അക്കൗണ്ട് ഹിസ്റ്ററിയിലോ മറ്റ് വിവരങ്ങളിലോ മാറ്റങ്ങൾ വരാതെ തന്നെ ലഭ്യമായ ഏത് യൂസർനെയിമും തെരഞ്ഞെടുക്കാം.
(ചിത്രം എ ഐ നിർമ്മിതം)
ജിമെയിൽ (Gmail) സേവനം ആരംഭിച്ച് 22 വർഷങ്ങൾ പിന്നിടുമ്പോൾ ഉപഭോക്താക്കൾക്ക് തങ്ങളുടെ യൂസർനെയിം മാറ്റാനുള്ള വിപ്ലവകരമായ സൗകര്യം ഗൂഗിൾ ഒരുക്കുന്നു. 2004-ൽ ജിമെയിൽ പ്രവർത്തനം തുടങ്ങിയത് മുതൽ ഒരു അക്കൗണ്ട് ഐഡി (Gmail ID)ഒരിക്കൽ നിശ്ചയിച്ചാൽ അത് പിന്നീട് മാറ്റാൻ സാധിക്കുമായിരുന്നില്ല. പുതിയൊരു ഇമെയിൽ വിലാസം വേണമെന്നുണ്ടെങ്കിൽ നിലവിലുള്ള അക്കൗണ്ട് ഉപേക്ഷിച്ച് മറ്റൊന്ന് തുടങ്ങുക എന്നതായിരുന്നു ഉപഭോക്താക്കൾക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി. എന്നാൽ ഈ പരിമിതി മറികടക്കാനുള്ള പുതിയ അപ്ഡേറ്റിനെക്കുറിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിൾ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ വളർച്ചയ്ക്കൊപ്പം അവരുടെ അക്കൗണ്ടിനെയും പരിഷ്കരിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചർ കൊണ്ടുവരുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം മുതൽ നടന്നു വരികയാണെന്നും നിലവിൽ അമേരിക്കയിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാണെന്നും കമ്പനി അറിയിച്ചു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ എക്സിൽ (പഴയ ട്വിറ്റർ) കുറിച്ചത് ഇങ്ങനെയാണ്: "2004 ഒരു നല്ല വർഷമായിരുന്നു, എന്നാൽ നിങ്ങളുടെ ജിമെയിൽ വിലാസം ആ വർഷത്തിൽ തന്നെ തങ്ങേണ്ടതില്ല."
പുതിയ മാറ്റം അനുസരിച്ച് ജിമെയിൽ ഐഡിയിലെ '@gmail.com' എന്നതിന് മുൻപുള്ള ഭാഗം ഉപഭോക്താക്കൾക്ക് മാറ്റാൻ സാധിക്കും. അക്കൗണ്ട് ഹിസ്റ്ററിയിലോ മറ്റ് വിവരങ്ങളിലോ മാറ്റങ്ങൾ വരാതെ തന്നെ ലഭ്യമായ ഏത് യൂസർനെയിമും തിരഞ്ഞെടുക്കാമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ഐഡി മാറ്റുന്നത് നിങ്ങളുടെ അക്കൗണ്ടിലെ ഫോട്ടോകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയെ ഒട്ടും ബാധിക്കില്ല. നിങ്ങളുടെ പഴയ ഇമെയിൽ വിലാസം തനിയെ ഒരു 'ആൾട്ടർനേറ്റീവ് ഇമെയിൽ' (Alternative email address) ആയി മാറുന്നതാണ് ഇതിന്റെ പ്രത്യേകത. അതായത്, പഴയ വിലാസത്തിലേക്കും പുതിയ വിലാസത്തിലേക്കും വരുന്ന ഇമെയിലുകൾ ഒരേ ഇൻബോക്സിൽ തന്നെ നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കും.
ജിമെയിൽ കൂടാതെ മാപ്സ്, യൂട്യൂബ്, ഡ്രൈവ്, ഗൂഗിൾ പ്ലേ തുടങ്ങിയ ഗൂഗിൾ സേവനങ്ങളിൽ ലോഗിൻ ചെയ്യാൻ പഴയ ഇമെയിൽ വിലാസമോ പുതിയ വിലാസമോ ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ ഔട്ട്ലുക്ക്, ആപ്പിളിന്റെ ഐക്ലൗഡ് എന്നിവയിൽ വർഷങ്ങളായി ഈ സൗകര്യം ലഭ്യമാണ്. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യവും വിപണിയിലെ മത്സരവും കണക്കിലെടുത്താണ് ഗൂഗിളിന്റെ ഈ നിർണ്ണായക തീരുമാനം. ലോകമെമ്പാടും ഘട്ടംഘട്ടമായാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ ഇത് എന്നുമുതൽ ലഭ്യമാകുമെന്ന് ഇപ്പോൾ വ്യക്തമല്ല.
നിങ്ങളുടെ അക്കൗണ്ടിൽ ഈ സൗകര്യം ലഭ്യമാണോ എന്നറിയാൻ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സ് തുറന്ന് 'Personal info' എന്ന ടാബ് തിരഞ്ഞെടുക്കുക. അതിൽ 'Email' എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം 'Google Account email' എന്നത് പരിശോധിക്കുക. അവിടെ 'Change Google Account email' എന്ന ഓപ്ഷൻ ഉണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന പുതിയ യൂസർനെയിം നൽകാവുന്നതാണ്. എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന പേര് മുൻപ് ആരും ഉപയോഗിക്കാത്ത ഒന്നായിരിക്കണം എന്ന് ഗൂഗിൾ നിർദ്ദേശിക്കുന്നു.
