![]() |
| Courtesy |
2024-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് യുഎസ് സാമ്പത്തിക വിദഗ്ധർ. ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്സണ്, ജയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്കാണ് പുരസ്കാരം. 'സ്ഥാപനങ്ങള്‍ എങ്ങനെ രൂപപ്പെടുകയും അഭിവൃദ്ധിക്കു കാരണമാകുകയും ചെയ്യുന്നു' എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് മൂവര്‍ക്കും പുരസ്കാരം.
ഒരു രാജ്യത്തിൻ്റെ അഭിവൃദ്ധിക്കായി സാമൂഹിക സ്ഥാപനങ്ങളുടെ പ്രാധാന്യം മൂവരുടെയും പഠനം തെളിയിക്കുന്നു. മോശം നിയമവാഴ്ചയുള്ള സമൂഹങ്ങളും ജനസംഖ്യയെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളും വളർച്ചയോ മെച്ചപ്പെട്ട മാറ്റമോ സൃഷ്ടിക്കുന്നില്ല. അത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ മൂവരുടെയും ഗവേഷണം നമ്മെ സഹായിക്കുന്നു.ദ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ഓരോ വർഷവും സാമ്പത്തിക നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ, പരിഗണിക്കുന്ന പ്രധാന വിഷയം സാമ്പത്തിക അസമത്വമാണെന്നു കഴിഞ്ഞ പുരസ്കാര പ്രഖ്യാപനങ്ങളിൽനിന്നു മനസ്സിലാക്കാം.
ഇക്കുറി ടർക്കിഷ്-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡാരൻ അസമോഗ്ലു, അമേരിക്കയിലെ മാസച്യൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ബ്രിട്ടിഷ് വംശജൻ പ്രഫ. സൈമൺ ജോൺസൺ, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രഫ. ജെയിംസ് എ. റോബിൻസൺ എന്നിവർ സാമ്പത്തിക നൊബേൽ നേടിയപ്പോഴും വിഷയത്തിൽ കാതലായ വ്യത്യാസമില്ല. ഓരോ രാജ്യവും സാമ്പത്തികമായി എങ്ങനെ വേറിട്ടുനിൽക്കുന്നുവെന്നതിന്റെ കാരണങ്ങളാണ് ഇവർ പഠനത്തിലൂടെ ലോകത്തിനു മനസ്സിലാക്കി കൊടുത്തതെന്ന് നൊബേൽ സമിതി പറയുന്നു.
എന്തുകൊണ്ടു ചില രാജ്യങ്ങൾ അതിസമ്പന്നമായും ചിലത് അതിദരിദ്രമായും തുടരുന്നുവെന്നതിന്റെ കാരണമാണ് യൂറോപ്യൻ കോളനിവാഴ്ചക്കാരുടെ ഭരണകാല നയങ്ങളെ അടിസ്ഥാനമാക്കി മൂവരും വിശദീകരിച്ചത്. ലോകത്തെ ഏറ്റവും സമ്പന്നമായ 20% രാജ്യങ്ങളുടെ ആസ്തി ഏറ്റവും ദരിദ്രമായ 20% രാജ്യങ്ങളുടേതിനേക്കാൾ 30 മടങ്ങ് അധികമാണെന്ന് ഇവരുടെ പഠനം പറയുന്നു. ഓരോ രാജ്യത്തും രാഷ്ട്രീയ സംവിധാനങ്ങൾ രൂപപ്പെട്ടത് എങ്ങനെയെന്നും അവ സാമ്പത്തിക അഭിവൃദ്ധിയെ എങ്ങനെ സ്വാധീനിച്ചുവെന്നും പഠനത്തിലുണ്ട്. മൂന്ന് കാര്യങ്ങളാണ് ഇവർ പ്രധാനമായും വ്യക്തമാക്കിയത്. ഒന്ന്, സമൂഹത്തിൽ അധികാരം ജനങ്ങളിലേക്കു പങ്കുവയ്ക്കപ്പെട്ടു. ഇതിലൂടെ മികച്ച തീരുമാനങ്ങളുണ്ടായി. മറ്റൊന്ന്, അധികാരത്തിലുള്ളവരെ ഭീഷണിയിലൂടെ ഉൾപ്പെടെ തിരുത്താൻ ജനങ്ങൾക്കു കഴിഞ്ഞു. മൂന്നാമത്തേത്, വിശ്വാസത്തിന്റെ പ്രശ്നമാണ്. ജനങ്ങൾക്കു പാഴ് വാഗ്ദാനം മാത്രം നൽകുകയാണ് അധികാര കേന്ദ്രങ്ങളിലുള്ളവർ. ബ്രിട്ടന്റെയും സ്വീഡന്റെയും ഭരണരംഗത്തും സാമ്പത്തികരംഗത്തുമുണ്ടായ മാറ്റങ്ങൾ പഠനത്തിൽ മൂവരും ഉദാഹരണമായി എടുത്തുകാട്ടിയിട്ടുമുണ്ട്. കോളനിവൽകരണ കാലത്ത് ബ്രിട്ടിഷ് ഭരണകൂടം ഇന്ത്യക്കാർക്കു നൽകിയ ചില അധികാരങ്ങളും ബ്രിട്ടിഷുകാർ നിർമിച്ച റോഡ്, റെയിൽ പദ്ധതികളും സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പുരോഗതിയെ എത്രമാത്രം സ്വാധീനിച്ചുവെന്നും ഇവരുടെ പഠനത്തിൽ പ്രതിപാദിക്കുന്നുണ്ട്.
