സിംബാബ്വെയിലെ മഴക്കാടുകളിൽ കാണാതായ എട്ടു വയസുകാരനെ അഞ്ചുദിവസങ്ങൾക്കുശേഷം കണ്ടെത്തി. വടക്കൻ സിംബാബ്വേയിലെ ഒരു റിസർവ് വനത്തിലാണ് സംഭവം. വന്യജീവികൾ തിങ്ങിനിറഞ്ഞ വനത്തിൽ പഴങ്ങൾ ഭക്ഷിച്ചും നദീതീരങ്ങളിൽ നിന്ന് വെള്ളം ശേഖരിച്ചുമാണ് കുട്ടി അത്ഭുതകരമായി അതിജീവിച്ചത്.
ദി മെട്രോയുടെ റിപ്പോർട്ട് പ്രകാരം ടിനോടെൻഡ പുഡു എന്ന എട്ടുവയസുകാരനെ ഡിസംബർ 27 നാണ് കാണാതാകുന്നത്. വഴിതെറ്റിയലഞ്ഞാണ് വനത്തിലെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ചുദിവസത്തിന് ശേഷം അമ്പത് കിലോമീറ്റർ ദൂരെയുള്ള മതുസദോന നാഷണൽ പാർക്കിലാണ് കുട്ടിയെ കണ്ടെത്തുന്നത്.
കുട്ടിയെ കണ്ടെത്തുമ്പോൾ ശാരീരികമായി തളർന്ന നിലയിലായിരുന്നുവെന്ന് രാജ്യത്തെ എം.പിയായ മുത്സ മുറോംബെഡ്സി പറഞ്ഞു. കാട്ടിലെ പഴ വർഗങ്ങൾ ഭക്ഷിച്ചാണ് കുട്ടി അതിജീവിച്ചത്. ഭയാനകമായ സാഹചര്യത്തിലൂടെയാണ് കുട്ടി കടന്നുപോയത്. ആനയും സിംഹവുമടക്കം വന്യജീവികളുള്ള കാട്ടിൽ പാറയിൽ കിടന്നുറങ്ങേണ്ടി വരികയെന്നത് ഒരു എട്ടുവയസുകാരനെ സംബന്ധിച്ച് ചിന്തിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലിൽ പങ്കാളികളായവർക്കെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. ആഫ്രിക്കൻ പാർക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം 40-ഓളം സിംഹങ്ങളാണ് മതുസദോന പാർക്കിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ സിംഹങ്ങളുണ്ടായിരുന്ന ഇടമാണത്.