പൈലറ്റ് പരിശീലനത്തിനായി ആധുനിക ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി വിമാനത്താവളത്തിൽ പുതിയ റൺവേ.
(എ ഐ നിർമ്മിത പ്രതീകാത്മക ചിത്രം)
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി(Assembly Election 2026) യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിൽ ജനക്ഷേമത്തിനും വികസനത്തിനുമായി വിപുലമായ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുറത്തിറക്കിയ പത്രികയുടെ ആദ്യ പേജിൽ തന്നെ പ്രധാനപ്പെട്ട ആറ് കാര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, സാമൂഹിക സുരക്ഷാ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലെ പ്രധാന വാഗ്ദാനങ്ങൾ. കൂടാതെ, അർഹരായവർക്ക് പെൻഷൻ ഉറപ്പാക്കാൻ പ്രത്യേക നിയമം കൊണ്ടുവരും. തെരഞ്ഞെടുപ്പ് പ്രചാരണം മുതൽ യുഡിഎഫ് ഉയർത്തിക്കാട്ടുന്ന 'ഇന്ദിര ഗ്യാരന്റി'യിൽ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള 'ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷൂറൻസ്', യുവാക്കൾക്ക് ബിസിനസ് ആരംഭിക്കാൻ 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് എന്നിവയും ഉൾപ്പെടുന്നു (Udf election manifesto)
വിനോദസഞ്ചാര-വികസന മേഖലകളിൽ 'മിഷൻ സമുദ്ര' എന്ന സ്വപ്നപദ്ധതിയാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്നത്. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, 44 നദികൾ, 34 തടാകങ്ങൾ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയെ സമഗ്രമായി സംയോജിപ്പിച്ച് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ലോക ടൂറിസം ഭൂപടത്തിൽ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വ്യോമയാന മേഖലയിൽ പൈലറ്റ് പരിശീലനത്തിനായി ആധുനിക ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി വിമാനത്താവളത്തിൽ രണ്ടാം ഘട്ട റൺവേ, കണ്ണൂരിൽ വിപുലമായ വികസന പ്രവർത്തനങ്ങൾ, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കായി എംആർഒ കേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ് പാർക്കുകൾ എന്നിവ സ്ഥാപിക്കും. വ്യവസായ രംഗത്ത് 100 കോടിയിലധികം വാർഷിക വരുമാനമുള്ള 10,000 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിക്കാൻ റിവോൾവിംഗ് ഫണ്ട് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ നൽകും. മാറുന്ന തൊഴിൽ സാഹചര്യങ്ങൾ പഠിക്കാൻ 'ജോബ് വാച്ച് സഭ' രൂപീകരിക്കുകയും വയനാട് ജില്ലയിൽ ആധുനിക സൗകര്യങ്ങളുള്ള 'ട്രൈബൽ യൂണിവേഴ്സിറ്റി' സ്ഥാപിക്കുകയും ചെയ്യും.
സാമൂഹിക നീതിക്കും പട്ടിണി നിർമ്മാർജ്ജനത്തിനും ഊന്നൽ നൽകുന്ന പത്രികയിൽ 'വിശപ്പുരഹിത കേരളം' ഉറപ്പാക്കാൻ ഇന്ദിര കാന്റീനുകൾ ആരംഭിക്കുമെന്നും അർഹരായവർക്ക് സൗജന്യ റേഷൻ നൽകുമെന്നും പറയുന്നു. അതിദാരിദ്ര്യം അനുഭവിക്കുന്നവർക്കായി 'നവ ആശയം' പദ്ധതി നടപ്പിലാക്കും. യുവശക്തിക്കായി പദ്ധതി വിഹിതത്തിന്റെ 5 ശതമാനം മാറ്റിവെക്കുന്നതിനൊപ്പം 'യുവശ്രീ' സംഘങ്ങൾ രൂപീകരിക്കും. ഭിന്നശേഷിക്കാർക്ക് പെൻഷനിൽ 25 ശതമാനം അധികം തുക നൽകും, ട്രാൻസ്ജെൻഡർ വിഭാഗത്തിനായി പ്രത്യേക വികസന പാക്കേജ് ഏർപ്പെടുത്തും. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളിലെ തടസ്സങ്ങൾ നീക്കാനും സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാനും നടപടി സ്വീകരിക്കും. കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതി തരംഗം തുടങ്ങിയ ജനപ്രിയ ആരോഗ്യ പദ്ധതികൾ പുനരാരംഭിക്കുമെന്നും പത്രിക വ്യക്തമാക്കുന്നു.
മത്സ്യബന്ധന ബോട്ടുകൾ, കെഎസ്ആർടിസി, ഓട്ടോറിക്ഷകൾ, ടാക്സികൾ എന്നിവയ്ക്ക് ഇന്ധന സബ്സിഡി നൽകുന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. ആശാ വർക്കർമാരുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപയാക്കും; അംഗനവാടി, സ്കൂൾ പാചക തൊഴിലാളികൾ തുടങ്ങിയവരുടെ ആനുകൂല്യങ്ങൾ പരിഷ്കരിക്കും. ആരോഗ്യമേഖലയിൽ ബജറ്റ് വിഹിതം വർദ്ധിപ്പിക്കുകയും ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്ക് ഡയാലിസിസ് സൗജന്യമാക്കുകയും ചെയ്യും. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് 'ബെഡ് ഒരു അവകാശമായി' മാറ്റുകയും വയോജനങ്ങൾക്കായി കർമ്മസേന രൂപീകരിക്കുകയും ചെയ്യും. കൂടാതെ, പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ വിവാഹം നടത്താൻ 'സ്നേഹ സുമംഗലി' മണ്ഡപങ്ങൾ നിർമ്മിക്കുമെന്നും അർഹരായ വിദ്യാർത്ഥികൾക്ക് കെ.ആർ. നാരായണൻ സ്കോളർഷിപ്പ് ലഭ്യമാക്കുമെന്നും യുഡിഎഫ് പ്രകടനപത്രിക ഉറപ്പുനൽകുന്നു.
