പറഞ്ഞു. എന്നാല്‍, അയാള്‍ ഏതുദിവസം ഇറങ്ങിയാലും കോടതിക്ക് ഒന്നുമില്ലെന്നും പക്ഷേ കോടതിയെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.നാക്കുപിഴയാണ് ഉണ്ടായതെന്നും അതിനാൽ തുടർനടപടികൾ ഉണ്ടാകരുതെന്നുമുള്ള ബോബി ചെമ്മണ്ണൂരിന്റെ അപേക്ഷ കോടതി സ്വീകരിച്ചു. രേഖാമൂലമുള്ള മാപ്പപേക്ഷ ബോബി ചെമ്മണൂർ കോടതിയിൽ സമർപ്പിക്കുമെന്ന് അഭിഭാഷകർ വ്യക്തമാക്കി.
ജാമ്യവുമായി ബന്ധപ്പെട്ട് ഇന്നു മൂന്നാം തവണയാണ് കോടതി ബോബിയുടെ അഭിഭാഷകരെ വിളിച്ചു വരുത്തി സംസാരിച്ചത്. കോടതി ഉയർത്തിയ എല്ലാ ആശങ്കകളും തങ്ങളും പങ്കുവയ്ക്കുന്നെന്ന് അഭിഭാഷകർ വ്യക്തമാക്കി. സംഭവിച്ചതിൽ ബോബിക്ക് നല്ല വിഷമമുണ്ട്. നിരുപാധികം മാപ്പുപേക്ഷിക്കുന്നു. ജയിലിൽനിന്നു പുറത്തിറങ്ങിയപ്പോൾ നിറയെ മാധ്യമപ്രവർത്തകരായിരുന്നു. അപ്പോൾ സംഭവിച്ച നാക്കുപിഴയായി കണ്ട് നടപടികളൊന്നും സ്വീകരിക്കരുതെന്ന് ബോബിയുടെ അഭിഭാഷകർ കോടതിയോട് പറഞ്ഞു. ബോബിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യുന്നതിലേക്ക് വരെ തങ്ങൾക്ക് കടക്കേണ്ടി വരുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
രൂക്ഷമായ വിമര്‍ശനങ്ങളും താക്കീതുമാണ് ഹൈക്കോടതിയില്‍ നിന്ന് ബോബി ചെമ്മണ്ണൂരിന് ഇന്ന് നേരിടേണ്ടി വന്നത്. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് 1.45ന് വീണ്ടും പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.
എന്തുകൊണ്ടാണ് ഇന്നലെ ജയിലില്‍ നിന്ന് പുറത്തിറങ്ങാത്തത് എന്നതിനെ സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കണമെന്നാണ് ബോബി ചെമ്മണ്ണൂരിനോട് കോടതി ആവശ്യപ്പെട്ടത്. ജാമ്യ ഉത്തരവ് കിട്ടിയിരുന്നെങ്കിലും ഇന്നലെ മെട്രോയിലെ പണി കാരണം എത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.
ഇന്ന് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മാധ്യമങ്ങള്‍ വളഞ്ഞപ്പോഴുള്ള സംഭ്രമത്തില്‍ പറഞ്ഞതാണ്. മാധ്യമങ്ങളോട് പറഞ്ഞത് നാക്ക് പിഴയാണെന്നും ഈ രീതിയില്‍ ഇനി വാ തുറക്കില്ലെന്നും അഭിഭാഷകന് കോടതിക്ക് ഉറപ്പ് നല്കി. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. നിരുപാധികമായി മാപ്പ് പറയാമെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാപ്പ് അംഗീകരിച്ച കോടതി ജാമ്യം റദ്ദാക്കുന്നില്ലെന്ന് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ ബോബിയുടെ അഭിഭാഷകരെ വിളിച്ചുവരുത്തിയ കോടതി, എന്തുകൊണ്ടാണു ചൊവ്വാഴ്ച കാക്കനാട് ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങാതിരുന്നതെന്ന് അന്വേഷിച്ചിരുന്നു. പിന്നാലെ രൂക്ഷവിമർശനം ഉന്നയിക്കുകയും കോടതിയെ ധിക്കരിച്ചാൽ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. ഉച്ചയ്ക്ക് 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ബോബിയുടെ അഭിഭാഷകർ നിരുപാധികം മാപ്പു പറഞ്ഞു, പക്ഷേ കോടതി അംഗീകരിച്ചില്ല. തടവുകാർക്കു വേണ്ടിയാണോ ബോബി തലേന്നു ജയിലിൽ കഴിഞ്ഞതെന്നു മാധ്യമങ്ങളോടു പറഞ്ഞോ എന്ന് അറിയിക്കാൻ കോടതി നിർദേശം നൽകി. 1.45ന് വിഷയം വീണ്ടും കേട്ടപ്പോൾ ബോബിയുടെ അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു.
രാവിലെ കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷമായ പ്രതികരണം വന്നതോടെ ഉച്ചയ്ക്ക് കേസ് പരിഗണിക്കുന്നതിന് മുൻപ്, നിലപാട് മാറ്റി വ്യവസായി ബോബി ചെമ്മണൂർ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കോടതിയോട് എന്നും ബഹുമാനമാണെന്നും ബോബി പറഞ്ഞു. തന്റെ വാക്കുകൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മാധ്യമങ്ങളോടു ബോബി വ്യക്തമാക്കി.
‘‘സാങ്കേതികപ്രശ്നം കാരണം റിലീസിങ് ഓർഡർ എത്താൻ വൈകിയതിനാലാണ് ഇന്നലെ ജയിൽമോചനം സാധിക്കാതിരുന്നത്. ഇന്നലെ ഉത്തരവ് എത്തുമെന്നാണു പറഞ്ഞിരുന്നതെങ്കിലും ആരും എന്നെ സമീപിച്ചില്ല. ഇന്നു രാവിലെയാണ് ഉത്തരവ് കിട്ടിയത്, ഉടനെ പുറത്തിറങ്ങുകയും ചെയ്തു. സഹതടവുകാരെ സഹായിക്കാൻ വേണ്ടി ജയിലിൽനിന്ന് ഇറങ്ങാതിരുന്നതല്ല. അങ്ങനൊരു കാരണവും ഉണ്ടായിരുന്നെന്നു മാത്രം.
റസ്റ്ററന്റിൽ ഭക്ഷണത്തിന്റെ ബിൽ കൊടുക്കാതെ പോയതടക്കം ചെറിയ കേസുകളിൽപ്പെട്ട ഒട്ടേറെപ്പേർ ജയിലിൽ ഉണ്ടായിരുന്നു. ഒരുപാടുപേർ എന്നോടു സഹായം ചോദിച്ചു. ഇത്തരത്തിൽ ചെറിയ കേസുകളുള്ള 26 പേരെ കണ്ടു. 5000, 10000 രൂപയൊക്കെ അടച്ചാൽ അവർക്കു പുറത്തിറങ്ങാം. അർഹരായവരെ സാമ്പത്തികമായി സഹായിക്കാമെന്നു മറുപടി നൽകി. നിയമസഹായം നൽകുന്നതു പരിഗണിക്കാമെന്നും പറഞ്ഞു. മറ്റു ചാരിറ്റികളുടെ കൂട്ടത്തിൽ ഇവർക്കായി ഒരു കോടി രൂപ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അനുവദിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ജയിലിൽ രേഖകൾ ഒപ്പിടാൻ നിരസിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. അത്തരം രേഖകളൊന്നും അവിടെ എത്തിച്ചിരുന്നില്ല. മനപ്പൂർവം ആരെയും വിഷമിപ്പിക്കാൻ വേണ്ടി ഞാനൊന്നും പറയാറില്ല. കഴിയാവുന്ന സഹായങ്ങൾ ചെയ്യുന്ന വ്യക്തിയാണ്. മനപ്പൂർവമല്ലെങ്കിൽപ്പോലും എന്റെ വാക്കുകൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ യാതൊരു ബുദ്ധിമുട്ടോ ഈഗോയോ കോംപ്ലക്സോ ഇല്ല. മാപ്പ് ചോദിക്കുന്നു. ഭാവിയിൽ എന്റെ വാക്കുകളിൽ കൂടുതൽ ശ്രദ്ധിക്കും. ദ്വയാർഥ പ്രയോഗമുണ്ടെന്നു കോടതി പറഞ്ഞതു ബോധ്യപ്പെട്ടു.
കോടതിയെ ബഹുമാനിക്കുന്നു, കോടതിയോടു തീർച്ചയായും മാപ്പ് ചോദിക്കും. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഇത്രയും കാലത്തിനിടയ്ക്കു കോടതിയെ ധിക്കരിച്ചെന്ന സംഭവം ഉണ്ടായിട്ടില്ല, ഇനിയും ഉണ്ടാകില്ല. ഹൈക്കോടതി പറഞ്ഞതുപോലെ നാടകം കളിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല. ഞാനൊരു ബിസിനസുകാരനാണ്. വിവരമുള്ള ആരെങ്കിലും കോടതിയോടൊക്കെ കളിക്കുമോ? ചെയ്യില്ല. ആ ഉദ്ദേശ്യത്തോടെ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ഉണ്ടായിട്ടില്ല. കോടതിയോട് എന്നും ബഹുമാനം മാത്രമേയുള്ളൂ, ധിക്കരിച്ചിട്ടില്ല.
ഇന്നലെയും ഇന്നും ജയിലിനു മുന്നിൽ വരികയും ഞാൻ പുറത്തിറങ്ങിയപ്പോൾ പടക്കം പൊട്ടിക്കുകയും ചെയ്തവരുമായി യാതൊരു ബന്ധവുമില്ല. ജയിലിലേക്ക് ആരും വരരുതെന്ന് എല്ലാ ജില്ലകളിലെയും ‘ബോചെ ഫാൻസ്’ കോഓർഡിനേറ്റർമാർക്കു നേരത്തേ നിർദേശം നൽകിയിരുന്നു. അവിടെവന്നു തിക്കുംതിരക്കും ഉണ്ടാക്കിയാൽ എന്നെയാണു ബാധിക്കുക, ഞാൻ പുറത്തിറങ്ങിയ ശേഷം സന്തോഷമായിട്ടു കൂടാം എന്നാണു പറഞ്ഞിട്ടുള്ളത്. സെലിബ്രിറ്റികളെ ജ്വല്ലറി ഉദ്ഘാടനത്തിനു ക്ഷണിക്കുന്നതു പരസ്യത്തിനാണ്, ഇനിയും ക്ഷണിക്കും. കേസും അറസ്റ്റും ബിസിനസിനെ ബാധിച്ചിട്ടില്ല.’’– ബോബി വിശദീകരിച്ചു.
ജയിലിനു മുന്നിൽ വൻ സ്വീകരണത്തിന് വന്നു ; സമ്മതിച്ചില്ല
ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചതിന് പിന്നാലെ രാവിലെ പടക്കം പൊട്ടിച്ച് സ്വീകരിക്കാനെത്തിയ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരുടെ ആഘോഷ പ്രകടനങ്ങൾ തടഞ്ഞ് പൊലീസ്. ജയിലിന് പുറത്ത് പടക്കം പൊട്ടിച്ച് ആഘോഷം നടത്താൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. പടക്കം പിടിച്ചെടുക്കുകയും ചെയ്തു. പടക്കം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നേരിയ സംഘർഷാവസ്ഥയും ജയിലിന് പുറത്ത് ഉടലെടുത്തു.
ബോബി ചെമ്മണ്ണൂരിന് വേണ്ടി ഓലപ്പടക്കം പൊട്ടിച്ച് ജയിലിൽ പോകാൻ തയ്യാറാണെന്ന് അസോസിയേഷൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. കേസെടുത്താലും പടക്കം പൊട്ടിക്കുമെന്ന് ഭാരവാഹികൾ വാശി പിടിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി. ബോബി ചെമ്മണ്ണൂരിനെ തൃശൂരിലെത്തി കാണുമെന്നും അവിടെ വെച്ച് മാലയിട്ടും പടക്കം പൊട്ടിക്കുമെന്നും പ്രതിനിധികൾ പറഞ്ഞു.
ജയിൽ പോലുള്ള സുരക്ഷിത മേഖലയിൽ , പ്രത്യേകിച്ച് പൊതുസ്ഥലത്ത് അനുവാദമില്ലാതെ പടക്കം പൊട്ടിക്കാൻ സമ്മതിക്കില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഒടുവിൽ ജയിലിന് പുറത്ത് ആഘോഷ പ്രകടനം നടത്തേണ്ടെന്ന് തീരുമാനിച്ച് സംഘടനാ പ്രവർത്തകർ മടങ്ങിപ്പോവുകയായിരുന്നു