ബാണാസുരസാഗറിന്റെ വിദൂരക്കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന ഒരു ബസ് കാത്തിരിപ്പുകേന്ദ്രം (bus stop). സാമൂഹികമാധ്യമത്തിൽ ഇതിനകം വൈറലായ ഈ ബസ് കാത്തിരിപ്പുകേന്ദ്രംതേടിയും സഞ്ചാരികളെത്തുന്നു.
ഒരു മഴക്കാലം പച്ചപുതപ്പിച്ച ബാണാസുരസാഗർ അണക്കെട്ടിന്റെ (banasura sagar dam) വിശാലമായ കാഴ്ചകളുടെ തീരത്താണിത്. പടിഞ്ഞാറത്തറ മഞ്ഞൂറ പാതയരികിൽ തീർത്തും ലളിതമായി നിർമിച്ച കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നാൽ അണക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കാം.
വൈത്തിരി പടിഞ്ഞാറത്തറ റോഡ് അടുത്തിടെ നവീകരിച്ചതോടെയാണ് കെഎസ്ടിപി പതിമ്മൂന്നാം മൈലിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. ഉയർന്ന നിലവാരത്തിൽ നവീകരിച്ച റോഡും പ്രകാശവിതാനങ്ങളുമെല്ലാം ബാണാസുരസാഗറിലേക്കുള്ള വിനോദസഞ്ചാരികൾക്കും യാത്ര എളുപ്പമാക്കുന്നു. വൈത്തിരിയിലെ പൂക്കോട് തടാകം, തരിയോട് കർളാട് തടാകം എന്നിവയെല്ലാം ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്.
മഴക്കാലത്തും ആസ്വാദ്യകരമാണ് ബാണാസുരസാഗർ ഹൈഡൽ വിനോദകേന്ദ്രം. കർണാടക, തമിഴ്നാട് തുടങ്ങി അയൽസംസ്ഥാനങ്ങളിൽനിന്നും ഉത്തരേന്ത്യയിൽനിന്നുമായി ഒട്ടേറെ സഞ്ചാരികളാണ് ഇവിടെ മഴക്കാലം ആസ്വദിക്കാനെത്തുന്നത്. ഒട്ടനവധി റിസോർട്ടുകൾക്കും ഈ സീസൺ പ്രതീക്ഷയുടേതാണ്.