കേരളത്തിലെ 12 മണ്ഡലങ്ങളിലെ ഉള്‍പ്പെടെ 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 195 അംഗ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖര്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറില്‍ നിന്നും ജനവിധി തേടും.
കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. രാജീവ് ചന്ദ്രശേഖര്‍(തിരുവനന്തപുരം), വി മുരളീധരന്(ആറ്റിങ്ങല്‍), അനില്‍ ആന്റണി(പത്തനംതിട്ട), ശോഭാ സുരേന്ദ്രന്( ആലപ്പുഴ), സുരേഷ് ഗോപി(തൃശൂര്‍), സി കൃഷ്ണകുമാര്‍(പാലക്കാട്), പ്രഫുല്‍കൃഷ്ണ(വടകര), ഡോ. അബ്ദുള്‍ സലാം(മലപ്പുറം), അഡ്വ. നിവേദിത സുബ്രഹ്മണ്യന്(പൊന്നാനി), എംടി രമേശ്(കോഴിക്കോട്), സി രഘുനാഥ്(കണ്ണൂര്‍), എം എല്‍ അശ്വിനി(കാസര്‍ഗോഡ്) എന്നിവരാണ് കേരളത്തില്‍ നിന്ന് ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചവര്‍.
കേരളത്തില്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കുമാണ് ആദ്യ പട്ടികയില്‍ പ്രാമുഖ്യം. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, മുന്‍ പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്, മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ് തുടങ്ങിയവര്‍ ആദ്യ പട്ടികയില്‍ ഇല്ല. അടുത്തിടെ ബിജെപിയിലേക്ക് ചേക്കേറിയ പിസി ജോര്‍ജിനെയും ഒഴിവാക്കി. ജോര്‍ജിനെ രണ്ടാം ഘട്ട പട്ടികയില്‍ കോട്ടയം മണ്ഡലത്തില്‍ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം സംസ്ഥാന നേതൃത്വത്തിന് അനഭിമതരായിരുന്ന ശോഭാ സുരേന്ദ്രന്, എംടി രമേശ് എന്നിവര്‍ ഇടംപിടിച്ചത് ശ്രദ്ധേയമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശോഭ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് മത്സരിച്ചത്. ഇക്കുറി ശോഭയെ പരിഗണിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
34 കേന്ദ്രമന്ത്രിമാരും രണ്ടു മുന്‍ മുഖ്യമന്ത്രിമാരും രണ്ടു മുന്‍ കേന്ദ്രമന്ത്രിമാരും പട്ടികയിലുണ്ട്. 28 വനിതകളാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്. വ്യാഴാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കിയിരുന്നു. വ്യാഴാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഗണനയ്ക്കു കൂടി പട്ടിക അയയ്ക്കുകയായിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയും ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയ ശേഷം ചില മാറ്റങ്ങള്‍ വരുത്തിയാണ് ശനിയാഴ്ച സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്.
കേരളത്തിൽ 16 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. ബിഡിജെഎസ് നാല് സീറ്റിലും. ബിജെപി മത്സരിക്കുന്ന നാല് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. എറണാകുളം, കൊല്ലം, കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി, ആലത്തൂർ, വയനാട് സീറ്റുകളിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്. കോട്ടയം, മാവേലിക്കര, ഇടുക്കി, ചാലക്കുടി സീറ്റുകൾ ബിഡിജെഎസിന് നൽകിയേക്കും.
അപ്പന്റെ പിന്തുണയില്ലാത്ത മകന്: ഐസക്കിനെ ഓടിക്കാൻ വന്നു സീറ്റ് കിട്ടാതായ പി സി
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ പത്തനംതിട്ട ലോക്സഭാ സീറ്റില്‍നിന്നു തന്നെ ഒഴിവാക്കിയതില്‍ പരസ്യ അതൃപ്തി പ്രകടിപ്പിച്ചു പിസി ജോര്‍ജ്. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ജോര്‍ജിനു പകരം അനില്‍ ആന്റണിയെയാണ് കേന്ദ്ര നേതൃത്വം പരിഗണിച്ചത്. ഇതിനു പിന്നാലെയാണ് അനിലിനെ പരോക്ഷമായി പരിഹസിച്ചും പട്ടികയില്‍ നീരസം പ്രകടിപ്പിച്ചും പിസി ജോര്‍ജ് രംഗത്തു വന്നത്.
അനില്‍ ആന്റണിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്നും സ്ഥാനാര്‍ഥി ആരാണെന്ന് ജനങ്ങളെ പരിചയപ്പെടുത്തേണ്ട ഗതികേടിലാണ് പത്തനംതിട്ടയിലെ ബിജെപി നേതാക്കളെന്നും പിസി ജോര്‍ജ് പിസി ജോര്‍ജ് പരിഹസിച്ചു. ''അനില്‍ ആന്റണിക്ക് കേരളവുമായി എന്തു ബന്ധമാണുള്ളത്. എകെ ആന്റണിയുടെ മകന് എന്നു പറയാം. എന്നാല്‍ ആന്റണി കോണ്‍ഗ്രസുകാരനാണ്. അപ്പന്റെ പിന്തുണയില്ലാതെ മകനെ പറഞ്ഞു പരിചയപ്പെടുത്തേണ്ട ഗതികേടിലാണ് പത്തനംതിട്ടയിലെ ബിജെപി പ്രവര്‍ത്തകര്‍''- ജോര്‍ജ് പറഞ്ഞു
താൻ സ്ഥാനാർഥിയായിരുന്നെങ്കിൽ ഓടുന്നതിൽ കൂടുതൽ അനിൽ ആന്റണി ഓടേണ്ടി വരുമെന്നും പി.സി. ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ താൻ സ്ഥാനാർഥിയാകരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പി.സി. ജോർജ് പറഞ്ഞു.
‘‘അനിൽ ആന്റണിയേപ്പോലെ ഒരു ചെറുപ്പക്കാരനാണ് പത്തനംതിട്ടയിൽ ബിജെപിക്കായി നിൽക്കുന്നത്. ചെറുപ്പമാണെന്നതിനു പുറമേ അടുത്തിടെ കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേർന്നയാളാണ് അദ്ദേഹം. എ.കെ.ആന്റണിയുടെ മകനാണ്. ഇപ്പോൾ ഇത് ഇവിടെ പറഞ്ഞത് എ.കെ. ആന്റണിക്ക് ഇഷ്ടമാകുമോ എന്നറിയില്ല. എന്നോട് ക്ഷമിക്കണം. കോൺഗ്രസിൽ മീഡിയ ചാർജുണ്ടായിരുന്നു. അദ്ദേഹം സ്ഥിരമായി ഡൽഹിയിൽത്തന്നെയായിരുന്നു. പത്തനംതിട്ടയിൽ അനിൽ ആന്റണിയെ അത്രയ്ക്ക് അറിയില്ല. ഒന്ന് പരിചയപ്പെടുത്തിയെടുക്കണമെന്ന പ്രശ്നമുണ്ട്. കുറച്ച് ഓട്ടം കൂടുതൽ വേണ്ടിവരും. സ്ഥാനാർഥിയെന്ന നിലയിൽ ഞാൻ ഓടുന്നതിൽ കൂടുതൽ ഓടിയാലേ അനിൽ ആന്റണിയെ പരിചയപ്പെടുത്തിയെടുക്കാൻ പറ്റൂ. അങ്ങനെയൊരു പ്രശ്നമുണ്ട്. എന്നാലും നമുക്കൊരു ശ്രമം നടത്താവുന്നതേയുള്ളൂ.’ – പി.സി. ജോർജ് പറഞ്ഞു.
പി.സി. ജോർജ് മത്സരിക്കാത്തതുകൊണ്ട് പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ‘എനിക്ക് അറിയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് അനുകൂലമായ ഒരു തരംഗം ഉണ്ടെന്നു തോന്നുന്നില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
‘‘15 വർഷം എംപിയായിരുന്ന ആളാണ് ആന്റോ ആന്റണി. അദ്ദേഹത്തേപ്പറ്റി നല്ല അഭിപ്രായമല്ല ഉള്ളത്. എന്തായാലും ഞാൻ ആരേയും വ്യക്തിപരമായി ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്റെ അഭിപ്രായവും പറയുന്നില്ല. പത്തനംതിട്ടയിൽ എൻഡിഎ മുന്നണിക്കു മുന്നിലുള്ള ശ്രമകരമായ ജോലി മാത്രമല്ല, വലിയ ബുദ്ധിമുട്ടേറിയ കടമ്പ കൂടിയാണ്. ആദ്യം ജനങ്ങൾക്ക് ഈ സ്ഥാനാർഥിയെ പരിചയപ്പെടുത്തി കൊടുക്കണം. ആളെ അത്ര അറിയില്ലല്ലോ. പിന്നെ എ.കെ. ആന്റണിയുടെ മകൻ എന്നു പറയാം. പക്ഷേ, എ.കെ. ആന്റണി കോൺഗ്രസല്ലേ. മകന് അപ്പന്റെ പിന്തുണയില്ല എന്നതാണ് പ്രശ്നം. എ.കെ.ആന്റണി പരസ്യമായി ഇറങ്ങി പിന്തുണ കൊടുത്തിരുന്നെങ്കിൽ നമുക്ക് കുറച്ചുകൂടി എളുപ്പമുണ്ടായിരുന്നു.
‘‘എനിക്ക് കിട്ടാവുന്നതിന്റെ പരമാവധി അംഗീകാരവും ആദരവും ബിജെപി ഈ നിമിഷം വരെ തന്നിട്ടുണ്ട്. വരാൻ പോകുന്ന കാലഘട്ടത്തിലും ബിജെപി യാതൊരു കുഴപ്പവും കൂടാതെ വളരെ മാന്യമായി എന്നോടു പെരുമാറുമെന്ന് എനിക്ക് നൂറു ശതമാനം ബോധ്യമുണ്ട്. എത്രയോ ആളുകൾ ബിജെപിയിൽ വന്നു. അവർക്കാർക്കും കിട്ടാത്ത അംഗീകാരവും ആദരവും എനിക്ക് ബിജെപി നേതൃത്വവും പ്രവർത്തകരും തരുന്നുണ്ട്. എനിക്ക് അവരോട് 100 ശതമാനം നന്ദിയുണ്ട്.
‘‘ഞാൻ പത്തനംതിട്ടയിൽ സ്ഥാനാർഥിയാകരുതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിണറായി വിജയനാണ്. പിന്നെ വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിന്റെ മകൻ തുഷാർ എന്നിവരൊക്കെ ഞാൻ അവിടെ സ്ഥാനാർഥിയാകരുതെന്ന് ആഗ്രഹിച്ചിരുന്നു. അത് എനിക്കറിയാം. അവർ പരസ്യമായി പറഞ്ഞതുകൊണ്ടാണ് ഞാൻ ഇതു പറയുന്നത്. അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെന്നേ. എനിക്കു വേണ്ടെന്ന് ഞാൻ നാലഞ്ചു ദിവസം മുൻപേ പറഞ്ഞിരുന്നു. ഇത്രേം പേരുടെ എതിർപ്പ് സമ്പാദിച്ചിട്ട് എനിക്ക് എന്തു കിട്ടാനാ? എനിക്ക് അതിന്റെ ആവശ്യമില്ല. വളരെ സ്നേഹത്തോടെയാണ് ഞാൻ എനിക്കു വേണ്ടെന്നു പറഞ്ഞത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഇന്നു വൈകിട്ടല്ലേ. ഞാൻ നാലഞ്ചു ദിവസം മുൻപേ വേണ്ടെന്നു പറഞ്ഞതാണ്. ഫോൺ വിളിച്ചു പോലും എന്നെ സ്ഥാനാർഥിയാക്കാമോയെന്ന് ആരോടും ചോദിച്ചിട്ടില്ല.
‘‘പത്തനംതിട്ടയിൽ ഞാൻ സ്ഥാനാർഥിയാകണമെന്ന് ഇവിടുത്തെ എൻഡിഎയുടെ, എസ്എൻഡിപിയുടെ ഉൾപ്പെടെ നേതാക്കൻമാർ ആഗ്രഹിച്ചിരുന്നു. ആഗ്രഹിക്കുക മാത്രമല്ല, അവർ ബിജെപി നേതൃത്വത്തെ അക്കാര്യം അറിയിക്കുകയും ചെയ്തു. ബിജെപിയുടെ സ്ഥാനാർഥിയായി ആരു വേണമെന്ന് ചോദിച്ചപ്പോൾ ഒന്നാമത് പി.സി. ജോർജ്, രണ്ടാമത് പി.സി. ജോർജ്, മൂന്നാമതും പി.സി. ജോർജ് എന്ന് പ്രമുഖയായ ഒരു നേതാവ് പറഞ്ഞു. അവരെല്ലാം കൊടുത്ത പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് പി.സി. ജോർജ് സ്ഥാനാർഥിയാകുമെന്ന് രാജ്യം മുഴുവൻ പ്രചരിച്ചത്. അവരെല്ലാം അങ്ങനെ പറഞ്ഞപ്പോൾ ‘ആയാൽ എന്താ’ എന്ന് എനിക്കും ഒരു തോന്നലുണ്ടായി. ഞാൻ അത് ഒളിച്ചുവയ്ക്കുന്നില്ല. അതിന്റേതായ ചില നീക്കങ്ങളും നടത്തി. അവിടുത്തെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുമായും എൻഎസ്എസുമായും ഞാൻ ബന്ധപ്പെടാൻ ഇടയായി.’’ – പി.സി. ജോർജ് പറഞ്ഞു.