യുവ രാഷ്ട്രീയ നേതാവിന് എതിരെ ഗുരുതര ആരോപണവുമായി യുവനടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജ്. അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്തുവെന്നും സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമാണ് നടിയുടെ ആരോപണം. 'അയാളുടെ' പാർട്ടിയിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും നടി. ആ പ്രസ്ഥാനത്തിലെ മുതിർന്ന നേതാക്കളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കും 'ഇയാൾ' ശല്യമാണെന്നാണ് റിനിയുടെ വെളിപ്പെടുത്തൽ.
‘‘സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോൾ പല മാന്യദേഹങ്ങളുടെയും മനോഭാവം ‘ഹു കെയേഴ്സ്’ എന്നായിരുന്നു. ഇത്തരമൊരു അനുഭവം ഉണ്ടായതു തുറന്നു പറഞ്ഞതിനു ശേഷവും ആ വ്യക്തിക്ക് സ്ഥാനമാനങ്ങൾ ലഭിച്ചിട്ടുണ്ട്. നേതാവിന്റെ പേരു പറയാത്തത്, ആ പ്രസ്ഥാനത്തിലുള്ള പല നേതാക്കളുമായും സൗഹൃദമുണ്ട് എന്നതിനാലാണ്. അവരെ ആരെയും മോശക്കാരാക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഇനിയും ഉണ്ടാവുകയാണെങ്കിൽ അപ്പോൾ എന്തു ചെയ്യണമെന്ന് ആലോചിക്കും.’’ – റിനി ആൻ ജോർജ് പറഞ്ഞു.
സമൂഹമാധ്യമം വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടതെന്ന് നടി പറഞ്ഞു. എന്നാൽ കണ്ടിട്ടു പോലുമില്ലാത്ത തനിക്ക് അപ്പോൾ മുതൽ മോശപ്പെട്ട മെസേജുകൾ അയച്ചത് ഞെട്ടിക്കുന്ന കാര്യം തന്നെയായിരുന്നു എന്നും അത്തരമൊരു ആളിൽനിന്ന് ഇങ്ങനെയൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും റിനി പറഞ്ഞു. ‘‘ഇങ്ങനെയാകരുത്, വളർന്നു വരുന്ന ഒരു യുവനേതാവാണ്, സമൂഹത്തിന് മാതൃകയാകേണ്ട ആളാണ് എന്നു ഞാൻ തുടക്കത്തിൽ ഉപദേശിച്ചിരുന്നു. അപ്പോഴും അയാൾ പറഞ്ഞത് വലിയ സ്ത്രീ പീഡനക്കേസിലൊക്കെപെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്തു സംഭവിച്ചു എന്നാണ്’’– നടി വ്യക്തമാക്കി.
ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലൊക്കെ സ്ഥിരം കാണുന്ന ആളാണ് നേതാവെന്നും അയാളുടെ പ്രസ്ഥാനത്തിന് ധാർമികയുണ്ടെങ്കിൽ അയാളെപ്പോലുള്ള യുവനേതാക്കളെ നിയന്ത്രിക്കാൻ തയാറാകണമെന്നും അവര്‍ പറഞ്ഞു. ‘‘ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം, വരണം എന്ന് യുവനേതാവ് പറഞ്ഞത്. അന്ന് രൂക്ഷമായി പ്രതികരിച്ചു. പിന്നെ കുറച്ചു നാളത്തേയ്ക്കു കുഴപ്പമുണ്ടായില്ല. എന്നാൽ പിന്നെയും ആവർത്തിച്ചു. ഒട്ടേറെ പേർ പരാതിയുമായി വന്ന സാഹചര്യത്തിലാണ് ഇത്രയെങ്കിലുമൊക്കെ പറയുന്നത്.’’– റിനി ആൻ ജോര്‍ജ് പറഞ്ഞു.
"ഏതെങ്കിലും പാർട്ടിയേയോ പ്രസ്ഥാനത്തെയോ തേജോവധം ചെയ്യാനില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറയുമ്പോള്‍ പല മാന്യ ദേഹങ്ങളും 'ഹൂ കെയേഴ്സ്' എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അഭിമുഖത്തില്‍ അങ്ങനെ പറഞ്ഞത്. ആരോപണങ്ങള്‍ പല ഫോറങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് പോലും ആ വ്യക്തിക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചു," റിനി പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരോട് കാര്യം പറഞ്ഞിരുന്നു. തനിക്കെന്റെ സ്വന്തം പിതാവിനെ പോലെയാണ്. പരാതിയായി ഇക്കാര്യം ഉന്നയിച്ചപ്പോൾ പല വിഗ്രഹങ്ങളും ഉടഞ്ഞു. ഒരു രാഷ്ട്രീയ നേതാവിനോട് പരാതി പറഞ്ഞപ്പോൾ 'അത് അവന്റെ മിടുക്ക്' എന്ന് പറഞ്ഞു.
ആ വ്യക്തിക്ക് who cares എന്ന Attitude ആണ് ഉള്ളതെന്നും ആ വ്യക്തി ഒരു habitual offender ആണെന്ന് തിരിച്ചറിഞ്ഞുവെന്നും അതിനാലാണ് കാര്യങ്ങൾ തുറന്ന് പറയാൻ മുന്നോട്ട് വന്നതെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി. നേതാവിന്റെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളിൽ നിന്നും വലിയ പ്രശ്നങ്ങൾ നേരിട്ട പെൺകുട്ടികൾ പ്രതികരിക്കാൻ വേണ്ടിയാണ് ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. പല ഫോറങ്ങളിലും പരാതി പറഞ്ഞിട്ടുണ്ട്. അതിന് കിട്ടിയത് ഹൂ കെയേഴ്സ് ആറ്റിറ്റിയൂഡാണെന്നും റിനി പറഞ്ഞു.
പാർട്ടി നേതൃത്വത്തോട് ഈ യുവനേതാവിനെക്കുറിച്ച് പറഞ്ഞെന്നും പരിഹരിക്കും, വിഷമിക്കേണ്ട എന്നാണ് കിട്ടിയ മറുപടി എന്നും അവർ വ്യക്തമാക്കി. ‘‘എന്നാൽ അതിനു ശേഷമാണ് യുവനേതാവിനുസ്ഥാനമാനങ്ങൾ ലഭിച്ചത്. എനിക്ക് അശ്ലീല സന്ദേശങ്ങൾ വന്നു, ഞാനതിനെ കാര്യമാക്കിയില്ല. എന്നാൽ സമീപ കാലത്ത് ഈ വ്യക്തിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചില കാര്യങ്ങളൊക്കെ വന്നപ്പോൾ പല സ്ത്രീകളും ഈ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് മനസ്സിലായി. എന്നാൽ ഒരു സ്ത്രീ പോലും ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ തുറന്നു പറയുന്നത്.’’– അവർ വ്യക്തമാക്കി.
മൂന്നര വര്‍ഷം മുൻപാണ് യുവനേതാവിൽനിന്ന് ആദ്യമായി അശ്ലീല സന്ദേശങ്ങൾ ലഭിച്ചത് എന്നും അവർ വ്യക്തമാക്കി. ‘‘അയാളിൽ നിന്ന് പീഡനമൊന്നും അനുഭവിച്ചിട്ടില്ല. എനിക്ക് കുറച്ചു സന്ദേശങ്ങൾ വന്നു, അത്രയേ ഉള്ളൂ. എന്നാൽ അയാളു കാരണം പീഡനം അനുഭവിച്ച വ്യക്തികൾ ഉണ്ടെന്ന് സുഹൃത്തുക്കളിൽ നിന്നറിയാം. ഒരുപാടു പേർക്ക് ശല്യമായി മാറുന്ന ആ വ്യക്തിയെ പലവിധ സ്ഥാനമാനങ്ങളിൽ എത്തിക്കുന്നു. വലിയൊരു സംരക്ഷണ സംവിധാനം തന്നെ ഈ വ്യക്തിക്കുണ്ടായി. ഞാൻ ഇതിനെക്കുറിച്ചു പറയും, പരാതിപ്പെടും എന്നു പറഞ്ഞപ്പോൾ ‘പോയി പറയ്, പോയി പറയ്’ എന്നാണ് മറുപടി പറഞ്ഞത്. ധാർമികത വേണമെന്ന് പറഞ്ഞപ്പോൾ രാഷ്ട്രീയത്തിലൊന്നും ധാർമികത കൊണ്ടു പോകാൻ പറ്റില്ല എന്നാണ് രാഷ്ട്രീയത്തിലുള്ള ഒരാൾ പറഞ്ഞത്’’– റിനി പറഞ്ഞു.
യുവനേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ പാർട്ടിക്കുള്ളിൽനിന്നു തന്നെ ഉണ്ടായിട്ടുണ്ടെന്നും അവർ ആരോപിച്ചു. ‘‘ഈ വ്യക്തിക്കെതിരെ പല പരാതികൾ വരുന്നുണ്ട്. ആ പാർട്ടിയിലെ നേതാക്കന്മാരുടെ ഭാര്യമാർക്കും പെൺമക്കൾക്കും വരെ ഇയാളിൽനിന്നു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. എന്നിട്ടും ഭാര്യമാരെയും പെൺമക്കളെയും സംരക്ഷിക്കാൻ കഴിയാത്ത ഇവരൊക്കെ ഏതു സ്ത്രീകളെയാണ് സംരക്ഷിക്കുന്നത്. അയാൾക്കെതിരെ നടപടി എടുക്കേണ്ടത് അയാളുടെ സംഘടന തന്നെയാണ്.’’– റിനി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റിയാണോ ചോദ്യം എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, നോ കമന്റ്സ് എന്നായിരുന്നു മറുപടി.
ഒരു വ്യക്തിക്ക് നന്നാകാനുള്ള അവസരം കൊടുക്കണമെന്നാണ് കരുതുന്നതെന്നും എന്നാൽ ഇതേ മനോഭാവം തുടരുകയാണെങ്കിൽ തുടർ നടപടികൾ അപ്പോൾ ആലോചിക്കുമെന്നും അവർ വ്യക്തമാക്കി. യുവനേതാവിന്റെ പേര് വെളിപ്പെടുത്താത്തതു സംബന്ധിച്ച് പേരു പറഞ്ഞു മുന്നോട്ടു പോയാലും തന്റെ പേര് അപകടത്തിലാക്കാം എന്നല്ലാതെ ഒന്നും സംഭവിക്കില്ലെന്ന് റിനി പറഞ്ഞു.
ആദ്യം കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.വെളിപ്പെടുത്തലിന് പിന്നാലെ നടിയുടെ അഭിമുഖം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം ഗിന്നസ് പക്രു നായകനായി എത്തിയ 916 കുഞ്ഞൂട്ടന് എന്ന ചിത്രത്തിലാണ് റിനി ആന്‍ ജോര്‍ജ് അഭിനയിച്ചത്. ആര്യന് വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്. മെയ് 23ന് തിയേറ്ററിലെത്തിയ ചിത്രം നിലവില്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്. മാധ്യമ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ച റിനി ആന്‍ ജോര്‍ജിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് 916 കുഞ്ഞൂട്ടന്.