കെരളത്തിൽ മത്സരിക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ യുവനേതാവ് സി എ അരുൺ കുമാർ, തൃശ്ശൂർ വി എസ് സുനിൽ കുമാർ, വയനാട് ആനി രാജ എന്നിവർ മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗമാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്. നേരത്തെ ബന്ധപ്പെട്ട ജില്ലാ കൗൺസിലുകൾ സ്ഥാനാർത്ഥികളെ സംബന്ധിച്ച നിർദ്ദേശം സംസ്ഥാന കൗൺസിലിന് കൈമാറിയിരുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ അനുമതിയോടെയായിരുന്നു സംസ്ഥാന കൗൺസിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയത്.
തിരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചാലും എൽഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് ഒരേ മനസോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണ്. രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലം. ബിജെപിയും കോൺഗ്രസും എല്‍ഡിഎഫിനെതിരെ കൈകോർക്കുന്നു. ഇത്തവണയും ഈ രീതി ഉണ്ടാകാം. മതേതര ബോധത്തിന്റെയും മാനുഷിക ഐക്യത്തിന്റെയും സന്ദേശമാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ഇന്ത്യയിൽ എവിടെയും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിലും മത്സരിക്കാം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രാഹുൽഗാന്ധിയോട് വിദ്വേഷമില്ല. വ്യക്തിപരമായി അദ്ദേഹത്തോട് സ്നേഹമാണ്. രാഹുലിനെ വയനാട്ടിലേക്ക് സ്ഥാനാർഥിയായി അയക്കുന്നുണ്ടെങ്കിൽ കോൺഗ്രസ് ചില ചോദ്യങ്ങൾക്ക് ഉത്തരം പറയണം. നിർണായകമായ തിരഞ്ഞെടുപ്പിൽ നിരവധി എംപിമാരുള്ള വടക്കേ ഇന്ത്യയിൽനിന്നാണോ 20 എംപിമാർ മാത്രമുള്ള കേരളത്തിൽനിന്നാണോ രാഹുൽ മത്സരിക്കേണ്ടതെന്ന് പാർട്ടി ആലോചിക്കണം. ബിജെപി ഇത് വിഷയമാക്കി മാറ്റുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പന്ന്യൻ രവീന്ദ്രൻ
ആരുടെയും മനസ്സിൽ പെട്ടെന്ന് നിറഞ്ഞ നിൽക്കുന്ന രൂപം,കാരണം നീട്ടി വളർത്തിയ ആ മുടി തന്നെ.സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യൻ രവീന്ദ്രൻ നിലവിൽ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. കണ്ണൂർ ജില്ലയിലെ കക്കാട്ട് പന്ന്യൻ വീട്ടിൽ രാമന്റെയും യശോദയുടെയും മകനായി 1945-ൽ ജനിച്ചു. കക്കാട് കോർജാൻ യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലാളിയായി. പതിനഞ്ചാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965-ൽ സി.പി.ഐ-യുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചു. 1979 മുതൽ 1982 വരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായി. 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി. 1982 മുതൽ 1986 വരെ സി.പി.ഐ. കണ്ണൂർ ജില്ല സെക്രട്ടറി.
പാർലമെന്ററി രംഗത്തേക്കുള്ള പന്ന്യന്റെ അരങ്ങേറ്റം 1989-ലെ ആദ്യ ജില്ല കൗൺസിൽ തിരഞ്ഞെടുപ്പിലായിരുന്നു. തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.കെ. വാസുദേവൻനായരുടെ നിര്യാണത്തെത്തുടർന്ന് 2005 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും വി.ഡി. സതീശനോട് പരാജയപ്പെട്ടു.
1986 മുതൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ദേശീയ കൗൺസിലിലും പ്രവർത്തിക്കുന്ന ഇദ്ദേഹം 2005 ൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമായി. പി.കെ. വാസുദേവൻനായരും വെളിയം ഭാർഗവനും സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 2012 ഏപ്രിൽ ഒമ്പതിന് സംസ്ഥാന സെക്രട്ടറിയായി. 2015 മാർച്ചിൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു.
ഫുട്ബോൾ കളിക്കാരൻ, കമന്റേറ്റർ,എഴുത്തുകാരൻ. കൃതികൾ: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലൂടെ, ചരിത്രമെഴുതി ചരിത്രമായവര്‍, ഭരത് മുരളി –അഭിനയവും ജീവിതവും. അച്ഛൻ: സി.പി. രാമൻ, അമ്മ: പന്ന്യൻ യശോദ. ഭാര്യ: രത്നവല്ലി. മക്കൾ: രാകേഷ്, രൂപേഷ്, രതീഷ്
ആനി രാജ
സി.പി. ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ ഫെഡറേഷന് (എൻ.എഫ്.ഐ.ഡബ്ല്യു) ജനറല്‍ സെക്രട്ടറിയുമാണ് ആനി രാജ. മണിപ്പൂരിലടക്കം വസ്തുതാന്വേഷണത്തില്‍ അംഗമായി. ദേശീയ തലത്തിൽ വിവിധ വിഷയങ്ങളിൽ വലിയ ഇടപെടലുകൾ നടത്തി. ദേശീയ തലത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.
കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളാണ് ആനി. സ്കൂൾ പഠന കാലത്ത് തന്നെ ആനി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സി.പി.ഐ.യുടെ വിദ്യാർഥിവിഭാഗമായ എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. സി. പി. ഐയുടെ മഹിള വിഭാഗത്തിന്റെ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സി. പി. ഐയുടെ മഹിള വിഭാഗമായ നാഷ്ണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഡി. രാജയാണ് ഭർത്താവ്. ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ ദേശീയ കമ്മറ്റി അംഗവും ജെ. എൻ. യു വിദ്യാർത്ഥിനിയുമായിരുന്ന അപരാജിത രാജ മകളാണ്.
അഡ്വ. വി.എസ്. സുനിൽകുമാർ
ആദ്യമായി ഇലക്ട്രിക് ലാത്തി കൊണ്ട് അടിയേറ്റ മനുഷ്യൻ.അന്തിക്കാട്ടെ ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ സുനിൽകുമാർ ,ഹൈസ്കൂൾ ജീവിതകാലത്ത് ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് ഫെഡറേഷനിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത് . തൃശൂർ കേരള വർമ്മ കോളജിലെ പൂർവ വിദ്യാർഥിയും തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളജിൽ നിന്ന് എൽ.എൽ.ബിയും പൂർത്തിയാക്കി . എ.ഐ.എസ്.എഫ് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വ്യത്യസ്ത പദവികൾ വഹിച്ച അദ്ദേഹം 1998 ൽ ദേശീയ സെക്രട്ടറിയായിരുന്നു. 2011-ൽ കൈപ്പമംഗലം മണ്ഡലത്തിൽ നിന്നും 2016-ൽ തൃശൂർ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1998ൽ എഐഎസ്എഫ് ദേശീയ സെക്രട്ടറിയായി. വിദ്യാർഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. പൊലീസിന്റെ ക്രൂരമർദനവും ജയിൽ ശിക്ഷയും അനുഭവിച്ചു. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ ക്രൂരമായ നരനായാട്ടിൽ തലതകർന്ന് മാസങ്ങളോളം ചികിത്സക്കു വിധേയനായി. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളേജ് സമരം എന്നിവയുടെ മുന്നണി പോരാളിയായിരുന്നു. 1967 മെയ് 30ന് അന്തിക്കാട് വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റെയും സി.കെ പാർവതിയുടെയും മകനായി ജനിച്ച വി.എസ്. സുനിൽ കുമാർ നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. 2006ൽ ചേർപ്പ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഒന്നാം പിണറായി സർക്കാരിൽ കൃഷിമന്ത്രിയായിരുന്നു. അഡ്വ. രേഖ സുനിൽ കുമാറാണ് ഭാര്യ. മകൻ: നിരഞ്ജൻ കൃഷ്ണ.
സി.എ.അരുൺകുമാർ
കായംകുളം കൃഷ്ണപുരം ചൂളപ്പറമ്പിൽ വീട്ടിൽ 1983 ഡിസംബർ 30ന് ജനനം. കൃഷ്ണപുരം ഗവ. യുപി സ്കൂളിലും വിശ്വഭാരതി മോഡൽ ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. കായംകുളം എംഎസ്എം കോളജിൽ പ്രീഡിഗ്രിയും ഡിഗ്രിയും. കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ചു. കേരള സർവകലാശാല അക്കൗണ്ട്സ് കമ്മിറ്റി അംഗം. കർണാടക സിദ്ധാർഥ ലോ കോളജിൽ എൽഎൽബി പഠനം. കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ എംഎസ്ഡബ്ള്യു പഠനം. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ സജീവമായി പ്രവർത്തനം. നിലവിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടിവ് അംഗം, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി, അഖിലേന്ത്യാ ദലിത് റൈറ്റ് മൂവ്മെന്റിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം.



