പല മേഖലകളിലും സംരംഭങ്ങൾ നടത്തി മികവ് തെളിയിച്ച കുടുംബശ്രീ കൂട്ടായ്മയിൽ ഒരിടത്ത് മറ്റൊരു കാൽവെപ്പു കൂടി, കുടുംബശ്രീ ‘ഇഷ്ടം’ മാട്രിമോണി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കുടുംബശ്രീയുടെ ‘ഇഷ്ടം’ മാട്രിമോണിയാണ് വ്യത്യസ്തമാകുന്നത്. മിതമായ നിരക്കാണ് ഒരു വർഷത്തേക്ക് കുടുംബശ്രീ മാട്രിമോണി ഈടാക്കുന്നത്.
5 വർഷത്തിനുള്ളിൽ 80ഓളം പേരാണ് ജീവിതപങ്കാളിയെ ‘ഇഷ്ടം’ മാട്രിമോണിയിലൂടെ കണ്ടെത്തിയത്. പാലക്കാട് കണ്ണാടി പഞ്ചായത്തിനു കീഴിലെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പങ്കാളിയെ കണ്ടെത്താനായി ‘ഇഷ്ടം’ മാട്രിമോണി പ്രവർത്തിക്കുന്നത്. ജാതി മതഭേദമന്യേ ഏവർക്കും രജിസ്ട്രേഷൻ ഇഷ്ടം മാട്രിമോണി വഴി നടത്തുന്നുണ്ട്.
അംഗപരിമിതർക്കുള്ള പങ്കാളിയെയും ഇഷ്ടം മാട്രിമോണി വഴി കണ്ടെത്തി നൽകിയിട്ടുണ്ട്. കണ്ണാടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പാത്തിക്കലിലാണ് ഇഷ്ടം മാട്രിമോണി ബ്യൂറോ പ്രവർത്തിക്കുന്നത്.
സ്ത്രീയ്ക്കും പുരുഷനും മാത്രമല്ല ട്രാൻസ്ജെൻഡറുകൾക്കും ഇഷ്ടമുള്ള ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ജാലകം തുറന്നിടുകയാണ് ഇഷ്ടം മാട്രിമോണി. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ സ്ത്രീ, പുരുഷൻ, ട്രാൻസ് വുമൻ, ട്രാൻസ് മാൻ എന്നിങ്ങനെ ജെൻഡർ അടയാളപ്പെടുത്താൻ സാധിക്കും.
ഇഷ്ടം മാട്രിമോണിയുടെ വെബ്സൈറ്റ് വഴിയും വാട്ട്സാപ്പ് വഴിയും നേരിട്ടുള്ള രജിസ്ട്രേഷൻ വഴിയും പങ്കാളികളെ കണ്ടെത്താൻ സാധിക്കും.