കേരളത്തിൻറെ ചരിത്രത്തിലാദ്യമായി ഭരണ തുടർച്ച കിട്ടിയ ഒരു മുന്നണിയുടെ അവസാന മന്ത്രിസഭ യോഗത്തിന്റെ തീരുമാനങ്ങൾ.
Image credit : Facebook
സംസ്ഥാനത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വലിയ തോതിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ രണ്ടാം പിണറായി ഗവൺമെന്റിന്റെ അവസാന മന്ത്രിസഭാ യോഗം (ldf government cabinet) തീരുമാനിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും പുതിയ നിയമനങ്ങൾ നടക്കും. പ്രധാനമായും 152 തസ്തികകളാണ് കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ പുതുതായി അനുവദിച്ചിരിക്കുന്നത്. മെഡിക്കൽ ഓഫീസർ, നേഴ്സിങ് ഓഫീസർ, ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2, ഫാർമസിസ്റ്റ് ഗ്രേഡ് 2 എന്നീ വിഭാഗങ്ങളിലായാണ് ഈ നിയമനങ്ങൾ നടപ്പിലാക്കുക. കൂടാതെ, കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഓരോ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ കൂടി സൃഷ്ടിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.(Second Pinarayi government last cabinet meeting)
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ തോതിലുള്ള തസ്തിക വർദ്ധനവിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആകെ 1857 അധ്യാപക തസ്തികകളാണ് പുതുതായി അനുവദിക്കുന്നത്. 2025 – 26 അധ്യയന വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശുപാർശകൾ പരിഗണിച്ചാണ് ഈ നടപടി. ഇതനുസരിച്ച് സർക്കാർ സ്കൂളുകളിൽ 655 തസ്തികകളും എയ്ഡഡ് സ്കൂളുകളിൽ 1202 തസ്തികകളും സൃഷ്ടിക്കും. 2025 ഒക്ടോബർ 1 മുതൽ ഈ പുതിയ നിയമനങ്ങൾക്ക് മുൻകാല പ്രാബല്യമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.
വയനാട് സെന്റ് റോസെല്ലോസ് സ്പീച്ച് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏഴ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചു. 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഉത്തരവ് പ്രകാരം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ എച്ച്.എസ്.എസ്.ടി (HSST) തസ്തികകളും, മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകളും അനുവദിച്ചിട്ടുണ്ട്. കൂടാതെ ഒരു ലാബ് അസിസ്റ്റന്റ് തസ്തികയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി.
തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതിയുടെ 2024-ലെ മാനദണ്ഡങ്ങൾക്കനുസൃതമായി എട്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ മെഡിക്കൽ കോളേജുകളിലെ അക്കാദമിക് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കൂടാതെ, അസാപ്പ് (ASAP) കേരളയുടെ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഉഷ ടൈറ്റസിന്റെ കാലാവധി നീട്ടി നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2026 ജനുവരി 31 മുതൽ ഒരു വർഷത്തേക്ക് കൂടി പുനർനിയമന അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ സേവന കാലാവധി വർദ്ധിപ്പിച്ചിരിക്കുന്നത്.
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അധ്യക്ഷനായ ജസ്റ്റിസ് (റിട്ട) പി.എസ്. ഗോപിനാഥന്റെ കാലാവധി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചു. കമ്മീഷന്റെ കാലാവധി എത്രത്തോളമുണ്ടോ അത്രയും കാലം അദ്ദേഹത്തിന് പദവിയിൽ തുടരാവുന്നതാണ്.
അതുപോലെ, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടറും ബോർഡ് അംഗവുമായ ജെ. സജീവിന്റെ സേവന കാലാവധിയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. 2026 മാർച്ച് 24 മുതൽ ഒരു വർഷത്തേക്കോ, അല്ലെങ്കിൽ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് വഴി പുതിയ നിയമനം നടക്കുന്നത് വരെയോ (ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്) അദ്ദേഹത്തിന് സ്ഥാനത്ത് തുടരാം.
