സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ‘സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന’ സത്യവാങ്മൂലം പൊതുമേഖല സ്ഥാപനങ്ങളിലെയും ബോർഡ്-കോർപറേഷനുകളിലെയും ജീവനക്കാർക്ക് കൂടി ബാധകമാക്കി. സ്വയംഭരണ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കിടയിൽ സ്ത്രീധന സമ്പ്രദായം ഉന്മൂലനം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫിസർ കൂടിയായ വനിതാ ശിശുവികസന വകുപ്പ് ഡയറ്കടർ ഉത്തരവിറക്കിയത്.
വിലപിടിപ്പുള്ള സ്വത്തുക്കൾ, വസ്തുക്കൾ എന്നിവ നേരിട്ടോ രക്ഷിതാക്കൾ, ഇടനിലക്കാർ എന്നിവർ മുഖേനയോ വിവാഹസമയത്തോ അതിനുശേഷമോ നൽകുകയോ വാഗ്ദാനം ചെയ്യുകയോ വാങ്ങുകയോ ചെയ്യുന്നത് 1961ലെ സ്ത്രീധനനിരോധന നിയമപ്രകാരം ശിക്ഷാർഹമാണ്. ഈ നിയമത്തിന്റെ ചുവടുപിടിച്ച് 1992ൽ കേരളത്തിൽ ചട്ടങ്ങൾ പുറത്തിറക്കിയിരുന്നു.
2004ൽ എ.കെ. ആന്റണി സർക്കാറിന്റെ സമയത്ത് ഈ ചട്ടങ്ങളിൽ കാര്യമായ ഭേദഗതി വരുത്തി. ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിവാഹം കഴിക്കുമ്പോൾ ഉദ്യോഗസ്ഥനും ഭാര്യയും ഉദ്യോഗസ്ഥന്റെ പിതാവും ഭാര്യാ പിതാവും സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് എഴുതി ഒരുമിച്ച് ഒപ്പിട്ട സത്യവാങ്മൂലം നൽകണം. ഉദ്യോഗസ്ഥന്റെ വകുപ്പു മേധാവി ഇതുവാങ്ങി സൂക്ഷിക്കുകയും വേണം.ഇത് കാര്യാലയമേധാവികൾ സൂക്ഷിക്കണം. ആറുമാസത്തിലൊരിക്കൽ റിപ്പോർട്ട് അതത് ഡൗറി പ്രൊഹിബിഷൻ ഓഫീസർകൂടിയായ ജില്ലാ വനിതാ-ശിശുവികസന ഓഫീസർക്ക് നൽകണമെന്നാണ് വ്യവസ്ഥ. സ്ത്രീധന പരാതി വന്നാൽ, ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും.
സ്ത്രീധനനിരോധന നിയമം 1961-ൽ നിലവിൽവന്നതാണെങ്കിലും ഇപ്പോഴും തുടരുന്നു എന്നത് യാഥാർഥ്യമാണ്. സർക്കാരിന്റെ ഭാഗമായ ജീവനക്കാർക്കിടയിലും അത് നിലനിൽക്കുന്നു എന്നതിനാലാണ് 2021-ൽ ജീവനക്കാരെല്ലാം സത്യവാങ്മൂലം സമർപ്പിക്കണമെന്ന റൂൾ കൊണ്ടുവന്നത്.