പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേള നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമമായാണ് മഹാ കുംഭമേളയെ വിശേഷിപ്പിക്കുന്നത്. ലോകത്ത് പല ഭാഗങ്ങളില്‍ നിന്നായി 40 കോടിയിലധികം പേരാണ് മഹാകുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഗംഗ, യമുന, സരസ്വതി(സങ്കല്പം) നദികളുടെ പ്രയാഗ് രാജിലെ ത്രിവേണി സംഗമസ്ഥലത്താണ് മേള നടക്കുന്നത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് ത്രിവേണി സംഗമത്തില്‍ മുങ്ങി പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും മോക്ഷം നേടാനുമുള്ള അവസരമായാണ് മഹാകുംഭമേളയെ കണക്കാക്കുന്നത്.
4000 ഹെക്ടറിലായാണ് കുംഭമേള നടക്കുന്നത്. ഫെബ്രുവരി 26 വരെ നടക്കുന്ന കുംഭമേളയ്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. 7000 കോടി രൂപയാണ് 45 ദിവസം നീണ്ടു നില്ക്കുന്ന ആത്മീയ സംഗമത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതിലൂടെ ലക്ഷം കോടി രൂപയുടെ വരുമാനവും സംസ്ഥാനത്തിന് ഉണ്ടാകും.
ഈ വര്‍ഷത്തെ കുംഭമേള ഉത്തര്‍പ്രദേശിന് രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40 കോടി സന്ദര്‍ശകരില്‍ ഓരോരുത്തരും ശരാശരി 5,000 രൂപ ചെലവഴിച്ചാല്‍ രണ്ട് ലക്ഷം കോടി രൂപ നേടാന്‍ കഴിയുമെന്നാണ് കണക്കുകള്‍. കുംഭമേളയില്‍ പങ്കെടുക്കുന്ന ഒരു വ്യക്തിയുടെ ശരാശരി ചെലവ് 10,000 രൂപ വരെ ആകാം, അങ്ങനെയാണെങ്കില്‍ വരുമാനം 4 ലക്ഷം കോടി വരെ എത്തും. ഇത് ജിഡിപിയില്‍ ഒരു ശതമാനത്തിലധികം വര്‍ധനവ് വരുത്തുമെന്നും പ്രതീക്ഷിക്കുന്നു.
150,000 ടെൻ്റുകളിൽ സന്ദർശകരെ പാർപ്പിക്കാൻ നദികളുടെ തീരത്തുള്ള 4,000 ഹെക്ടർ തുറസ്സായ സ്ഥലം താൽക്കാലിക നഗരമാക്കി മാറ്റി, കൂടാതെ 3,000 അടുക്കളകളും 145,000 വിശ്രമമുറികളും 99 പാർക്കിങ് സ്ഥലങ്ങളും സജ്ജീകരിച്ചിരിക്കുന്നു. 450,000 പുതിയ വൈദ്യുതി കണക്ഷനുകൾ സ്ഥാപിച്ചു.