തിരുവോണ ദിവസം ഇത്തവണ ഗൾഫിൽ പൊതു അവധിയായിരിക്കും. നബിദിനവും വാരാന്ത്യ അവധിയും ഒരുമിച്ചു വരുന്നതിനാലാണ് പ്രവാസികൾക്ക് ഓണം ആഘോഷിക്കാൻ അവധി ലഭിക്കുന്നത്.കുറച്ചുകാലമായി പ്രവാസികളുടെ തിരുവോണം പ്രവൃത്തിദിനം കൊണ്ടുപോവുകയായിരുന്നു. എന്നാൽ ഇത്തവണ ജോലിത്തിരക്കിന് ഓണദിനത്തെ വിട്ടുകൊടുക്കില്ല പ്രവാസികൾ.
യുഎഇ-യിൽ മൂന്നു ദിവസം വരെയാകും ഓണാവധി. തിരുവോണ ദിവസമായ സെപ്തംബർ അഞ്ച് വെള്ളിയാഴ്ചയാണ് റബീൽ അവ്വൽ 12. അതായത്, പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. നബിദിനത്തിന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നുള്ള ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ പൊതു അവധി ലഭിക്കും.
നാട്ടിലെത്തി ഓണം ആഘോഷിക്കാനും യുഎഇയിൽ ഓണം പൊടിപൊടിക്കാനും നീണ്ട അവധി ലഭിക്കുമെന്ന് സാരം. ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയാണ്. ഓണത്തിന് രണ്ടുദിവസത്തെ അവധി ഭിക്കുമെന്ന് ഇതോടെ ഉറപ്പായി.
നബിദിനത്തോട് അനുബന്ധിച്ച് വ്യാഴാഴ്ചയോ തിങ്കളാഴ്ചയോ കൂടി അവധി പ്രഖ്യാപിച്ചാൽ ഓണം പൊടിപൊടിക്കും. സിനിമാ രംഗത്ത് നിന്നുമുള്ള നിരവധി പേരാണ് വരും ദിവസങ്ങളിൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കാനായി ഗൾഫിൽ എത്തുന്നത്.
Onam2025, gulf