‘കമ്യൂണിക്കേഷൻ ബ്ലാക്ക്ഔട്ടി’ന് പുലർച്ചെ 3.21ഓടെ അവസാനിച്ചു
ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ബഹിരാകാശ വാസത്തിന് പോയി അവിടെ മാസങ്ങളോളം കുടുങ്ങിയ യാത്രികർ തിരികെ ഭൂമിയിലെത്തി.സംഘത്തെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ക്രൂ 9 പേടകം സുരക്ഷിതമായി ഫ്ലോറിഡ തീരത്തിന് സമീപം മെക്സിക്കോ ഉള്ക്കടലില് സുരക്ഷിത ലാൻഡിംഗ് നടത്തി.ഇന്ത്യൻ സമയം പുലർച്ചെ 3.27നാണ് ഡ്രാഗൻ പേടകം ഭൂമിയിൽ ടച്ച് ഡൗൺ നടത്തിയത്.
ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്. കടൽപരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതിൽ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. ഇവരെ ഫ്ലോറിഡയിലെ ജോൺസൺ സ്പേസ് സെന്ററിലെത്തിക്കും. ദിവസങ്ങൾ നീളുന്ന ആരോഗ്യ പരിശോധനകൾക്കു ശേഷം ഡോക്ടർമാർ അനുമതി നൽകിയ ശേഷമേ വീടുകളിലേക്കു മടങ്ങൂ.
ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപ്, ഏകദേശം 150 കി.മീ. ഉയരത്തിൽ വച്ച് പേടകത്തിൽനിന്ന് സോളർ പാനൽ അടക്കമുള്ള ട്രങ്ക് ഭാഗം വിട്ടുമാറി. ട്രങ്ക് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമർന്നു. പേടകം അതിവേഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് 15 മിനിറ്റ് ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് വേഗം കുറച്ചു. പിന്നെ പതിയെ, നിയന്ത്രിതമായ നിലയിൽ അന്തരീക്ഷത്തിലേക്ക് കടന്നു. ഇന്ത്യൻ സമയം പുലർച്ചെ രാവിലെ 2.54ഓടെ ഡീഓർബിറ്റ് ബേൺ വിജയകരമായി പൂർത്തിയാക്കി. 2.57ഓടെ നോസ് കോൺ അടയ്ക്കൽ പൂർത്തിയായി. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഘർഷണം കാരണം പേടകത്തിനു മേലുണ്ടാവുക 3500 ഡിഗ്രി ഫാരൻഹീറ്റ് ചൂട്. ഇതിനെ പ്രതിരോധിക്കാനുള്ള ഹീറ്റ് ഷീൽഡും തയാറാക്കി.
പുലർച്ചെ 3.11ന് ഫ്രീഡം ഡ്രാഗൺ ക്യാപ്സൂളിൽനിന്ന് ഭൂമിയിലേക്ക് സന്ദേശമെത്തി. ഭൂമിയിലേക്ക് പ്രവേശിക്കുന്നതിനിടെ ഘർഷണം കാരണം കൊടുംചൂടിലേക്ക് കടക്കുന്ന പേടകത്തിന് അൽപസമയത്തേക്ക് ആശയവിനിമയം നഷ്ടമായി. ഈ ‘കമ്യൂണിക്കേഷൻ ബ്ലാക്ക്ഔട്ടി’ന് പുലർച്ചെ 3.21ഓടെ അവസാനിച്ചു. പേടകത്തിനു ചുറ്റും പ്ലാസ്മ രൂപപ്പെടുന്നതിനാലാണ് കമ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ട് സംഭവിക്കുന്നത്. അതിവേഗത്തിലായിരിക്കും ഈ സമയം പേടകം സഞ്ചരിക്കുക. ഒപ്പം അതീവതാപവും പേടകത്തിന്മേൽ അനുഭവപ്പെടും. ഈ സാഹചര്യത്തിൽ പേടകത്തിനു ചുറ്റുമുള്ള വായു തന്മാത്രകൾ അയണൈസ് ചെയ്യപ്പെട്ട് തിളക്കമുള്ള പ്ലാസ്മ ‘കവചം’ രൂപപ്പെടുന്നതാണ് കമ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ടിന് കാരണം.
പേടകത്തിന്റെ വേഗം പതിയെ കുറഞ്ഞു. പിന്നാലെ മെയിൻ പാരച്യൂട്ടുകളും തുറന്നു. പേടകത്തിന്റെ വേഗം പിന്നെയും കുറഞ്ഞു. പേടകവുമായി ഫ്ലോറിഡ തീരത്തെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് നാല് പാരച്യൂട്ടുകളും സാവധാനം പറന്നിറങ്ങി . പൂർണമായും ഓട്ടമാറ്റിക്കായായിരുന്നു പ്രവർത്തനം.മെക്സിക്കോ ഉൾക്കടലിലാണ് (ട്രംപ് പേരുമാറ്റിയതു പ്രകാരം അമേരിക്കൻ ഉൾക്കടൽ) ഡ്രാഗൺ ക്യാപ്സൂൾ വീണത്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു ഭാഗമാണ് മെക്സിക്കൻ ഉൾക്കടൽ.
#NASA