![]() |
| Courtesy |
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടുള്ള നാസയുടെ ക്ലിപ്പർ പേടകം വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 9.37-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ (KSC) നിന്ന് സ്പെയ്സ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം.
2030-ൽ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പേടകം എത്തുമെന്നാണ് കരുതുന്നത്. 2.9 ബില്യൺ കിലോമീറ്റർ സഞ്ചരിച്ചശേഷമാകും ഭ്രമണപഥത്തിലെത്തുക. യാത്രാവേഗം കൈവരിക്കുന്നതിനായി ചൊവ്വയ്ക്ക് അരികിലൂടെയും പേടകം കടന്നുപോവും. 500 കോടി ഡോളർ ചെലവ് വരുന്ന ദൗത്യമാണിത്. മുൻപ് ഒക്ടോബർ പത്തിന് നാസയും സ്പേസ്എക്സും വിക്ഷേപണം നിശ്ചയിച്ചെങ്കിലും മിൽട്ടൺ കൊടുങ്കാറ്റ് ഭീഷണിയെത്തുടർന്ന് തീയതി നീട്ടുകയായിരുന്നു.
ഭൂമിക്ക് പുറത്തുള്ള ജീവൻ തേടിയാണ് വ്യാഴത്തിന്റെ നാലാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയിലേക്ക് പേടകത്തിന്റെ യാത്ര. ഓക്സിജൻ കൂടുതലുള്ള യൂറോപ്പയുടെ തണുത്തുറഞ്ഞ ഐസ് പാളികൾക്കടിയിൽ ജലം ഉണ്ടാവാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഇക്കാരണത്താൽ തന്നെ ഭൂമിയെ കൂടാതെ ജീവൻ നിലനിൽക്കാനിടയുള്ള ഇടമായാണ് യൂറോപ്പയെ കണക്കാക്കുന്നത്
