ആദ്യമായാണ് ഭൂമിക്ക് പുറത്തുള്ള ഒരിടം ഡബ്ല്യു.എം.എഫിന്റെ ദുർബലമായ പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്.
ലോകത്തെ ദുർബലമായ പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനേയും ഉൾപ്പെടുത്തി വേൾഡ് മോന്യുമെന്റ്സ് ഫണ്ട് (ഡബ്ല്യു.എം.എഫ്). ഇതാദ്യമായാണ് ഭൂമിക്ക് പുറത്തുള്ള ഒരിടം ഡബ്ല്യു.എം.എഫിന്റെ ദുർബലമായ പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്. ഓരോ രണ്ടുവർഷത്തിലും അപകടാവസ്ഥയിലുള്ള ലോകത്തെ 25 പൈതൃക സ്ഥാനങ്ങളെ പട്ടികപ്പെടുത്തുന്ന പതിവ് വേൾഡ് മോന്യുമെന്റ്സ് ഫണ്ടിനുണ്ട്. ഇതിന്റെ ഭാഗമായുള്ള 2025-ലെ വേൾഡ് മോന്യുമെന്റ്സ് വാച്ച് പട്ടികയിലാണ് അമ്പിളിയമ്മാവനും ഇടംപിടിച്ചിരിക്കുന്നത്.
ബഹിരാകാശ പര്യവേഷണത്തിൽ പുതിയൊരു യുഗം പിറക്കുന്ന സാഹചര്യത്തിൽ നേരത്തേ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതുമായി ബന്ധപ്പെട്ടതിന്റെ ശേഷിപ്പുകൾ സംരക്ഷിക്കേണ്ടതുണ്ടെന്നാണ് ചന്ദ്രനെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് കാരണമായി ഡബ്ല്യു.എം.എഫ്. പറയുന്നത്. ഇതിനായി അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. 2025-ലെ വേൾഡ് മോന്യുമെന്റ്സ് വാച്ചിൽഉൾപ്പെടുത്തിയതിലൂടെ ചന്ദ്രന്റെ പൈതൃകത്തെ കുറിച്ച് അവബോധമുണ്ടാക്കാനും അതിന്റെ സംരക്ഷണവുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അവർ പറയുന്നു.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ പ്രശാന്തിയുടെ സമുദ്രം ഉൾപ്പെടെയുള്ള ഇടങ്ങൾ പട്ടികയിലുണ്ട്. അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ മനുഷ്യനായ നീൽ ആംസ്ട്രോങ്ങിന്റെ കാൽപ്പാട് അവിടെ ഇപ്പോഴുമുണ്ട്. കൂടാതെ അപ്പോളോ 11 ദൗത്യവുമായി ബന്ധപ്പെട്ട, ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ വസ്തുക്കളും അവിടെയുണ്ടെന്ന് ഡബ്ല്യു.എം.എഫ്. പറയുന്നു.
'ഇതാദ്യമായാണ് ചന്ദ്രൻ ഞങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്. ഭൂമിക്ക് പുറത്തുള്ള മനുഷ്യന്റെ ആദ്യ ചുവടുവെപ്പിന്റെ അടയാളങ്ങളായ പുരാവസ്തുക്കളുടെ പ്രാധാന്യം മനസിലാക്കി സംരക്ഷിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ചന്ദ്രനെ ഇതിൽ ഉൾപ്പെടുത്തിയത്. ഞങ്ങളുടെ ചരിത്രത്തിലെ നിർണായകമായ സമയമാണ് ഇത്.' -ഡബ്ല്യു.എം.എഫ്. പ്രസിന്റും സി.ഇ.ഒയുമായ ബെനെഡിക്ട് മോണ്ട്ലോർ പ്രസ്താവനയിൽ പറഞ്ഞു.
ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി ഇറങ്ങുന്നത് പകർത്തിയ ക്യാമറ പോലുള്ള വസ്തുക്കൾ, ചന്ദ്രനിലിറങ്ങിയതിന്റെ ഓർമ്മയ്ക്കായി നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും അവിടെ ഉപേക്ഷിച്ച ഡിസ്ക് എന്നിവ ഉൾപ്പെടെ നൂറുകണക്കിന് വസ്തുക്കൾ ആ പൈതൃകത്തിന്റെ പ്രതീകങ്ങളാണ്. ഇവയുടെ സംരക്ഷണത്തിനുവേണ്ടി മതിയായ പ്രവർത്തനങ്ങളില്ലാതെ ചാന്ദ്രപര്യവേഷണം ദ്രുതഗതിയിൽ പുരോഗമിക്കുന്നത് അപകടകരമാണ്. ഭൂമിയിലേതാണെങ്കിലും ഭൂമിക്ക് പുറത്താണെങ്കിലും പൈതൃകങ്ങളെ സംരക്ഷിക്കേണ്ടതിനായി എല്ലാവരും സഹകരിച്ചുള്ള സജീവമായ പദ്ധതികളുടെ ആവശ്യകതയെ അടിവരയിടുകയാണ് ചന്ദ്രനെ പട്ടികയിൽ ഉൾപ്പെടുത്തിയതിലൂടെ ഉദ്ദേശിക്കുന്നതെന്നും ബെനെഡിക്ട് മോണ്ട്ലോർ കൂട്ടിച്ചേർത്തു.
