മുൻ നിയമസഭാ തിരഞ്ഞെടുപ്പിൽ 355 പേർക്കായിരുന്നു ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നത്.
(എ ഐ നിർമ്മിത ചിത്രം)
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് (Assembly Election 2026) മുന്നോടിയായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളിൽ വലിയൊരു വിഭാഗം ക്രിമിനൽ കേസുകളിൽ പ്രതികളോ കോടീശ്വരന്മാരോ ആണ്.
ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി 863 സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്തതിൽ 38 ശതമാനം പേർ (324 പേർ) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് (Criminal Candidates) വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 201 പേർക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിശകലനം ചെയ്ത 928 സ്ഥാനാർത്ഥികളിൽ 355 പേർക്കായിരുന്നു ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നത്; അന്ന് 167 പേർക്കെതിരെയായിരുന്നു ഗുരുതരമായ കേസുകൾ. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ഗുരുതരമായ കേസുകൾ നേരിടുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ 15 സ്ഥാനാർത്ഥികൾക്കെതിരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും, ഒരാൾക്കെതിരെ ആവർത്തിച്ചുള്ള ബലാത്സംഗ കുറ്റവും, നാല് പേർക്കെതിരെ കൊലപാതകക്കേസും 13 പേർക്കെതിരെ കൊലപാതക ശ്രമത്തിനുള്ള കേസുകളും നിലവിലുണ്ട്.
പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരെ മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ 85 സ്ഥാനാർത്ഥികളിൽ 72 പേർക്കും ക്രിമിനൽ കേസുകളുണ്ട് (ഇതിൽ 60 പേർക്കെതിരെ ഗുരുതരമായ കേസുകൾ). ബിജെപിയുടെ 93 സ്ഥാനാർത്ഥികളിൽ 59 പേരും (39 ഗുരുതരം), സിപിഐഎമ്മിന്റെ 77 സ്ഥാനാർത്ഥികളിൽ 51 പേരും (21 ഗുരുതരം) കേസുകളിൽ പ്രതികളാണ്. മുസ്ലിം ലീഗിന്റെ (IUML) 25 സ്ഥാനാർത്ഥികളിൽ 21 പേർക്കും (13 ഗുരുതരം), സിപിഐയുടെ 24 സ്ഥാനാർത്ഥികളിൽ 13 പേർക്കും (2 ഗുരുതരം) ക്രിമിനൽ പശ്ചാത്തലമുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ കാരണം ബോധിപ്പിക്കണമെന്ന് 2020 ഫെബ്രുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും, ജനപ്രീതിയും സാമൂഹിക സേവനവും പോലുള്ള അടിസ്ഥാനരഹിതമായ കാരണങ്ങൾ പറഞ്ഞ് പാർട്ടികൾ ഇതിനെ പ്രതിരോധിക്കുകയാണെന്ന് എഡിആർ നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പിലെ പണക്കൊഴുപ്പിന്റെ കാര്യത്തിലും റിപ്പോർട്ടിൽ വ്യക്തമായ സൂചനകളുണ്ട്. വിശകലനം ചെയ്ത സ്ഥാനാർത്ഥികളിൽ 39 ശതമാനം പേർ (339 പേർ) കോടീശ്വരന്മാരാണ് (Crorepati Candidates). കോൺഗ്രസിൽ നിന്ന് 61 പേരും ബിജെപിയിൽ നിന്നും സിപിഐഎമ്മിൽ നിന്നും 52 പേർ വീതവും മുസ്ലിം ലീഗിൽ 21 പേരും സിപിഐയിൽ 12 പേരും ഒരു കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ളവരാണ്. ഇത്തവണ സ്ഥാനാർത്ഥികളുടെ ആകെ ആസ്തി 2,403 കോടി രൂപയാണ്. ഒരു സ്ഥാനാർത്ഥിയുടെ ശരാശരി ആസ്തി 2021-ലെ 1.69 കോടി രൂപയിൽ നിന്ന് 2026-ൽ 2.78 കോടി രൂപയായി വർദ്ധിച്ചിരിക്കുന്നു. പ്രമുഖ പാർട്ടികളെല്ലാം സമ്പന്നർക്ക് സീറ്റ് നൽകുന്നതിൽ താൽപ്പര്യം കാണിക്കുന്നത് തിരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനം വർദ്ധിക്കുന്നതിന്റെ തെളിവാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.
More read ക്രെയിനിലേറി സ്ഥാനാർത്ഥികൾ ; നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ
