മനുഷ്യർ സാധാരണയായി വളർത്തുന്ന കോഴികൾക്ക് മൂന്ന് മുതൽ പത്ത് വർഷം വരെയാണ് ശരാശരി ആയുസ്സ്. പക്ഷേ യുഎസിലെ ടെക്സാസിലുള്ള പേൾ എന്ന കോഴിക്ക് 14 വയസ് കഴിഞ്ഞിരിക്കുകയാണ്. അതായത് കോഴി മുത്തശ്ശി. ഈ വർഷം മെയ് മാസത്തിൽ 14 വയസ്സും 69 ദിവസവും പ്രായമായ പേൾ, ഏറ്റവും പ്രായം കൂടിയ കോഴിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി.
കാലിന് പറ്റിയ ഒരു ഒടിവ്, റാക്കൂണിന്റെ ആക്രമണം, റാക്കൂൺ ആക്രമണം, ആർത്രൈറ്റിസ്, ചിക്കൻപോക്സ് എന്നിങ്ങനെ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് പേൾ 14ാം വയസിലെത്തിയത്.ടെക്സസിൽ വീട്ടിലെ ഇൻകുബേറ്ററിലാണ് 2011 മാർച്ച് 13 ന് പേൾ വിരിഞ്ഞതെന്ന് ഉടമയായ സോണിയ ഹൾ പറയുന്നു. പേൾ ആയിരുന്നു കൂട്ടത്തിലെ ഏറ്റവും ചെറിയ കോഴിയെന്നും അവർ കൂട്ടിച്ചേർത്തു.കുഞ്ഞിക്കോഴി ആയതിനാൽ തന്നെ മറ്റ് കോഴികൾ എപ്പോഴും അവൾക്ക് പിന്നാലെ ഉണ്ടായിരുന്നു.
പേളിന് പ്രായമായി തുടങ്ങിയതോടെ, കുടുംബം അവളെ കോഴിക്കൂട്ടിൽ നിന്ന് പുറത്തിറക്കാൻ തീരുമാനിച്ചു. ജീവിതകാലം മുഴുവൻ വീടിനുള്ളിൽ തന്നെ ജീവിക്കാനും അവർ അനുവദിച്ചു. "അവളുടെ നീണ്ട ജീവിതത്തിനിടയിൽ അവൾ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്, എന്നാൽ പേളിന് അതിലൊന്നും ഒട്ടും വിഷമമുണ്ടെന്ന് തോന്നുന്നില്ല."ഉടമ പറയുന്നു.
ഗിന്നസ് റെക്കോർഡ് ഉണ്ടെങ്കിലും, സോണിയ ഹളിൻ്റെ അലക്കുമുറിയിലാണ് പേൾ മിക്ക ദിവസവും താമസിക്കുന്നത്. എല്ലാ ദിവസവും തൂവലുകൾ വിരിത്ത് വെയിൽ കായാനിറങ്ങുന്ന പേളിന്, അധിക നേരം പുറത്തുനിൽക്കാൻ കഴിയാറില്ല. ഒരു മോപ്പിന് പിന്നിൽ മറഞ്ഞാണ് പേൾ ഇരിക്കാറ്. അത് അവളുടെ ഉറ്റ സുഹൃത്താണെന്നും ഉടമ പറയുന്നു.
വീട്ടിൽ രണ്ട് പൂച്ചകൾ കൂടിയുണ്ട്. ഒന്ന് പ്രായമേറിയ പൂച്ചയാണെങ്കിൽ മറ്റൊന്ന് പൂച്ചക്കുട്ടിയാണ്. അവയോടും അവൾ നന്നായി ഇണങ്ങുന്നുണ്ട് എന്നാണ് സോണിയ പറയുന്നത്. മറ്റ് ജീവികളെയൊന്നും അവൾ മൈൻഡ് ചെയ്യാറില്ലെങ്കിലും പൂച്ചക്കുട്ടികൾ ഇടയ്ക്കൊക്കെ അവൾക്കൊപ്പം വന്നിരിക്കാറുണ്ട്.