കഴിഞ്ഞ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുരോഗതി രേഖ (Progress Report) എൽഡിഎഫ് സർക്കാർ പുറത്തുവിട്ടു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുന്നോട്ട് വെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം പൂർത്തിയാക്കാൻ സാധിച്ചുവെന്ന് എൽഡിഎഫിന്റെ പ്രോഗ്രസ് (LDF Progress Report) റിപ്പോർട്ട് പറയുന്നു. പ്രധാനമായും ഭവനരഹിതർക്കായി നടപ്പിലാക്കിയ ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ചു നൽകുകയും, അതുവഴി 20 ലക്ഷം പേർക്ക് സുരക്ഷിതമായ പാർപ്പിടം ഉറപ്പാക്കുകയും ചെയ്തു. കൂടാതെ, തീരദേശ മേഖലയിലെ പുനരധിവാസത്തിനായി 'പുനർഗേഹം' പദ്ധതി വഴി 2782 വീടുകളും 738 ഫ്ലാറ്റുകളും കൈമാറിയതും വലിയ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നു.
സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ രംഗത്തും ദാരിദ്ര്യനിർമ്മാർജ്ജനത്തിലും വലിയ മുന്നേറ്റം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) വ്യക്തമാക്കി. അറുപതിനായിരത്തിലധികം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചതും, കടബാധ്യത മൂലം വീട് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ 'ഏക കിടപ്പാട സംരക്ഷണ നിയമം' കൊണ്ടുവന്നതും ജനപക്ഷ ബദലുകളുടെ ഉദാഹരണമാണ്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി 16 ലക്ഷത്തോളം വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്നുണ്ടെന്നും, 'കെ-സ്മാർട്ട്' പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളിലൂടെ 82 ലക്ഷം അപേക്ഷകൾ അതിവേഗം തീർപ്പാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വിദ്യാഭ്യാസ മേഖലയിലും സർക്കാർ നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. പിഎസ്സി വഴി 3,13,202 പേർക്ക് നിയമനം നൽകിയതിനൊപ്പം ഉദ്യോഗാർത്ഥികളുടെ പ്രായപരിധി ഉയർത്തുകയും ചെയ്തു. 'കെ-ഡെസ്ക്' വഴി 2.66 ലക്ഷം തൊഴിലവസരങ്ങൾ ഒരുക്കിയതും, ഡിഗ്രി തലം വരെ വിദ്യാഭ്യാസം സൗജന്യമാക്കിയതും എടുത്തു പറയേണ്ട കാര്യങ്ങളാണ്. 'കണക്ട് ടു വർക്ക്' പദ്ധതിയിലൂടെ 75,366 പേർക്ക് സാമ്പത്തിക സഹായം എത്തിക്കാനും സാധിച്ചു. കൂടാതെ പ്രവാസികളുടെ ക്ഷേമത്തിനായി 150 കോടി രൂപ നീക്കിവെച്ചതും പ്രവാസികൾക്ക് വലിയ ആശ്വാസമായി.
വികസന രംഗത്ത് കേരളം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത തുടങ്ങിയ വൻകിട പദ്ധതികൾ ഇതിന്റെ തെളിവാണെന്ന് പറഞ്ഞു. വയനാട്ടിൽ 178 വീടുകളുടെ നിർമ്മാണം പൂർത്തിയായ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, കെ-റെയിൽ പോലുള്ള വികസന പദ്ധതികളെ എതിർക്കുന്ന പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി വിമർശിച്ചു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, എൽഡിഎഫ് ഭരണകാലത്ത് ഇത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന വാശിയിൽ യുഡിഎഫും ബിജെപിയും തുരങ്കം വെക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
(പ്രതീകാത്മക ചിത്രം എ ഐ നിർമ്മിതം)
More readക്ഷേമ പെൻഷൻ ഇവിടെയും 3000 ; പ്രകടനപത്രികയുമായി യുഡിഎഫും
