ഗാസ വെടിനിർത്തൽ കരാർ പ്രകാരം 70 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. ഗാസ മുനമ്പിലെ റഫ അതിർത്തി കടന്നുപോകുന്ന ഈജിപ്ഷ്യൻ ഭാഗത്താണ് തടവുകാർ എത്തിയിരിക്കുന്നത്. നാല് വനിതാ ഇസ്രയേല്‍ സൈനികരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് 70 പേരെ വിട്ടയയ്ക്കുന്നത്. ഇസ്രയേൽ വിട്ടയയ്ക്കേണ്ടിയിരുന്ന 200 പലസ്തീൻ തടവുകാരിൽ പെട്ടവരാണ് 70 പേരും. ഇസ്രയേൽ തടങ്കലിൽ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പലസ്തീൻ തടവുകാരൻ മുഹമ്മദ് അൽ-ടൂസിനെയും ഇസ്രയേൽ മോചിപ്പിച്ചതായി ഈജിപ്തിലെ സർക്കാരിന്റെ ഔദ്യോഗിക ചാനലായ ഖഹേറ ടിവി റിപ്പോർട്ട് ചെയ്തു.
നേരത്തെ 477 ദിവസത്തോളം തടവിലായിരുന്ന നാല് വനിതാ ഇസ്രയേല്‍ സൈനികരെ ഇന്റര്‍നാഷണല്‍ റെഡ് ക്രോസിന് കൈമാറിയിരുന്നു. 2023 ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തിനിടെ ഗാസയ്ക്ക് സമീപമുള്ള ഒരു നിരീക്ഷണ പോസ്റ്റില്‍ നിന്നാണ് വിനത സൈനികരെ ഹമാസ് പിടികൂടിയത്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് കീഴിലുള്ള രണ്ടാമത്തെ കൈമാറ്റമായിരുന്നു ഇത്. കൈമാറ്റത്തിന് മുമ്പ് ഗാസ സിറ്റിയിലെ സ്ക്വയറില്‍ ഹമാസ് ഒരുക്കിയ വേദിയിലാണ് വനിത സൈനികര്‍ പ്രത്യക്ഷപ്പെട്ടത്. സൈനിക യൂണിഫോമിലായിരുന്നു നാലുപേരും
കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ് എന്നിവരെയാണ് വിട്ടയച്ചത്.അതേസമയം, ഹമാസ് പിടികൂടിയ വനിത സൈനികരിലൊരാള്‍ ഇസ്ലാമിക് ജിഹാദിന്റെ പിടിയിലാണെന്ന് പലസ്തീന് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.